2016, മാർച്ച് 14, തിങ്കളാഴ്‌ച

കത്ത്‌,

     എന്നുമുതലാണു  കത്തിനോട്‌ എനിക്ക്‌ ഇത്ര  പ്രിയം  തുടങ്ങിയതെന്നറിഞ്ഞൂട.എന്നായാലും  അന്നു മുതൽ ഇന്നു വരെ  വല്ലാത്തൊരു കൊതിമൂത്ത  പ്രിയമാണതിനോട്‌.അതു കൊണ്ടു തന്നെയാവാം  അതുമായി  ബന്ധപ്പെട്ട  എന്തിനേയും  എനിക്കിഷ്ടമാണു.
         പണ്ട്‌  ഞാൻ  കുഞ്ഞായിരുന്നപ്പോൾ  ഉമ്മാക്ക്‌  എല്ലാ  ആഴ്ച്ചയും  അത്തർ മണമുള്ള  കത്ത്‌ വരുമായിരുന്നു.കാക്കി  കുപ്പായമിട്ട  പോസ്റ്റ്മാന്റെ  പുറത്തു കാലൻ  കുടയും  കയ്യിൽ  കത്തുകളടുക്കിവെച്ച  ബാഗും  കാണുമായിരുന്നു. ഉമ്മാക്ക്‌  കത്ത്‌  കൊടുക്കുന്ന   അൽപ്പം  പ്രായ കൂടുതൽ ഉള്ള  ആ  മീശക്കാരൻ  പോസ്റ്റുമാനേയും എനിക്കിഷ്ടമായിരുന്നു.
      പിന്നീട്‌  അക്ഷരം  പഠിച്ച  ശേഷം  ഉമ്മാന്റെ  കത്തിൽ  എനിക്കായിട്ട്‌  ഒരു കുഞ്ഞു  കത്ത്‌  മടങ്ങി  കിടന്നിരുന്നു.അപ്പോഴാണു  എനിക്കു  മനസ്സിലായത്‌  പോസ്റ്റുമാനല്ല    ഉമ്മാക്ക്‌  കത്തെഴുതിയിരുന്നതെന്ന്.
         അൽപ്പം  കൂടി  മുതിർന്നപ്പോഴും  കത്തിനോട്‌  വല്ലാത്ത  പ്രിയം  തോന്നി.എനിക്ക്‌  സ്വന്തമായി  ആരും  കത്തെഴുതുന്നില്ലല്ലോ.എന്റെ  പേരു  വിളിച്ചു  പോസ്റ്റുമാൻ  കത്ത്‌  തരുന്നില്ലല്ലൊ. ഉമ്മാന്റെ വിശേഷങ്ങൾ  നിറഞ്ഞ  കത്തിൽ  അധിക പറ്റായി  കിടക്കുന്ന  ആ  ചെറിയ  കത്തെന്റെ  കണ്ണിൽ  പിടിക്കാതെയായി .
          അങ്ങനെ ആറാം  ക്ലാസിൽ പഠിക്കുമ്പോൾ  വേനൽകാല അവധി   അരികത്തു  വന്നപ്പോൾ  ഒരു  കൂട്ടുകാരിയോടു  പറഞ്ഞുറപ്പിച്ചു. നമുക്ക്‌  ഇടക്ക്‌  കത്തുകൾ അയക്കം. അഡ്രസ്‌ കൈമാറി.സന്തോഷത്തോടെ  മടങ്ങി. അവധി  തുടങ്ങി  ഒരാഴ്ച ആയപ്പോഴേക്കും ഇൻലന്റ്‌  വാങ്ങി  തരണമെന്നു  പറഞ്ഞു.കര്യകാരണങ്ങൾ  വിശദീകരിച്ചപ്പോൾ  മുതിർന്നവർക്കെല്ലാം  പരമപുഛം.ഒരു  കാര്യം  വിചാരിച്ചാൽ  ഞമ്മളു  പിന്മാറോ.ജഗപൊക  ബഹളമായി.  
      ഏ  ഓളെ  ചെങ്ങായ്ച്ചി  പത്തും  തെയ്ഞ്ഞ്‌  നിക്കു ല്ലെ, വിവരറ്യാഞ്ഞിട്ട്‌  ഓക്ക്‌ ഒറക്കം വെരാണ്ടിരിക്കാൻ.വലിയുപ്പ  ചൂടിലാണു.   മറ്റൊരു  മാർഗ്ഗവും  മുന്നിൽ  കാണാഞ്ഞപ്പോൾ  വാ പൊളിച്ചു  കരഞ്ഞു.ഒച്ച  പോയതിനു  മെച്ചം കിട്ടി.ഒരു  സുന്ദര  സുമുഖൻ  ഇൻലന്റുമായാണു  അന്നു വൈകുന്നേരം  വലിയുപ്പ  വന്നത്‌.പിന്നെ  ഒട്ടും  താമസിച്ചില്ല.  നല്ല  വടിവില്ലാത്ത  കയ്യക്ഷരത്തിൽ  എഴുത്തു തുടങ്ങി.                                      പ്രിയപ്പെട്ട  കൂട്ടുകാരിക്ക്‌
       അനക്ക്‌  സുഖം    തന്നെയല്ലേ
               എനിക്ക്‌ സുഖമാണു
പിന്നെ  എന്തൊക്കെയുണ്ട്‌  നിന്റെ  വിശേഷങ്ങൾ.വീട്ടിലെല്ലാവർക്കും  സുഖമല്ലേ. എന്റേ  വീട്ടിൽ  എല്ലാവർക്കും  സുഖമാണു.
പടച്ചോനേ  ഇഞ്ഞിപ്പെന്താ എയ്താ.ആകെ  അൽകുൽത്തിന്റെ  അവ്‌ ലും കഞ്ഞി ആയല്ലോ.ഒന്നും കിട്ടുന്നില്ല.
പ്രത്യാകിച്ചൊന്നും  വർത്താനമില്ല.കത്ത്‌  കിട്ടിയാൽ  ഉടനെ  മറുപടി  അയക്കുക.ഞാൻ  കാത്തിരിക്കും.എന്നു എഴുതി  തൽക്കാലം  എഴുത്തു നിർത്തി.  നാളെ യാകട്ടേ  .    വറ്റ്‌ കൊണ്ട്‌ ഒട്ടിച്ചു  മദ്രസയിൽ  പോകുമ്പോൾ  പെട്ടിയിലിടാം.
      അനക്കും  ഓൾക്കും  പെരുത്ത  സൊകാണെങ്കിൽ  പിന്നെന്തിനാടി  മെനെക്കെട്ട്‌  കത്തെയ്തുണു.ഏതോ   കശ്മല  എന്റെ  കത്ത്‌  കട്ടെടുത്തു  വായിച്ചതാണു. ഞാൻ  അലറി  കരഞ്ഞു  കത്ത്‌  തിരികെ  വാങ്ങി.വേറ്റ്ടുത്തു ഒട്ടിച്ചു വെച്ചു  .  പക്ഷേ  പിറ്റേന്നു  മദ്രസയിൽ  പോകുമ്പോൾ  ഇൻലന്റ്‌ എടുക്കാൻ  മറന്നു.അടുത്ത  ദിവസം ആകട്ടെ.
     അന്നു  ഉച്ച  തിരിഞ്ഞു അതാ വരുന്നു  കൂട്ടുകാരിയും   ഉമ്മയും.ഈ വഴി  പോയപ്പോ  ഒന്നു  കേറിയതാണു.അകത്തമ്മമാരിൽ  ചിലർ  മുഖം  പൊത്തിചിരിച്ചത്‌   ഞാൻ  കാണായ്കയല്ല, കണ്ട  ഭാവം  നടിക്കാത്തതാണു.അവർക്കിഞ്ഞി  അതു  മത്യാകും.
     അല്ലെങ്കിപ്പോ  ഇന്നെന്നെ  വരണോ  ഇവർ ക്ക്‌. ഹും     ഏതായാലും  നനഞ്ഞു, ഇനി  കുളിച്ചു  കയറാം.  രണ്ടും  കൽപ്പിച്ചു  കത്തു  നേരിട്ടു കൊടുത്തു.അകത്തമ്മമാർ  പുറത്തിറങ്ങി  വന്നു   പൊട്ടി ചിരിച്ചു.  ആയ്ക്കോട്ടെ  .മറുപടി  വരുമ്പോൾ  എല്ലാരുടെയും  മുഖത്തേക്കൊന്നു  സൂക്ഷിച്ചു നോക്കണം  , ഗമയോടെ തന്നെ.
    പക്ഷേ  ആ കത്തി നു    അവൾ മറുപടി  അയച്ചില്ല. മീശക്കാരൻ  പോസ്റ്റുമാനെ നോക്കി  നിന്നതു  മിച്ചം.നാലാം  ക്ലാസിൽ  നിന്നു  കണ്ണിമാങ്ങയും  ജാതിക്കയും  എത്ര  കൊടുത്തതാണു .മതി  നിർത്തി  .ഇനി അത്തരം അബദ്ധങ്ങളൊന്നും തനിക്ക്‌ സംഭവിക്കില്ല.ഇനി   അവളുടെ  മറുപടി  പ്രതീക്ഷിക്കാനില്ലാഞ്ഞിട്ടും  മദ്രസയിൽ  പോകുമ്പോൾ എന്നും  കരുതുമായിരുന്നു.   ആ  പെട്ടിയിലൊന്നു  കയ്യിട്ട്‌  നോക്കിയാലോ  ഒരുപക്ഷേ  എനിക്കുള്ള  കത്തു അതിലുണ്ടാകും  .  
          ഇന്നും  പോസ്റ്റുമാനെ  കാണുമ്പോൾ  ഞാൻ  വെറുതെ  പ്രതീക്ഷിക്കും. ആരെങ്കിലും  വിശേഷങ്ങൾ  കുത്തി  നിറച്ചെഴുതിയ  ഒരു  കത്ത്‌  അദ്ദേഹത്തിന്റെ  കയ്യിൽ   എനിക്കായിട്ടുണ്ടാകാം.
       എവ്വടെ

2014, നവംബർ 19, ബുധനാഴ്‌ച

കുഞ്ഞാറ്റ

പതിനാലു വയസിന്റെ അകൽച്ച കൊണ്ടായിരിക്കാം നിന്നെ എനിക്കു അനിയത്തിയായി കാണാനൊക്കാതിരുന്നതു.അമ്മ മനസിന്റെ നൈർമ്മല്യതയോടെ , കരുതലോടെ, സ്നെഹ വാൽസല്യങ്ങളോടെ മാത്രമേ നിന്നെ തലോടാൻ സാധിച്ചിരുന്നൊള്ളൂ.എന്റെ ചേല തുംമ്പിൽ പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു നിനക്കു. നിന്റെ കണ്ണുകളിൽ മാത്രം ആയിരുന്നു ഈ ഇത്തയെങ്കിൽ എന്റെ മനസിലെ ആനന്ദമായിരുന്നു നീ. വീട്ടിൽ ഏറ്റവും ഇഷ്ട്ം ഇത്തയോടാണെന്നു നീ കളി പറയുമ്പോൾ എന്റെയുള്ളിൽ അഭിമാനം നിറഞ്ഞ അഹങ്കാരം തന്നെ നുരഞ്ഞു പൊങ്ങിയിരുന്നു.കാലം നമ്മേ രണ്ടിടങ്ങളിലേക്കു പറിച്ചു നട്ടപ്പോഴൊക്കെ നീ വാവിട്ടു കരയുമ്പോൾ എന്റെ ഹൃത്തടവും പിരിഞ്ഞു പോകലിന്റെ നീറ്റലനുഭവപ്പെട്ടു.അകന്നു നിന്ന ഓരോ നിമിഷവും നിന്റെ ചിരിക്കുന്ന മുഖം എന്റെയുള്ളിൽ കല്ലിച്ചു കിടന്നു.എണ്ണപ്പെട്ട ലീവു ദിനങ്ങളിൽ നിന്നോടപ്പം ആടിപ്പാടി ആനന്ദിച്ചു നടന്നതു നിന്റെ കുഞ്ഞു ഓർമ്മകളിൽ നിന്നു മാഞ്ഞു പോയോ. ... പരോൾ കാലവധി കഴിഞ്ഞു ഓരോ തവണ തിരികെ പോകുമ്പോഴും നീപൊട്ടികരയുമ്പോൾ എന്റെ ഉള്ളിലെ കരച്ചിൽ നീ കേൾക്കാതിരിക്കാനായി ഞാൻ ഏറേ പാടുപെട്ടു.
പക്ഷേ.......നീ എപ്പോഴോ...എന്നേക്കാൾ വളർന്നതു ഞാൻ അറിഞ്ഞില്ല കുഞ്ഞേ. ....എന്റെ വിയർപ്പിന്റെ മണം പറ്റി എന്നോടൊട്ടിച്ചെർന്നു കിടക്കാൻ ഇഷ്ടപ്പെട്ടിരുന്ന നീ എന്റെ സാമിപ്യത്തിൽ അസ്വസ്ത്പ്പെടുന്നതായി തൊന്നുന്നു. നിന്റെ നന്മ മാത്രം ഉദ്ദേശിച്ചു ഞാൻ നൽകുന്ന ഉപദേശങ്ങൾ നിന്നിൽ വെറുപ്പുളവക്കുന്നുണ്ടോ..?സംസര പ്രിയയും കിലുക്കാം പെട്ടിയുമായ നീ ഒന്നും മിണ്ടാതെ ഒരിടത്തൊതുങ്ങി പോകുന്നതായി തൊന്നുന്നു. ഒക്കെ എന്റെ വെറും ഠോന്നലാകാം. ......
അതുമല്ലെങ്കിൽ നിനക്കു സ്വന്തമായൊരു ലോകമുണ്ടാകാം.അവിടെ പൂക്കളും പൂമ്പാറ്റകളും കൂട്ടിനുണ്ടാകാം.മധുരമുള്ള സങ്കൽപങ്ങൾ നിന്നെ ആനന്ദിപ്പിക്കുന്നുണ്ടാകാം.നിറമുള്ള സ്വപ്നങ്ങൾ കൊണ്ടു കൊട്ടാരം പണിയുന്നുണ്ടാകാം.കാരണം നീയിപ്പോൾ ജീവിതത്തിന്റെ വസന്തകാലത്തിലാണല്ലോ...എന്നിരുന്നാലും.....നിനക്കെന്നെ. . .സ്നേഹിക്കാതിരിക്കാനാവില്ലന്നറിയാം......

2013, ജൂലൈ 18, വ്യാഴാഴ്‌ച

പ്രയത്നം

കൽപണിക്കാരൻ ചന്ദ്രനും ഞാനും അടുത്ത കൂട്ടുകാരായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞതും ആദ്യത്തെ കണ്മണി പിറന്നതും ഒരേ ദിവസമായതും യാദൃശ്ചികമാകാം .
മകനെ പ്രഗല് ഡോക്ടർ ആക്കണമെന്നു അവൻ മുട്ടിൽ
 ഇഴയുന്ന കാലത്തേ ഞാനും ഭാര്യയും തീരുമാനിച്ചു.
അതിനുവേണ്ടി അവനെക്കാൾഏറെ ഞങൾ പണിയെടുത്തു. ദാരിദ്ര്യം അരമുറുക്കിയ പാടുകൾ അവനെ കാണാതെ  ഒളിപ്പിച്ചു.
ദീർഘവീക്ഷണമില്ലാത്ത ചന്ദ്രൻ മകനെ കുറിച്ച് വേവലാതി പൂണ്ടില്ല.
അവൻ ഉണ്ടപ്പോൾ മകനും ഉണ്ടു.ഉണ്ണാനില്ലാതെ അവർ വെള്ളം കുടിച്ചു കിടന്നപ്പോൾ മകനും മുണ്ട് മുറുക്കിയുടുത്തു കിടന്നു .
കാലം മുന്നോട്ടു കുതിച്ചപ്പോൾ ഞങ്ങൾ  ആഗ്രഹിച്ച പോലെ, മകൻഡോക്ടർ ആയി .അതിപ്രശസ്തനായ മന:ശാസ്ത്രജ്ഞന്‍ !
പക്ഷെ ചന്ദ്ര ന്റെ മകനോ അവനെപ്പോലെ വെറുമൊരു കൽപണിക്കാരനായ പച്ചമനുഷ്യൻ !!!

എന്ത് ചെയ്യാം ...ഇന്ന് ചന്ദ്ര ന്റെ പേരക്കുട്ടികളാണ് ഞങ്ങളെ മുത്തശാ മുത്തശീ എന്നൊക്കെ വിളിക്കുന്നത്‌ ! 

2013, മാർച്ച് 27, ബുധനാഴ്‌ച

വാഗ്ദാനം

സ്വർഗ്ഗം തന്നെയും വാഗ്ദാനം ലഭിച്ചിട്ടും നിഷ്‌ക്രിയനായിരിക്കുന്ന ഞാൻ,
ഒരു മത്സരപ്പരീക്ഷക്കു വേണ്ടി രാപ്പകൽ പണിയുന്നതു കണ്ട എന്നെ നോക്കി അപരൻ "വിധി" എന്നു പുച്ഛിച്ചു...

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

കറികൂട്ട്

ഉച്ച വിശ്രമത്തിനായി അല്‍പ സമയം കിട്ടിയാല്‍ എന്റെ തലയണക്കടിയില്‍ പാതി മലര്‍ന്ന് കിടക്കുന്ന പ്രശസ്ത എഴുത്തുകാരന്റെ ആത്മ കഥയിലൂടെ ഒന്നു കണ്ണോടിക്കാമായിരുന്നു എന്ന ഉദ്ദേശത്തോടെയാണ് കാലത്ത് തന്നെ അടുക്കളയില്‍ കയറിയത്. നിത്യവും ഉറങ്ങും മുമ്പ് പത്ത് പേജെങ്കിലും വായിക്കണമെന്ന് കരുതിയാണ് തലണക്കടിയില്‍ ബുക്ക് വെക്കുന്നത് പക്ഷെ രണ്ട് പേജാകുമ്പോഴേക്കും കണ്ണുകള്‍ തുടര്‍ സഞ്ചാരം നിറുത്തി താനറിയാതെ കൂമ്പി പോകുകയാണ് പതിവ്.
പ്രഭാത ഭക്ഷണം തയ്യാറാക്കി വെച്ച് മുറ്റമടിക്ക ഒരുങ്ങുമ്പേഴാണ് പിറകില്‍ നിന്നും ആ വിളി കേട്ടത്.
ആയ്ച്ചുമ്മോ, എണീച്ചിട്ടില്ലേടീ?
ഏഷണി പാത്തുവിന്റെ ശബ്ദമാണ്. പുറത്താരെ കണ്ടാലും കണ്ട ഭാവം നടിക്കാതെ ഉമ്മാനെ നീട്ടിവിളിക്കും. അവരെ കാണുമ്പോള്‍ ഉമ്മ ഒച്ചയില്ലാതെ ഇങ്ങിനെ പിറുപിറുക്കും.
ഇന്റെള്ളാ, ഇന്നെന്റെ തോളത്തെ മലക്കുകള്‍ക്ക് പിടിപ്പതു പണിണ്ടാകും
ഓര്‍ക്കാപുറത്തിങ്ങനെ ഒരു വരവാണ് അവര്‍ക്ക്. ഈ നാട്ടിലെ എല്ലാ പുരയിലെ വര്‍ത്തമാനവും അവരുടെ പക്കലുണ്ടാവും. ഒരു നല്ല കേള്‍വിക്കാരിയെയാണു അവര്‍ക്കാവശ്യം.
ചായന്റെ ബെള്ളം ണ്ടാവോടീ?.. കടി മാണംന്നില്ല
എന്നെ നോക്കി ചോദിച്ചു. ചൂല് നിലത്തിട്ട് കൈ കഴുകി ഞാനകത്തേക്ക് കയറി ഭക്ഷണം വിളമ്പികൊടുത്തു.
ഇത്ര നേരത്തേ മീന്‍ കിട്ടിയോ ആയ്‌ച്ചോ…?
ഹസ്സന്റെ കൊട്ടേല്‍ നല്ല പെടക്കണ മത്തി കണ്ടപ്പോ വാങ്ങീതാ. ന്റെ മരോള് മത്തിക്കറി വെച്ചാല്‍ നല്ല രുചിയാ..
ഉമ്മ പറഞ്ഞു. കപ്പപുഴുക്കും മത്തിക്കറിയും അസ്വദിച്ച് കഴിക്കുന്നതു കണ്ടു. മത്തി ഒരു കേടും ല്ലാത്ത നല്ല മീനാണ് എന്നൊക്കെ വാ തോരാതെ സംസാരിക്കുന്നുമുണ്ടായിരുന്നു.
ഇനി വേണോ
ഞാന്‍ ചോദിച്ചു
മാണ്ട. ന്റെ കുട്ട്യോക്ക് ണ്ടാവൂല്ല
ഞാന്‍ വീണ്ടും കൊടുത്തു. അതു തിന്നാന്‍ തുടങ്ങും മുമ്പേ കറിയില്‍ കയിലിട്ടിളക്കി ഉമ്മാനോട് ഒരു ചോദ്യം.
മത്തി ജ്ജ് കൊര്‍ച്ചേ മാങ്ങീട്ട് ണ്ടാവൊള്ളൂ ല്ലേ ആയ്‌ച്ചോ
ഉമ്മ എന്നേ നോക്കി ആഗ്യം കാട്ടി. വീണ്ടും മീന്‍ കൊടുത്തു. കഴിച്ചു കഴിഞ്ഞു വിരല്‍ നക്കികൊണ്ട് മറ്റൊരു ചോദ്യം
ഈ ചാറ്റില് ജ്ജ് എന്തൊക്കെ ചേര്‍ത്തു?
ഞാന്‍ വളരെ ഉത്സാഹത്തോടെ പാചക വിധികള്‍ ഒന്നൊന്നായി പറഞ്ഞു കൊടുത്തു. എന്റെ പാചക വൈഭവം അവര്‍ക്കിഷ്ടമായതില്‍ സന്തോഷിക്കുക കൂടി ചെയ്തു. എന്റെ ഉമ്മ പഠിപ്പിച്ചത് പോലെ ഉപ്പും മുളകും തക്കാളിയും ഇഞ്ചിയും ഉലുവയും മസാലപൊടികളും മണ്‍ ചട്ടിയിലിട്ട് കൈകൊണ്ട് തിരുമ്മി പാകപ്പെടുത്തി കറി തിളച്ചിട്ട് മീന്‍ ചേര്‍ത്ത് കൊടുക്കുക.
പുളിം ഉലുവിം ഞ്ചിം, ഒക്കെ ഇട്ടിട്ടുണ്ടല്ലേ? ന്നിട്ട് കയ്യോണ്ട് നല്ലോണാം തിരുമ്മോം ചെയ്യാം. അങ്ങനല്ലെ ജ്ജ് പറഞ്ഞത്
അതെ എന്ന് ഞാന്‍ തലയാട്ടി
ആ, അതെന്നെ ഇതു ഒരു ചൊയീം പുളില്ലാത്ത ഒരു ചാറ്റിന്റെ ബെള്ളം കൂട്ട്ണ മാതിരി. ഞാന്‍ കൂട്ടീന്നൊള്ളൂ. ഞാനൊക്കെ ബെച്ചുണ്ടാക്കുന്നത് കൂട്ട്യാലും കൂട്ട്യാലും മത്യാവൂലേനു. ന്റെ ആയ്‌ച്ചോ ഇപ്പത്തേ കുട്ട്യ്യോള് കെട്ടിച്ചോലും പടിച്ചാന്‍ പോകല്ലേ. പിന്നെങ്ങന്യാ ചൊയീം പുളീള്ളതു ഈറ്റിങ്ങള്‍ക്കു ണ്ടാക്കാനറ്യോ. വീടു പണി പടിപ്പിച്ചാതെ വിട്ണ മ്മാരെ പറഞ്ഞാല്‍ മതീല്ലൊ
കണ്ണു നിറഞ്ഞ എന്നേ നോക്കി സാരമാക്കേണ്ട എന്ന് ഉമ്മ കണ്ണിറുക്കി.



2012, മാർച്ച് 2, വെള്ളിയാഴ്‌ച

സ്പന്ദിക്കുന്നഹൃദയങ്ങൾതേടി സമദ് കാത്തിരിക്കുന്നു.....


പ്രിയ  ഭൂലോകനിവാസികളേ
                തൂലികയിലൂടെ   ഇതുവരെ     കഥകളുടെ ഭാവനാലോകമാണ്   നിങ്ങളേ ബോറഡിപ്പിച്ചതെങ്കിൽ ഇന്നിതാ ഞാൻ  യാഥാർത്യത്തിന്റെ കണ്ണിർ പാടുകളാണ് പങ്കുവെക്കുന്നത്.പ്രിയ സുഹൃത്ത്  റഈസിന്റെ ലാപ് വിജാഗിരി പോയി ചികിത്സതേടുന്ന  സാഹചര്യത്തിലാണ്. ഈ ഈ ഉദ്യമവുമായി ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ മുന്നോട്ടു വന്നത്.
      കഴിഞ്ഞ ദിവസം   റഈസ് വിളിച്ചു കുശലാന്യാഷണങ്ങൾ നടത്തുന്നതിനിടെയാണ് സമദിന്റെ കാര്യം ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നത്.അവൻ ദുരിത കയത്തിലാണന്നറിഞ്ഞ നിമിഷം മുതൽ  എന്നിൽ വല്ലാത്ത കുറ്റബോധം നിറഞ്ഞു.കാരണം ഞാൻ അവന്റെ വിശേഷങ്ങൾ അറിഞ്ഞിട്ട് ആറ് മാസത്തോളമായി ഒന്നര വയസിൽ പേശികൾ തളരുന്ന മസ്കുലർ ഡിസ്ട്രോപ്പി എന്ന രോഗം  അവന്റെ ചലന ശേഷിയെ മന്ദഗതിയിലാക്കി.നടക്കുമ്പോൾ കൂടെ കൂടെ ഉളുക്കുമായിരുന്ന അവന്  ക്രമേണേ അരക്കു താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ടു.ഇന്ന് 24കാരനായ സമദ് ഇരുന്ന ഇരിപ്പിൽ പ്രാധമികകാര്യങ്ങൾ നിർവ്വഹിക്കുകയാണെന്ന അറിവിൽ കാര്യങ്ങളുടെ ഗൗരവം നിങ്ങൾക്കു ബോധ്യമായിരിക്കുമല്ലോ.പൊതുവെ പ്രസന്നനായിരുന്നു അവൻ .
              ചലനശേഷി നഷ്ടപ്പെട്ട് പുറം ലോകം കാണാത്തവരെ സ്നേഹ സംഗമങ്ങളിലൂടെ ഒന്നിപ്പിക്കുമ്പോൾ നിറ സാനിധ്യമായി ചിരിച്ചും ഉല്ലസിച്ചും ഇവനും ഉണ്ടാകും.അങ്ങനെ ഒരു സംഗമ വേളയിലാണ് ഞങ്ങാ‍ദ്യമായികാണുന്നത് .ഇടക്ക് വിളിക്കും.തമാശകൾ പറയും വായനക്കായി നല്ല പുസ്തകങ്ങൾ എത്തിച്ചുകൊടുത്താൽ നന്ദിപറയാൻ  വിളിക്കും.അങ്ങിനെ ഞങ്ങളുടെ സൗഹൃദം നീണ്ടുപോയിരുന്നു.എന്നാൽ ഏകദേശം ആറു മാസത്തോളമായി അവൻ എനിക്ക് വിളിച്ചിട്ട്. .കാര്യമെന്തെന്നറിയാൻ തിരിച്ചു വിളിച്ചില്ലല്ലോ എന്ന കുറ്റബോധമാണ് എനിക്ക്. ഒരു ഫോൺ കോൾ കെണ്ട് വലിയ മനസുഖം കിട്ടുന്ന വളരെ പേർ പരിചയത്തിലുണ്ടങ്കിലും ദിനചര്യകളുടെ നൂലാമാലകളിൽ കുടുങ്ങി അവരുടെ വിശേഷം തേടാൻ പലപ്പോഴും മറക്കും എന്നതാണ് സത്യം.
          സമദിനെ കുറിച്ചാണല്ലോ ഞാൻ പറഞ്ഞു വന്നത്. മലപ്പുറം ജില്ലയിലെ വെന്നിയൂർ  കൊടക്കല്ല് എന്ന സ്ഥലത്താണ് വീട്. ഇതെ അസുഖം മൂലം തളർന്നു കൊണ്ടിരിക്കുന്ന അനിയനും ,ഉമ്മയും ഉപ്പയും അനിയത്തിയുമടങ്ങുന്ന കുടുംബം.പൊട്ടിപൊളിഞ്ഞ് വീഴാറായെങ്കിലും ഉപ്പാന്റെ അനിയനും കുടുംബവും അടങ്ങുന്ന കൂട്ടുകുടുംബത്തിന്റെ നിറസാദ്ധ്യമായിരുന്ന വീട്ടിൽ അരിഷ്ടിച്ചുള്ള ജീവിതം.
             ഇതിനിടയിൽ അവനിൽ നേരിയപ്രതീക്ഷ നൽകി ചില സുമനസ്സുകളായ സൗദിമലയാളികളും നാട്ടിലെ സാമൂഹിക പ്രവർത്തകരും ചേർന്ന് ഒരുകൊച്ചു കൂര വഗ്ദാനം ചെയ്തു.തറ പണികഴിഞ്ഞാൽ പഞ്ചായത്തിൽ നിന്നും ധനസഹായം ലഭിക്കുമെന്ന അറിവും അവനിൽ ആവേശം നിറച്ചു.ലഭിച്ച സഹായം  കൊണ്ട് പണി തുടങ്ങി.തറപണി തന്നെ പാതിവഴിയായപ്പോഴേക്കും സൗദിയിലെ സുമനസുകൾക്ക് ഇടിത്തീയായി ജോലിയിൽ ചുവപ്പ് കയറിവന്നത്.നിയമ കുരുക്കിലകപ്പെട്ട അവർക്ക് വാഗ്ദാനം ചെയ്ത സഹായം കൊടുക്കാൻ സാധിക്കുന്നില്ല.പലരുടേയും കനിവ് കൊണ്ട് തറപണിപൂർത്തിയായി .ഇതിനിടയിൽ ഉപ്പാക്ക് കടുത്ത വയറു വേദനവന്നു.പരിഹാരമായി സർജറിയാണ് ഡോക്ടർ നിർദേശിച്ചത് .തറയുടെ പണിയും ഉപ്പാന്റെ ഓപ്പറേഷനും മൂലം തരക്കേടില്ലാത്ത സംഖ്യ കടക്കാരൻ കൂടിയാണിവൻ.
കൂലിവേലചെയ്ത് കുടുംബം പോറ്റിയിരുന്ന അദ്ദേഹത്തിന് വീട്ടുചിലവും ചികിത്സയും താങ്ങാനാവുന്നതിലുമപ്പുറമായി താമസിച്ചിരുന്ന വീട് താമസയോഗ്യമല്ലാതായതോടെ ആ കുടുംബം പെരുവഴിയിലായിരിക്കുകയാണ്.റഈസിന്റെയും നന്മനിറഞ്ഞ സുഹൃത്തുക്കളുടേയും കാരുണ്യം കൊണ്ട് അവർ ഒരു കെച്ചു വീട്ടിൽ വാടകക്ക് കഴിയുന്നു.ആകെയുള്ള വരുമാനം മാസം തോറും സമദിന് ലഭിക്കുന്ന മുന്നൂറ്‌ രൂപപെൻഷൻ .
          പ്രിയ സുഹൃത്തുക്കളെ
                                                                  ഈ കുടുംബത്തെ കരകയറ്റാൻ നമ്മളാൽ കഴിന്നത് ചെയ്യണമെന്ന് അഭ്യാതഥിക്കുന്നു.
       അല്പം ദൂരെ വാടകയില്ലാതെ ഒരു വീട് തരപ്പെടുത്തി കൊടുത്തപ്പോൾ നന്ദിയോടെ അവൻ പറഞ്ഞതിങ്ങിനെ :-
            ഈ വീട്ടിലായാൽ എന്നെഅറിയുന്ന ആരെങ്കിലും വന്ന് ചെറിയ സഹായമെന്തെങ്കിലും നൽകിയാൽ  ഒരു കല്ലിന്റെ കാശെങ്കിലും കിട്ടിയാൽ തന്റെ സ്വപ്നത്തിലേക്ക് അത് നിക്ഷേപിക്കാമല്ലോ എന്ന് സൗകര്യമുള്ള ഒരു വീട്  ഓരോരുത്തരുടെയും സ്വപ്നമാണ്.എന്നാൽ മഴയിൽ നിന്നും വെയിൽ നിന്നും മാറിനിൽക്കാൻ തണലിന്റെ തണൽ പറ്റാൻ കാലുകൾക്ക് ചലനശേഷിയില്ലാത്ത ഇവർക്ക് വീട് ,ഒരു കൂര ആവിശ്യമാണ്. മൗലിക ആവിശ്യം തന്നെ.
        സഹകരിക്കുമെന്ന വിശ്യാസത്തോടെ സ്നേഹാദരവുകളേടെ  .
 നിങ്ങളുടെ സഹായം അവന്റെ നമ്പറിൽ ദയവായി അറിക്കുക.
സമദ്--9961915699  
Jameela v k-muhamed unaise
Ac\no.67174357502
Sbt-tirurangadi
                                 

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഓഫർ

സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈൽ ഈണത്തിൽ പാടാൻ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു.
ജപം പകുതിയിൽ നിറുത്തി ഫോൺ ചെവിയിലേക്കടുപ്പിച്ചപ്പോൾ അങ്ങേതലക്കൽ ഒരു കിളിമൊഴി.
ഇതാ ഞങ്ങളുടെ സ്പെഷ്യൽ കസ്റ്റമറായ താങ്കൾക്ക് ഒരു ബംപർ ഓഫർ വാഗ്ദാനം ചെയ്യുന്നു.വെറും ഇരുപത്തൊന്ന് രൂപ റീചാർജിലൂടെ നിങ്ങൾക്ക് നേടാം ,,,തികച്ചും ഫ്രീ.രാത്രി പതിനൊന്ന് മണിമുതൽ കാലത്ത് ഏഴുമണിവരേ എല്ലാലോക്കൽ കോളുകളും സൗജന്യമായി ……………………ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ ദയവായി ഒന്നു അമർത്തുക.
ഹാവൂ ഒരു നൂറ് രൂപ റീചാർജ്ജ് ചെയ്യുവാൻ അച്ഛനോട് ആയിരം തവണ ഇരക്കണം. ഒരു ഒന്നു അമർത്തിയാൽ തികച്ചും സൗജന്യം.സാധാരണ നേരത്തേ അത്താഴം കഴിഞ് കൂർക്കം വലിച്ചുറങ്ങുമായിരുന്ന അവളുടെ കണ്ണുകൾ മണിപതിനൊന്ന് അടിച്ചപ്പോഴേക്കും വല്ലാതെ ചുവന്നിരുന്നു.
ബംപർ ഓഫറിന്റെ സമയമിതാ തുടങ്ങുകയായി.ആർക്കുവിളിക്കും. ബന്ധുക്കളെ വിളിച്ച് പാതിരാനേരത്ത് സൗജന്യം പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ ഫ്രീയായി മുട്ടൻ തെറി കേട്ടുറങ്ങാം.കിട്ടിയ ഓഫർ പഴാകുകയുമരുത്.സ്വന്തം നമ്പറിന്റെ അവസാനത്തെ രണ്ടക്കം മാറ്റി വിളിച്ചു.
ഒരുപാടൊന്നും അടിക്കേണ്ടിവന്നില്ല ഒഴുക്കൻ സ്വരത്തിലുള്ള ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അവൾ സ്വയം പരിചയപൊടുത്തി അയാളും.ഗാംഭീരത്തേടെ തന്നെ തന്റെ ഉന്നത ജീവിതനിലവാരത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു അയാൾ .ഓഫർ കാലം പകുതിയാകുമ്പോഴേക്ക് തന്നെ അവർ പരസ്പ്പരം കാണതെ പ്രണയബദ്ധരായി. പുലരുവേളം തൌദാരത്തിലായ അവൾ തലവേദന പറഞ്ഞു പകലുറങ്ങി.ഇങ്ങിനെ ഒരു ബന്ധം തരപ്പെടുത്തി തന്നതിനു മൊബൈ ൽ കമ്പനിക്കാരോട് മനസിൽ നന്ദി പറഞ്ഞു.ഓഫർ തീരുന്നതിന്റെ തലേന്നാൾ വിളിച്ച് അയാൾ വികാരവിക്ഷോഭങ്ങളുടെ തിരതള്ളലുമായി ഇങ്ങനെ പറഞ്ഞു. ഈ സ്നേഹസാമീപ്യത്തെ കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. ഇനികാത്തിരിക്കാൻ വയ്യ.താൻ ഇറങ്ങിവാ ഞാൻ പൊന്നു പോലെ നോക്കാം.
അമാന്തിച്ചു നിൽക്കാതെ ഉറങ്ങുന്ന മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ചു് അവൾ വീടുവിട്ടിറങ്ങി.ദാമ്പത്യ സ്വപ്നങ്ങളുടെ സങ്കൽപ്പതേരിലേറി അയാൾ പറഞ്ഞ സ്ഥലത്തെത്തി.അവിടെയും ഓഫർ കത്തിരിക്കുന്നു.കാമുകന്റെ കൂടെ കൂട്ടുകാരും അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ആദ്യ ഓഫറിലേക്ക് കാൽ തെറ്റിയ അവൾ രണ്ടാമത്തെ ഓഫറിലേക്ക് മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.
ഇനി ഒരു ഓഫറിനായി അവൾ ബാക്കിയാവുമോ എന്തോ!......