2010, നവംബർ 28, ഞായറാഴ്‌ച

ചായ മക്കാനി

കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും  ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത്  അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ്‌‍ മേശയും മാറ്റുന്നതിലൊ ബീരാനിക്ക ശ്രദ്ധിക്കാറില്ല.
  തന്‍റെ കൊച്ചുഗ്രാമത്തിലെ ശക്തമായ രണ്ട് പാര്‍ട്ടിയിലെ പ്രതിനിധികളുടെ‍ ചര്‍ച്ചയും വഴക്കും ഇവിടെ വെച്ചുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അക്ഷരങ്ങളുമായി നേരിട്ട് കൂട്ടിമുട്ടലുകള്‍ നടത്താറില്ല. എങ്കിലും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല ജ്ഞാനമാണ്.
അതിരാവിലെ കുപ്പായം പോലുമില്ലാതെ കൂനിപ്പിടിച്ച്‌ വരുന്ന തിയ്യന്‍ വേലായുധന്‍ മാതൃഭൂമി ഉറക്കെ വായിച്ചാലെ അന്നേക്ക് വേണ്ട ഉത്സാഹം കിട്ടൂ. അയാളുടെ ഛായയുള്ള പഴംപൊരിയും കടുപ്പത്തിലൊരു കട്ടന്‍ കാപ്പിയും അകത്ത് ചെന്നാല്‍ പിന്നെ പത്രത്തിലേക്ക് മുഖം പൂഴ്ത്തും.
ഇന്നും ഇരുപക്ഷത്തെ അണികകളും ഹാജരായിട്ടുണ്ട്. ഇക്കായുടെ സഹധര്‍മ്മിണി തിത്തുമ്മു പുട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. തൂക്കില്‍ കിടന്ന് പിടയുന്ന ചെറിയ ഉള്ളിയുടേയും ഉലുവയടേയും ഗന്ധം അടിച്ചു കയറിയ ഭരണപക്ഷത്തിന്‍റെ നാസാരന്ദ്രങ്ങള്‍ പൂര്‍വ്വാധികം വിടരുന്നത് കണ്ട് പുട്ടിന് ഓര്‍ഡര്‍ നല്‍കി ഓരോരുത്തരും സ്ഥലം പിടിച്ചു. പൊടിയില്‍ തരി കൂടിയതോ എന്തോ തിത്തുമ്മുവിന്‍റെ പുട്ടിന്. പതിവിലേറെ ഗൌരവം.
ചര്‍ച്ചക്ക് ചുടേറിയപ്പോള്‍ ഭരണ പക്ഷക്കാരന്‍ ആരോടൊക്കെയോ കണക്ക് തീര്‍ക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ മുഷ്ടിചുരുട്ടി പുട്ടിനൊരു കുത്തുകൊടുത്തു. ആവേശം ഒട്ടും ചോരാതെ പുട്ടു പോയത്‌ പ്രതിപക്ഷത്തിന്‍റെ ഒരു കടുകു മണിയുടെ പ്ലേറ്റിലേക്ക്. മനപ്പൂര്‍വ്വമെന്നു പറഞ്ഞ്‌ നിയമസഭയെ ഓര്‍മ്മിപ്പിക്കുമാറ് പ്രതിപക്ഷം എഴുന്നേറ്റു മുണ്ടുപൊക്കുകവരെ ചെയ്തു. സഭ്യവും അസഭ്യവും മഴയായ് പെയ്തു. പൊട്ടലും ചിറ്റലുമായി പരസ്പരം നേതാക്കളെ തെറിപറഞ്ഞപ്പോള്‍ കയ്യാങ്കളിയിലെത്തി.
ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക് മനസ്സിലായത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ സ്വന്തം പള്ളക്ക് കേറുന്ന തരത്തിലാണല്ലോ ഇതല്ലാം പൂഴ്ത്തി വെച്ചിരിക്കുന്നത്.
തറയില്‍ ഇരുമുന്നണികകളില്‍ നിന്നും ഓരേ വര്‍ണത്തിലുള്ള ചോര പരന്നു. മരണപ്പിടച്ചിലിനും വ്യത്യസ്ഥതയുണ്ടായിരുന്നില്ല. പക്ഷഭേദമൊന്നും നോക്കാതെ കെട്ടിപ്പിടിച്ച് പിടഞ്ഞ് മരിച്ചു.
നാട്ടില്‍ നിന്നും ജയിച്ച മന്ത്രിയും പ്രതിപക്ഷനോതാവും തങ്ങളുടെ അണികള്‍ കടിച്ചു കീറുന്നതറിഞ്ഞില്ല. കാരണം ടൂറിസത്തിന്‍റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ വിദേശപര്യാടനത്തിനായി അടുത്തടുത്ത സീറ്റുകളില്‍ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പൃഷ്ഠഭാഗം സീറ്റിലമര്‍ത്തി ഇരുന്നു.കസേര ഏതായാലും വിട്ടു കൊടുക്കാന്‍ പ്രയാസം..

2010, നവംബർ 20, ശനിയാഴ്‌ച

രാജ്യദ്രോഹി

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉമ്മറവാതിലിൽ  ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവൾ ഉണർന്നത്. തന്റെ പാതിയുടെ വിരിമാറിലൊതുങ്ങിക്കിടക്കുന്ന അവൾ ആ സ്നേഹവലയത്തിൽ നിന്നും വഴുതി മാറാൻ മടിച്ച് മയക്കം വിട്ടു മാറാതെ ഒരു നിമിഷം കിടന്നു. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ സ്വപ്ന നിദ്രയിലായിരുന്ന ഭർത്താവിനെ വിളിച്ചു. പാതിയുറക്കത്തിന്റെ മുഷിവിൽ  പിറുപിറുക്കലോടെ പോയി കതകു തുറന്ന അയാൾ ഞെട്ടി. ഉമ്മറപ്പടിയിലെ കാഴ്ച കണ്ട അവളുടെ ഉറക്കച്ചടവിന്റെ ആലസ്യം എങ്ങോ പോയ്മറഞ്ഞു. ബൂട്ടിട്ട കാലുകൾ അകത്തേക്ക് ഇരച്ചു കയറി. അലങ്കോലമായ വീട്ടു സാമാനങ്ങൾക്കിടയിൽ നിന്നും അവർക്കു വേണ്ടതെല്ലാം ലഭിച്ചു.
 
          
 ശബ്ദ  കോലാഹലങ്ങൾ  കേട്ട് ഉണർന്ന മകൻ കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോൾ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ. കഥ അറിയാതെ ആട്ടം കാണേണ്ടിവന്ന ഭാര്യയുടേ കാതിലേക്ക് ഈയം ഉരുക്കിഒഴിക്കുന്ന നീറ്റലോടെ  നിയമപാലകർ കനത്ത ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ. പതിനായിരക്കണക്കിനു ആളുകളുടെ ജീവനെടുത്ത തീവ്രവാദിയാ ഇവൻ. മാതാവിന്റെ സ്ഥാനത്ത് കാണേണ്ട നാടിനെ ഒറ്റി കൊടൂത്ത രാജ്യദ്രോഹി..
                       ചെറുപ്പത്തിലേ വൈധവ്യം പേറേണ്ടി വന്ന മാതാവ് ജീവിത സായാഹ്നത്തിലെങ്കിലും മകൻ തുണയാകുമെന്ന ആശയ്‌ക്ക് വിലങ്ങായി വന്ന കാരണം കേട്ട് മരക്കഷ്ണത്തിനു തുല്യമായി മരവിച്ചു പോയ്. ഇരുമെയ്യും ഒരു മനസ്സുമായി ജീവിതം പങ്കുവെച്ച ഭർത്താവിന്റെ പ്രവർത്തന രഹസ്യം ദു:സ്വപ്നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാതെ ഭാര്യ. തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു.

2010, നവംബർ 13, ശനിയാഴ്‌ച

പുലരി


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......

                            
                             

2010, നവംബർ 5, വെള്ളിയാഴ്‌ച

അറ്റാക്ക്


കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാൻ പരിശ്രമിച്ചത് .അരമതിലിൽ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിൻ കൂടിന് മധ്യഭാഗത്ത്  വല്ലാത്തൊരു വേദന. അവൾ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങൾ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്റെ സ്വകാര്യതകൾ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ വേവലാതി പൂണ്ടു.
 
വേദന നീങ്ങുന്നില്ല. അത് മധ്യഭാഗത്തങ്ങനെ സിംഹാസനത്തിൽക്കയറി അള്ളിപ്പിടിച്ചിരിക്കയാണ്. കുഞ്ഞിനെ എടുക്കാനോ ചപ്പാത്തിക്കു കുഴയ്ക്കാനോ വരെ പറ്റതെ വന്നു. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പലത്. കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയപ്പോൾ കണ്ടു കൊതി തീരാത്ത ഭാവം. ഭർത്താവിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോഴും പറഞ്ഞറിയിക്കാനാ‍കാത്ത വിങ്ങൽ ഉള്ളിൽ കനച്ചു കിടന്നു. ഭർത്താവും കുട്ടികളും ഒന്നിച്ചുള്ള കുടുംബജീവിതം സ്വപ്നം കണ്ടത് വെള്ളത്തിൽ വരച്ച വരകൾക്ക് തുല്യമോ.
 
ഉള്ളറകളിലെ തേങ്ങലുകൾ അച്ചടി മഷി പുരണ്ടാൽ പ്രകാശനവേളയിൽ പ്രസംഗിക്കാനുള്ള വാചകങ്ങൾ വരെ അവൾ തയാറാക്കി വച്ചിരിക്കുന്നു. ആരെയെല്ലാം ക്ഷണിക്കണമെന്നും എവിടെവച്ചു് എങ്ങിനെ നടത്തണമെന്നുപോലും അവൾ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട് .ആദ്യ കഥാസമാഹാരാം സ്വന്തം സ്മരണക്ക് മുമ്പിലാകുമോ.
 
അവൾ നന്നായി വിയർത്തിരുന്നു. മനസ്സിലെ ആശങ്കകൾ എഴുതി വച്ചാലോ.. അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ വിഡ്ഢിത്തങ്ങൾ വായിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം. എങ്കിലും എഴുതിക്കളയാം.
ഒരു പക്ഷേ നാളെത്തന്നെ വെള്ള പുതപ്പിച്ചു കിടത്തുകയാണെങ്കിൽ അടക്കം പറയുന്നവർക്ക് അവൾ മരണം മുൻ കൂട്ടി കണ്ടിരുന്നു എന്ന വിഷയം കൂടി ഓരോരുത്തരുടെ സർഗ്ഗവാസനയ്ക്കനുസരിച്ച് മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാമല്ലോ.
 
എന്തൊക്കെയായാലും രാത്രി പത്തുമണി കഴിഞ്ഞു. വേദനയ്ക്ക് മാറ്റമൊന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ പ്രയാസം. ഉറക്കത്തിന്റെ സാമ്രാജ്യത്തിൽ സ്വപ്നങ്ങളെ കൂട്ടിന് വിളിച്ച് പറന്നുല്ലസിക്കാൻ തുടങ്ങിയ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞാലോ. ഏതായാലും പറഞ്ഞേക്കാം. ഇത് തന്റെ അവസാനത്തെ രാത്രിയാണെങ്കിലോ?. അങ്ങിനെ ചിന്തിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ ചിന്തകൾ മനസ്സിന്‍റെ കോണിലെവിടെയോ ഒരു മിന്നൽ പടര്‍ത്തുന്നു.
ഭർത്താവിനെ പതുക്കെ തൊട്ടു വിളിച്ചു. ഉണരാൻ അല്പം മടിയുള്ള കൂട്ടത്തിലാണല്ലോ കക്ഷി.. കൂറ്റനാടിനെപ്പോലെ മുരടനക്കി നെറ്റിചുളിച്ചു. പാതി തുറന്ന കണ്ണുകളോടെ ചോദിച്ചു "എന്താ?"
           
"എനിക്കൊരു നെഞ്ചുവേദന" നേരിയ സങ്കട ചുവയിൽ അവൾ പറഞ്ഞു.
"നെഞ്ചിന്റെ ഏത് ഭാഗത്താ?" ഉറക്കച്ചടവ് മാറാ‍തെ അയാൾ വീണ്ടും ചോദിച്ചു.
"മധ്യഭാഗത്ത്" അവൾ പറഞ്ഞു.
 
"മറ്റെവിടേക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?"ഡോക്ടറൂടെ കൺസൽട്ടിങ് പോലെ തോന്നിയില്ലങ്കിലും അയാളുടെ കണ്ണുകളിലെ ഉറക്കമവളെ വേദനിപ്പിച്ചു.
"ഇല്ല. അവിടെത്തന്നെ. നല്ല വേദനയുണ്ട്" അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇത്ര പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും ചെറിയൊരു വേവലാതി പോലും അയളുടെ നോക്കിലോ വാക്കിലോ വരാതിരുന്നത് അവളെ വേദനിപ്പിച്ചു.
"അതു വല്ല ഗ്യാസുമായിരിക്കും. വെളുക്കുന്നതു മുതൽ ഇരുട്ടുവോളം വലിച്ചു വാരി കഴിക്കും. എന്നിട്ട് രാത്രിയായാൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ …"അയാൾ ഉറക്കത്തിന്റെ രസച്ചരട് പൊട്ടിച്ചതിന് അവളോട് കയർത്തു.
അവൾ പ്രതീക്ഷിച്ച പ്രതികരണമായിരുന്നെങ്കിലും ആ നിമിഷത്തിൽ മനോവിഷമം അനുഭവപ്പെട്ടു. അവസാന നിമിഷത്തിൽ ഭർത്താവിന്റെ കൈകൊണ്ട് തുള്ളി വെള്ളം കിട്ടുമെന്നൊന്നും അവൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം കുടുംബത്തിന് താങ്ങാനാവില്ല എന്നതും താനില്ലാതെ ഒരു കാര്യവും നടക്കില്ല എന്നതും വെറും വിഡ്ഡിത്തങ്ങളായ വിശ്വസങ്ങളാണെന്ന് അവൾക്ക് മനസ്സിലായി. ഈ പ്രപഞ്ചത്തിലെ വെറുമൊരു അണു മാത്രമാണ് താനെന്ന സത്യം അവൾ ഒരിക്കൽകൂടി അടിവരയിട്ടു. ഒരു തലോടലൊ ആശ്വാസവാക്കൊ മതിയായിരുന്നു ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും നൽകിയ ഭർത്താവിൽ നിന്നുള്ള പെരുമാറ്റത്തിൽ. അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കാൻ പണ്ടേ അദ്ദേഹത്തിന് അറിയില്ലല്ലോ.
 
വിവാഹത്തിന്റെ ആദ്യനാളുകളിൽ പോലും മാധുര്യമേറിയ വാക്കുകള്‍ കേൾക്കാൻ അവൾ കാതുകൾ കൂർപ്പിച്ചിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വാരിപ്പുണരുന്നതും ചുംബനം സമ്മാനിക്കുന്നതും അവൾ വെറുതേ സങ്കല്പിച്ചുകൊണ്ടിരുന്നു. നാളിതുവരെ അത് വെറും സങ്കല്പങ്ങൾ മാത്രമായി തുടർന്നു കൊണ്ടേയിരിക്കുന്നു. സങ്കല്പങ്ങളും സ്വപ്നം കാണലുമെല്ലാം എഴുത്തുകാരുടെ ഒരോ ഭ്രാന്തൻ ചിന്തകളായാണല്ലോ അദ്ദേഹം കണ്ടത്. എഴുത്തുകാർ വികാരജീവികളായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. ആ ആക്ഷേപത്തിലും ഈ സങ്കല്പ പരവതാനിയിൽ സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കാൻ പറ്റുന്ന ചിന്തകളിൽ അവൾ എന്നും സന്തുഷ്ടയായിരുന്നു.
പക്ഷേ, ഈയിടെയായി അയാളെയും ചുറ്റിപ്പറ്റിയുള്ള സങ്കല്പങ്ങൾ മെനഞ്ഞെടുക്കാൻ അവൾ ശ്രമിക്കാറില്ല. കാരണം സങ്കല്പസാമ്രാജ്യത്തിലെ കൊട്ടാര വാതിലിൽ നിന്നും പടി ഇറങ്ങിപ്പോരുമ്പോൾ നിർവ്വികാരനായ ഭർത്താവിന്റെ മുഖം അവളിൽ അസ്വസ്ഥത പരത്തി. അതിൽ പിന്നെ വികാരവിചാരങ്ങളേതുമില്ലാതെ അയാൾ തെളിയ്ക്കുന്ന വഴിയേ വെറുതേ അങ്ങനെ ജീവിച്ചു തീർക്കലായിരുന്നു അവളുടെ ജീവിതം. എങ്കിലും അദ്ദേഹത്തേയും കുഞ്ഞിനേയും വിട്ട് മരണത്തിന്റെ ഗർത്തത്തിലേക്ക് പതിക്കുക എന്നത് അവൾക്ക് ഊഹിക്കാൻ പോലും സാധിച്ചില്ല. പ്രകടിപ്പിക്കുന്ന സ്നേഹത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല. അവൾ പ്രണയാർദ്രമായ വാക്കുകൾ പറയുമ്പോൾ പ്രായം കൊണ്ട് അയാൾ മറകെട്ടി. അതിൽ അവൾക്കു് നിരാശ അനുഭവപ്പെട്ടു. പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം. അവരുടെ പ്രവ്യത്തികളിലും പ്രണയത്തിന്റെ മയിൽപ്പീലി വിടർത്തിയതേയില്ല.
കൂടെ പഠിച്ചവരും കുടെ ജോലി ചെയ്തവരുമായ സ്തീകളോട് സംസാരിക്കുമ്പോൾ അയാളുടെ വാക്കുകളിൽ പ്രണയം ചുവയ്ക്കുന്നതും ആ കണ്ണുകൾ വിടരുന്നതും അവൾ ശ്രദ്ധിച്ചു. തന്നോട് കാണിക്കാത്ത പുഞ്ചിരി അവർക്കായി സമ്മാനിക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞു  
ഭാവിയിൽ ഒരു കൊച്ചു വീട് സ്വന്തമായി വേണമെന്നുള്ള തന്റെ ആവശ്യം പോലും ആയാൾ ഗൌനിക്കാറില്ല. തങ്ങളുടെ കൊട്ടാരത്തിന്റെ രുപഭംഗിയെക്കുറിച്ചും അതിന്റെ സൌകര്യങ്ങളെക്കുറിച്ചും ഒരേ ഇരിപ്പിടത്തിലിരുന്ന് പങ്ക് വെക്കാമെന്നവൾ പലപ്പോഴും പറഞ്ഞു. അപ്പോഴൊക്കെ വെറുമൊരു മൂളലിലൊ അല്ലെങ്കില്‍ അതെല്ലാം സമയകുമ്പോൾ ചിന്തിച്ചാൽ മതിയല്ലൊ എന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.          
 
രാതി പതിനൊന്നു മണി കഴിഞ്ഞിട്ടും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി ശ്രുതി ചേരാതെ സംഗീതമഴപെയ്തു കൊണ്ടേയിരുന്നു. വായിച്ച് തീർക്കാനൊരുപാട് പുസ്തകങ്ങൾ. എഴുതി തീർക്കാൻ അനവധി കാര്യങ്ങള്‍. ഇതിനിടയിൽ ഒരു യാത്രയയപ്പ് പോലുമില്ലാതെ ഇതുവരെ ജീവിതത്തെ ഇഷ്ടപ്പെട്ട കനിപോലെ വാരിപ്പുണർന്ന് മാറോടു ചേർത്തിയതിന് ഒരു ഉപഹാരം പോലും ലഭിക്കാതെ അന്ത്യയാത്രയ്ക്ക് സമയമായോ? മരണം മുൻകൂട്ടി കണ്ട വിറയലൊ ബദ്ധപ്പാടോ അവളുടെ എഴുത്തിൽ നിഴലിച്ചില്ല..ചിന്തകൾ കാടുകേറി പോകവേ രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.
    
പതിവ് പോലെ കാലത്തെ അഞ്ചുമണിക്കു തന്നെ ഉണരാൻ അവൾക്ക് സാധിച്ചില്ല. തലേന്നാളിന്റെ ഉറക്കക്ഷീണമാകാം. 
 
തനിക്കായി ഒരു പ്രഭാതം കൂടിവിരിഞ്ഞു. അന്നുചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ കളം വരച്ച് ചാർട്ട് തയ്യാറാക്കി ഉറക്കമുണർന്ന് കിടന്ന കിടപ്പിൽ കിടന്നു തന്നെ അന്നത്തെ പ്ലാനിങ്ങും അവൾക്ക് പതിവുള്ളതാണ്. വേദന മാറിയെങ്കിലും ചിന്തകൾ കാറ്റിലെ പട്ടം കണക്കേ പറന്നു കൊണ്ടേയിരുന്നു. അതിന്റെ ചരടിന്റെ അറ്റം പക്ഷേ, അവളുടെ കൈപ്പിടിയിലായിരുന്നില്ല....