2010 ഡിസംബർ 4, ശനിയാഴ്‌ച

വില

വീടിന്റെ പുതുക്കി പണിയലിനായി മണൽ ഇറക്കിയപ്പോൾ മാഫിയക്കാർ പറഞ്ഞു. ചാക്കുകൾ സൂക്ഷിക്കണം. കളവു പോകാൻ എളുപ്പമാണ്. 
                       വീട്ടുടമ്മക്ക് അമാന്തിച്ചിരിക്കാൻ കഴിഞ്ഞില്ല. രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി,മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി..

2010 നവംബർ 28, ഞായറാഴ്‌ച

ചായ മക്കാനി

കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും  ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത്  അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ്‌‍ മേശയും മാറ്റുന്നതിലൊ ബീരാനിക്ക ശ്രദ്ധിക്കാറില്ല.
  തന്‍റെ കൊച്ചുഗ്രാമത്തിലെ ശക്തമായ രണ്ട് പാര്‍ട്ടിയിലെ പ്രതിനിധികളുടെ‍ ചര്‍ച്ചയും വഴക്കും ഇവിടെ വെച്ചുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അക്ഷരങ്ങളുമായി നേരിട്ട് കൂട്ടിമുട്ടലുകള്‍ നടത്താറില്ല. എങ്കിലും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല ജ്ഞാനമാണ്.
അതിരാവിലെ കുപ്പായം പോലുമില്ലാതെ കൂനിപ്പിടിച്ച്‌ വരുന്ന തിയ്യന്‍ വേലായുധന്‍ മാതൃഭൂമി ഉറക്കെ വായിച്ചാലെ അന്നേക്ക് വേണ്ട ഉത്സാഹം കിട്ടൂ. അയാളുടെ ഛായയുള്ള പഴംപൊരിയും കടുപ്പത്തിലൊരു കട്ടന്‍ കാപ്പിയും അകത്ത് ചെന്നാല്‍ പിന്നെ പത്രത്തിലേക്ക് മുഖം പൂഴ്ത്തും.
ഇന്നും ഇരുപക്ഷത്തെ അണികകളും ഹാജരായിട്ടുണ്ട്. ഇക്കായുടെ സഹധര്‍മ്മിണി തിത്തുമ്മു പുട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. തൂക്കില്‍ കിടന്ന് പിടയുന്ന ചെറിയ ഉള്ളിയുടേയും ഉലുവയടേയും ഗന്ധം അടിച്ചു കയറിയ ഭരണപക്ഷത്തിന്‍റെ നാസാരന്ദ്രങ്ങള്‍ പൂര്‍വ്വാധികം വിടരുന്നത് കണ്ട് പുട്ടിന് ഓര്‍ഡര്‍ നല്‍കി ഓരോരുത്തരും സ്ഥലം പിടിച്ചു. പൊടിയില്‍ തരി കൂടിയതോ എന്തോ തിത്തുമ്മുവിന്‍റെ പുട്ടിന്. പതിവിലേറെ ഗൌരവം.
ചര്‍ച്ചക്ക് ചുടേറിയപ്പോള്‍ ഭരണ പക്ഷക്കാരന്‍ ആരോടൊക്കെയോ കണക്ക് തീര്‍ക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ മുഷ്ടിചുരുട്ടി പുട്ടിനൊരു കുത്തുകൊടുത്തു. ആവേശം ഒട്ടും ചോരാതെ പുട്ടു പോയത്‌ പ്രതിപക്ഷത്തിന്‍റെ ഒരു കടുകു മണിയുടെ പ്ലേറ്റിലേക്ക്. മനപ്പൂര്‍വ്വമെന്നു പറഞ്ഞ്‌ നിയമസഭയെ ഓര്‍മ്മിപ്പിക്കുമാറ് പ്രതിപക്ഷം എഴുന്നേറ്റു മുണ്ടുപൊക്കുകവരെ ചെയ്തു. സഭ്യവും അസഭ്യവും മഴയായ് പെയ്തു. പൊട്ടലും ചിറ്റലുമായി പരസ്പരം നേതാക്കളെ തെറിപറഞ്ഞപ്പോള്‍ കയ്യാങ്കളിയിലെത്തി.
ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക് മനസ്സിലായത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ സ്വന്തം പള്ളക്ക് കേറുന്ന തരത്തിലാണല്ലോ ഇതല്ലാം പൂഴ്ത്തി വെച്ചിരിക്കുന്നത്.
തറയില്‍ ഇരുമുന്നണികകളില്‍ നിന്നും ഓരേ വര്‍ണത്തിലുള്ള ചോര പരന്നു. മരണപ്പിടച്ചിലിനും വ്യത്യസ്ഥതയുണ്ടായിരുന്നില്ല. പക്ഷഭേദമൊന്നും നോക്കാതെ കെട്ടിപ്പിടിച്ച് പിടഞ്ഞ് മരിച്ചു.
നാട്ടില്‍ നിന്നും ജയിച്ച മന്ത്രിയും പ്രതിപക്ഷനോതാവും തങ്ങളുടെ അണികള്‍ കടിച്ചു കീറുന്നതറിഞ്ഞില്ല. കാരണം ടൂറിസത്തിന്‍റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ വിദേശപര്യാടനത്തിനായി അടുത്തടുത്ത സീറ്റുകളില്‍ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പൃഷ്ഠഭാഗം സീറ്റിലമര്‍ത്തി ഇരുന്നു.കസേര ഏതായാലും വിട്ടു കൊടുക്കാന്‍ പ്രയാസം..

2010 നവംബർ 20, ശനിയാഴ്‌ച

രാജ്യദ്രോഹി

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉമ്മറവാതിലിൽ  ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവൾ ഉണർന്നത്. തന്റെ പാതിയുടെ വിരിമാറിലൊതുങ്ങിക്കിടക്കുന്ന അവൾ ആ സ്നേഹവലയത്തിൽ നിന്നും വഴുതി മാറാൻ മടിച്ച് മയക്കം വിട്ടു മാറാതെ ഒരു നിമിഷം കിടന്നു. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ സ്വപ്ന നിദ്രയിലായിരുന്ന ഭർത്താവിനെ വിളിച്ചു. പാതിയുറക്കത്തിന്റെ മുഷിവിൽ  പിറുപിറുക്കലോടെ പോയി കതകു തുറന്ന അയാൾ ഞെട്ടി. ഉമ്മറപ്പടിയിലെ കാഴ്ച കണ്ട അവളുടെ ഉറക്കച്ചടവിന്റെ ആലസ്യം എങ്ങോ പോയ്മറഞ്ഞു. ബൂട്ടിട്ട കാലുകൾ അകത്തേക്ക് ഇരച്ചു കയറി. അലങ്കോലമായ വീട്ടു സാമാനങ്ങൾക്കിടയിൽ നിന്നും അവർക്കു വേണ്ടതെല്ലാം ലഭിച്ചു.
 
          
 ശബ്ദ  കോലാഹലങ്ങൾ  കേട്ട് ഉണർന്ന മകൻ കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോൾ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ. കഥ അറിയാതെ ആട്ടം കാണേണ്ടിവന്ന ഭാര്യയുടേ കാതിലേക്ക് ഈയം ഉരുക്കിഒഴിക്കുന്ന നീറ്റലോടെ  നിയമപാലകർ കനത്ത ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ. പതിനായിരക്കണക്കിനു ആളുകളുടെ ജീവനെടുത്ത തീവ്രവാദിയാ ഇവൻ. മാതാവിന്റെ സ്ഥാനത്ത് കാണേണ്ട നാടിനെ ഒറ്റി കൊടൂത്ത രാജ്യദ്രോഹി..
                       ചെറുപ്പത്തിലേ വൈധവ്യം പേറേണ്ടി വന്ന മാതാവ് ജീവിത സായാഹ്നത്തിലെങ്കിലും മകൻ തുണയാകുമെന്ന ആശയ്‌ക്ക് വിലങ്ങായി വന്ന കാരണം കേട്ട് മരക്കഷ്ണത്തിനു തുല്യമായി മരവിച്ചു പോയ്. ഇരുമെയ്യും ഒരു മനസ്സുമായി ജീവിതം പങ്കുവെച്ച ഭർത്താവിന്റെ പ്രവർത്തന രഹസ്യം ദു:സ്വപ്നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാതെ ഭാര്യ. തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു.

2010 നവംബർ 13, ശനിയാഴ്‌ച

പുലരി


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......

                            
                             

2010 നവംബർ 5, വെള്ളിയാഴ്‌ച

അറ്റാക്ക്


കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാൻ പരിശ്രമിച്ചത് .അരമതിലിൽ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിൻ കൂടിന് മധ്യഭാഗത്ത്  വല്ലാത്തൊരു വേദന. അവൾ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങൾ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്റെ സ്വകാര്യതകൾ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ വേവലാതി പൂണ്ടു.
 
വേദന നീങ്ങുന്നില്ല. അത് മധ്യഭാഗത്തങ്ങനെ സിംഹാസനത്തിൽക്കയറി അള്ളിപ്പിടിച്ചിരിക്കയാണ്. കുഞ്ഞിനെ എടുക്കാനോ ചപ്പാത്തിക്കു കുഴയ്ക്കാനോ വരെ പറ്റതെ വന്നു. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പലത്. കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയപ്പോൾ കണ്ടു കൊതി തീരാത്ത ഭാവം. ഭർത്താവിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോഴും പറഞ്ഞറിയിക്കാനാ‍കാത്ത വിങ്ങൽ ഉള്ളിൽ കനച്ചു കിടന്നു. ഭർത്താവും കുട്ടികളും ഒന്നിച്ചുള്ള കുടുംബജീവിതം സ്വപ്നം കണ്ടത് വെള്ളത്തിൽ വരച്ച വരകൾക്ക് തുല്യമോ.
 
ഉള്ളറകളിലെ തേങ്ങലുകൾ അച്ചടി മഷി പുരണ്ടാൽ പ്രകാശനവേളയിൽ പ്രസംഗിക്കാനുള്ള വാചകങ്ങൾ വരെ അവൾ തയാറാക്കി വച്ചിരിക്കുന്നു. ആരെയെല്ലാം ക്ഷണിക്കണമെന്നും എവിടെവച്ചു് എങ്ങിനെ നടത്തണമെന്നുപോലും അവൾ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട് .ആദ്യ കഥാസമാഹാരാം സ്വന്തം സ്മരണക്ക് മുമ്പിലാകുമോ.
 
അവൾ നന്നായി വിയർത്തിരുന്നു. മനസ്സിലെ ആശങ്കകൾ എഴുതി വച്ചാലോ.. അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ വിഡ്ഢിത്തങ്ങൾ വായിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം. എങ്കിലും എഴുതിക്കളയാം.
ഒരു പക്ഷേ നാളെത്തന്നെ വെള്ള പുതപ്പിച്ചു കിടത്തുകയാണെങ്കിൽ അടക്കം പറയുന്നവർക്ക് അവൾ മരണം മുൻ കൂട്ടി കണ്ടിരുന്നു എന്ന വിഷയം കൂടി ഓരോരുത്തരുടെ സർഗ്ഗവാസനയ്ക്കനുസരിച്ച് മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാമല്ലോ.
 
എന്തൊക്കെയായാലും രാത്രി പത്തുമണി കഴിഞ്ഞു. വേദനയ്ക്ക് മാറ്റമൊന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ പ്രയാസം. ഉറക്കത്തിന്റെ സാമ്രാജ്യത്തിൽ സ്വപ്നങ്ങളെ കൂട്ടിന് വിളിച്ച് പറന്നുല്ലസിക്കാൻ തുടങ്ങിയ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞാലോ. ഏതായാലും പറഞ്ഞേക്കാം. ഇത് തന്റെ അവസാനത്തെ രാത്രിയാണെങ്കിലോ?. അങ്ങിനെ ചിന്തിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ ചിന്തകൾ മനസ്സിന്‍റെ കോണിലെവിടെയോ ഒരു മിന്നൽ പടര്‍ത്തുന്നു.
ഭർത്താവിനെ പതുക്കെ തൊട്ടു വിളിച്ചു. ഉണരാൻ അല്പം മടിയുള്ള കൂട്ടത്തിലാണല്ലോ കക്ഷി.. കൂറ്റനാടിനെപ്പോലെ മുരടനക്കി നെറ്റിചുളിച്ചു. പാതി തുറന്ന കണ്ണുകളോടെ ചോദിച്ചു "എന്താ?"
           
"എനിക്കൊരു നെഞ്ചുവേദന" നേരിയ സങ്കട ചുവയിൽ അവൾ പറഞ്ഞു.
"നെഞ്ചിന്റെ ഏത് ഭാഗത്താ?" ഉറക്കച്ചടവ് മാറാ‍തെ അയാൾ വീണ്ടും ചോദിച്ചു.
"മധ്യഭാഗത്ത്" അവൾ പറഞ്ഞു.
 
"മറ്റെവിടേക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?"ഡോക്ടറൂടെ കൺസൽട്ടിങ് പോലെ തോന്നിയില്ലങ്കിലും അയാളുടെ കണ്ണുകളിലെ ഉറക്കമവളെ വേദനിപ്പിച്ചു.
"ഇല്ല. അവിടെത്തന്നെ. നല്ല വേദനയുണ്ട്" അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇത്ര പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും ചെറിയൊരു വേവലാതി പോലും അയളുടെ നോക്കിലോ വാക്കിലോ വരാതിരുന്നത് അവളെ വേദനിപ്പിച്ചു.
"അതു വല്ല ഗ്യാസുമായിരിക്കും. വെളുക്കുന്നതു മുതൽ ഇരുട്ടുവോളം വലിച്ചു വാരി കഴിക്കും. എന്നിട്ട് രാത്രിയായാൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ …"അയാൾ ഉറക്കത്തിന്റെ രസച്ചരട് പൊട്ടിച്ചതിന് അവളോട് കയർത്തു.
അവൾ പ്രതീക്ഷിച്ച പ്രതികരണമായിരുന്നെങ്കിലും ആ നിമിഷത്തിൽ മനോവിഷമം അനുഭവപ്പെട്ടു. അവസാന നിമിഷത്തിൽ ഭർത്താവിന്റെ കൈകൊണ്ട് തുള്ളി വെള്ളം കിട്ടുമെന്നൊന്നും അവൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം കുടുംബത്തിന് താങ്ങാനാവില്ല എന്നതും താനില്ലാതെ ഒരു കാര്യവും നടക്കില്ല എന്നതും വെറും വിഡ്ഡിത്തങ്ങളായ വിശ്വസങ്ങളാണെന്ന് അവൾക്ക് മനസ്സിലായി. ഈ പ്രപഞ്ചത്തിലെ വെറുമൊരു അണു മാത്രമാണ് താനെന്ന സത്യം അവൾ ഒരിക്കൽകൂടി അടിവരയിട്ടു. ഒരു തലോടലൊ ആശ്വാസവാക്കൊ മതിയായിരുന്നു ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും നൽകിയ ഭർത്താവിൽ നിന്നുള്ള പെരുമാറ്റത്തിൽ. അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കാൻ പണ്ടേ അദ്ദേഹത്തിന് അറിയില്ലല്ലോ.
 
വിവാഹത്തിന്റെ ആദ്യനാളുകളിൽ പോലും മാധുര്യമേറിയ വാക്കുകള്‍ കേൾക്കാൻ അവൾ കാതുകൾ കൂർപ്പിച്ചിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വാരിപ്പുണരുന്നതും ചുംബനം സമ്മാനിക്കുന്നതും അവൾ വെറുതേ സങ്കല്പിച്ചുകൊണ്ടിരുന്നു. നാളിതുവരെ അത് വെറും സങ്കല്പങ്ങൾ മാത്രമായി തുടർന്നു കൊണ്ടേയിരിക്കുന്നു. സങ്കല്പങ്ങളും സ്വപ്നം കാണലുമെല്ലാം എഴുത്തുകാരുടെ ഒരോ ഭ്രാന്തൻ ചിന്തകളായാണല്ലോ അദ്ദേഹം കണ്ടത്. എഴുത്തുകാർ വികാരജീവികളായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. ആ ആക്ഷേപത്തിലും ഈ സങ്കല്പ പരവതാനിയിൽ സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കാൻ പറ്റുന്ന ചിന്തകളിൽ അവൾ എന്നും സന്തുഷ്ടയായിരുന്നു.
പക്ഷേ, ഈയിടെയായി അയാളെയും ചുറ്റിപ്പറ്റിയുള്ള സങ്കല്പങ്ങൾ മെനഞ്ഞെടുക്കാൻ അവൾ ശ്രമിക്കാറില്ല. കാരണം സങ്കല്പസാമ്രാജ്യത്തിലെ കൊട്ടാര വാതിലിൽ നിന്നും പടി ഇറങ്ങിപ്പോരുമ്പോൾ നിർവ്വികാരനായ ഭർത്താവിന്റെ മുഖം അവളിൽ അസ്വസ്ഥത പരത്തി. അതിൽ പിന്നെ വികാരവിചാരങ്ങളേതുമില്ലാതെ അയാൾ തെളിയ്ക്കുന്ന വഴിയേ വെറുതേ അങ്ങനെ ജീവിച്ചു തീർക്കലായിരുന്നു അവളുടെ ജീവിതം. എങ്കിലും അദ്ദേഹത്തേയും കുഞ്ഞിനേയും വിട്ട് മരണത്തിന്റെ ഗർത്തത്തിലേക്ക് പതിക്കുക എന്നത് അവൾക്ക് ഊഹിക്കാൻ പോലും സാധിച്ചില്ല. പ്രകടിപ്പിക്കുന്ന സ്നേഹത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല. അവൾ പ്രണയാർദ്രമായ വാക്കുകൾ പറയുമ്പോൾ പ്രായം കൊണ്ട് അയാൾ മറകെട്ടി. അതിൽ അവൾക്കു് നിരാശ അനുഭവപ്പെട്ടു. പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം. അവരുടെ പ്രവ്യത്തികളിലും പ്രണയത്തിന്റെ മയിൽപ്പീലി വിടർത്തിയതേയില്ല.
കൂടെ പഠിച്ചവരും കുടെ ജോലി ചെയ്തവരുമായ സ്തീകളോട് സംസാരിക്കുമ്പോൾ അയാളുടെ വാക്കുകളിൽ പ്രണയം ചുവയ്ക്കുന്നതും ആ കണ്ണുകൾ വിടരുന്നതും അവൾ ശ്രദ്ധിച്ചു. തന്നോട് കാണിക്കാത്ത പുഞ്ചിരി അവർക്കായി സമ്മാനിക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞു  
ഭാവിയിൽ ഒരു കൊച്ചു വീട് സ്വന്തമായി വേണമെന്നുള്ള തന്റെ ആവശ്യം പോലും ആയാൾ ഗൌനിക്കാറില്ല. തങ്ങളുടെ കൊട്ടാരത്തിന്റെ രുപഭംഗിയെക്കുറിച്ചും അതിന്റെ സൌകര്യങ്ങളെക്കുറിച്ചും ഒരേ ഇരിപ്പിടത്തിലിരുന്ന് പങ്ക് വെക്കാമെന്നവൾ പലപ്പോഴും പറഞ്ഞു. അപ്പോഴൊക്കെ വെറുമൊരു മൂളലിലൊ അല്ലെങ്കില്‍ അതെല്ലാം സമയകുമ്പോൾ ചിന്തിച്ചാൽ മതിയല്ലൊ എന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.          
 
രാതി പതിനൊന്നു മണി കഴിഞ്ഞിട്ടും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി ശ്രുതി ചേരാതെ സംഗീതമഴപെയ്തു കൊണ്ടേയിരുന്നു. വായിച്ച് തീർക്കാനൊരുപാട് പുസ്തകങ്ങൾ. എഴുതി തീർക്കാൻ അനവധി കാര്യങ്ങള്‍. ഇതിനിടയിൽ ഒരു യാത്രയയപ്പ് പോലുമില്ലാതെ ഇതുവരെ ജീവിതത്തെ ഇഷ്ടപ്പെട്ട കനിപോലെ വാരിപ്പുണർന്ന് മാറോടു ചേർത്തിയതിന് ഒരു ഉപഹാരം പോലും ലഭിക്കാതെ അന്ത്യയാത്രയ്ക്ക് സമയമായോ? മരണം മുൻകൂട്ടി കണ്ട വിറയലൊ ബദ്ധപ്പാടോ അവളുടെ എഴുത്തിൽ നിഴലിച്ചില്ല..ചിന്തകൾ കാടുകേറി പോകവേ രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.
    
പതിവ് പോലെ കാലത്തെ അഞ്ചുമണിക്കു തന്നെ ഉണരാൻ അവൾക്ക് സാധിച്ചില്ല. തലേന്നാളിന്റെ ഉറക്കക്ഷീണമാകാം. 
 
തനിക്കായി ഒരു പ്രഭാതം കൂടിവിരിഞ്ഞു. അന്നുചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ കളം വരച്ച് ചാർട്ട് തയ്യാറാക്കി ഉറക്കമുണർന്ന് കിടന്ന കിടപ്പിൽ കിടന്നു തന്നെ അന്നത്തെ പ്ലാനിങ്ങും അവൾക്ക് പതിവുള്ളതാണ്. വേദന മാറിയെങ്കിലും ചിന്തകൾ കാറ്റിലെ പട്ടം കണക്കേ പറന്നു കൊണ്ടേയിരുന്നു. അതിന്റെ ചരടിന്റെ അറ്റം പക്ഷേ, അവളുടെ കൈപ്പിടിയിലായിരുന്നില്ല....

2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഉമിത്തീ



ഇളയമകള്‍ക്ക് രണ്ട് വയസ്സ്കഴിഞ്ഞപ്പോള്‍ തൊട്ട് അവളുടെ കാതു കുത്താന്‍ ഉമ്മ നിര്‍ബന്ധിക്കുന്നുണ്ട്. നീല കല്ലുവച്ച സ്റ്റിറലെസ് ചെയ്ത കമ്മല്‍ അവളുടെ ഉപ്പ കൊണ്ടുവന്നു തന്നിട്ട് നാളേറെയായി. ആ കുഞ്ഞ് കാത് വേദനിപ്പിക്കുന്നതിന്റെ വിഷമത്തിലായിരുന്നു ഞാന്‍ .കമ്മലിനോട് രൂപസാദ്യശ്യമുള്ള എന്ത് കൈയില്‍ കിട്ടിയാലും അത് അണിയാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ കാതു കുത്താന്‍ ഇനിയും വൈകണ്ട എന്നു തീരുമാനിച്ചു
ഉച്ചഭക്ഷണത്തിനുശേഷമുള്ള ഉണ്ണിയുറക്കവും കഴിഞ്ഞ് അയൽപക്കത്തെ ജീപ്പ് ഡ്രൈവർ ബാലകൃഷ്ണൻ നായരുടെ മകൾ പത്താം ക്ലാസുകാരി റീനയെയും കൂട്ടിന്‌ വിളിച്ച് തട്ടാൻ അപ്പുവേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു.മെയിൻ റോഡും ഇടവഴിയും കഴിഞ്ഞെത്തുന്ന ചെറിയ അങ്ങാടിയിലാണ്‌ അപ്പുവേട്ടന്റെ കട
             ഉച്ചവേയിലിന്റെ തിഷ്ണത അൽ‌പ്പം കുറഞ്ഞിട്ടുണ്ട്.ജീവിതത്തിന്റെ ഭാരമേറിയ ചുമടെടുക്കാത്ത, പൂക്കളോടും ചെടികളോടും കുശലം പറഞ്ഞിരുന്ന സ്കൂൾ കാലമായിരുന്നു മനസിൽ .അപ്പുവേട്ടന്റെ പീടികക്കപ്പുറത്തുള്ള സ്കൂളിലേക്ക് ഈ വഴിയായിരുന്നല്ലോ പോക്കുവരവ് വഴിനീളെ ഓർമ്മകൾ ചിതറിക്കിടന്നിരുന്നു. വഴി കാഴ്ചകൾ എനിക് എന്നും കൌതുകം നൽകിയിരുന്നു.
ഉമിത്തിയിൽ സ്വർണത്തെ പാകപ്പെടുത്തുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ പീടികയുടെ ചുറ്റും കൂടാറുണ്ടായിരുന്നു. അദ്ദേഹം പണികഴിപ്പിച്ചു വെച്ച ചെയിനുകളും പാദസരങ്ങളും മുത്തരഞ്ഞാണങ്ങളുമെല്ലാം മുൻഭാഗത്തുള്ള ചില്ലലമാരയിൽ നിരത്തിവച്ചിരിക്കുന്നത് കാണാം.വല്ലപ്പോഴും മാത്രം ഷർട്ടിടുന്ന അദ്ദേഹത്തിന് മുണ്ടും ബനിയനും സ്ഥിരംവേഷം.
നീണ്ട് കൊലുന്നനെയുള്ള രൂപമായിരുന്നു. കടയുടെ തിണ്ണയിൽ അലുമിനിയം ജഗ്ഗിൽ നിറയെ വെള്ളം കൊണ്ടുവന്ന് വച്ചിട്ടുണ്ടാകും .തൊട്ടടുത്തുതന്നെ പ്ലാസ്റ്റിക് വയർ മെടഞ്ഞ ഇരുമ്പ് കസേരയിൽ ടെയ്ലർ അപ്പുണ്ണി ഇരിക്കുന്നതുകാണാം. തൊട്ടടുത്താണ് അപ്പുണ്ണിയുടെ കട. അയാൾമിക്കവാറും അപ്പുവേട്ടന്റെ കടയിലിരിക്കുന്നതു കാണാം.രണ്ടാളും സഖാക്കളാണല്ലോ.പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുകായാവും ഞങ്ങൾ വിക്യ് തികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുകയാണെങ്കിൽ  കുനിഞ്ഞിരുന്ന് പണിയുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ ഒരു നോട്ടമാണ്.ഞങ്ങൾ നാലുപാടുംചിതറി ഓടുമ്പോൾ അദ്ദേഹത്തീന്റെ മുഖത്ത് ഒരു കുസ്യതിച്ചിരി വിടരുന്നത് കാണാം.
                              പുകഞ്ഞു കൊണ്ടിരുന്ന ഉമിയിലേക്ക് കുഴൽ വച്ച് ഊതുമ്പോഴുണ്ടാകുന്ന സ്വർണവർണങ്ങളിലുള്ള തീപ്പൊരികൾ കാണാനാണ് ഞങ്ങളുടെ നിൽ‌പ്പ്
   ഒരുപാട് ദൂരം നടക്കാനുണ്ടായിരുന്ന സ്കൂളിലേക്ക് നടന്ന് ദാഹിച്ചുവരുന്ന കുട്ടികൾ ആവശ്യപ്പെട്ടാൽ നല്ല തണുത്തവെള്ളം നൽകുന്ന അയ്യപ്പേട്ടന്റെ ചായക്കടയും അടുത്ത്തന്നെയുണ്ട്.
                                          മുഖത്ത് തലോടി പോകുന്ന കാറ്റിന് പോക്കുവെഴിലിന്റെ ഇളം ചൂടുണ്ട്.ഇത് മതിയാകും ചിലപ്പോൾ മോൾക്ക് അസുഖം വരാൻ.റീനയുടെ മുഖത്തും നടന്നതിന്റെ മടുപ്പ് കാണാനുണ്ട്.ഇടവഴിയുടെ ഓരംചേർന്ന് നിറയെ പൂത്ത് നിന്നിരുന്ന പാലമരവും തൊട്ടരികിലായി മകളും അതിന്റെ മക്കളുമായി കൂട്ടംകൂട്ടാമായിവളർന്നിരുന്ന കള്ളിച്ചെടിയൊന്നും കാണാനില്ല.
              പീടികയിലെത്തിയപ്പോഴേക്കും ഞങ്ങൾ ക്ഷിണിച്ചിരുന്നു.കാൽ‌ പ്പെരുമാറ്റം കേട്ടിട്ടാവണം കുനിഞ്ഞിരുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ നോക്കി.ആനോട്ടം പഴയതാണെങ്കിലും വാർധക്യത്തിന്റെ ചുളിവുകൾ ആമുഖത്ത് പുതിയ കാഴ്ചയായ് രൂപം കൊണ്ടിരിക്കുന്നു.പരിചയഭാവം ആമുഖത്ത് കാണാതിരുന്നപ്പോൾ ഞാൻ സ്വയം പരിചയപ്പെടുത്തി. തട്ടാൻ അപ്പുവേട്ടൻ പക്ഷേ സ്വർണം പണിയുകയായിരുന്നില്ല. ഒരു പഴയ ടേപ്പ് റെക്കോർഡർ  നന്നാക്കുകയായിരുന്നു.
                                                          തീകെട്ടുപോയ നിലയിൽ  ഉമിചട്ടിയും കുഴലും കടയുടെ ഒരു മൂലയിൽ പുരാവസ്തു വിന് തുല്യമയി ഒതുങ്ങിക്കിടക്കുന്നുണ്ട് ചുമരിൽ ക്യത്യത ഇല്ലാത്ത സമയവുമായി ഒരു ക്ലോക്ക് പൊടിപിടിച്ചനിലയിലും കാണുന്നു.സമയം ശരിയല്ലങ്കിലും  അതിന്റെ സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു. പയഴ അലൂമിനിയം ജഗ്ഗിനു പള്ളയ്ക്ക് അൽ‌പ്പം കോട്ടമുണ്ടങ്കിലും പഴയസ്ഥാനത്ത് തന്നെ സ്ഥലം മുറപ്പിച്ചിട്ടുണ്ട്. ഇരുമ്പ് കസേരയ്ക്ക് പകരം പഴയ ഒരു മരക്ക്സേരയും കാണുന്നു. 
                       എന്തു വേണമെന്ന ചോദ്യത്തിന് മകളുടെ കാതു കുത്താനാണെന്ന് പറഞ്ഞപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലി മുഴുപ്പിക്കട്ടെ. അൽ‌പ്പസമയംകാത്തിരിക്കൂ എന്നു പറഞ്ഞു.
     ഞാൻ അങ്ങാടിയെ അടിമുടിയൊന്ന് നോക്കി. എല്ലാകടകൾക്കും പുരോഗതിയുണ്ട് റോഡിന്റെ വലതുവശത്തായി പുതുതായി രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധത്തിലുള്ളചെറിയൊരു പൂന്തൊട്ടവും ഒരു പോസ്റ്റ് വിലങ്ങനെ ഇട്ട് അതിന് മുകളിൽ രണ്ട് മൂന്ന് പേർ ഇരിക്കുന്നതു കണ്ടു.


                                                                   അയ്യപ്പൻ ചേട്ടൻ മരിച്ചപ്പോഴാകണം ചായക്കട പൂട്ടിക്കിടക്കുന്നു.മുതിർന്ന മക്കൾ സ്വന്തം കാര്യം നോക്കാമെന്നായപ്പോൾ അപ്പുണ്ണി തയ്യൽ പണി നിറുത്തി സജീവമായി പർട്ടിപ്രവർത്തനത്തിൽ മുഴുകി. എല്ലാകടകളീലും മുമ്പു്  ഉണ്ടായിരുന്ന നിരപലകൾ ഷട്ടറിന് വഴിമാറിയപ്പോൾ അപ്പുവേട്ടന്റെ കട ഇപ്പോഴും നിരപലകളിൽ ബന്ധിതമാണ്.അദ്ദേഹത്തിന്റെ രൂപത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അവിടെവിടയായി കാണ പ്പെട്ടിരുന്ന വെള്ളിനൂലുകൾ ഇന്നു മുഴുക്കെ നരച്ചിട്ടുണ്ട് .
                                                                          കനം കുറഞ്ഞ ഓഴിൽസാരി വലിച്ചു വാരിച്ചുറ്റി ഒരു കൈയിൽ ആവിപറക്കുന്ന കട്ടൻ ചായയും ഒക്കത്ത് രണ്ട് വയസ് പ്രായം തോന്നിപ്പിക്കുന്നഒരു ആൺകുട്ടിയെയും എ ടുത്ത് അപ്പുവേട്ടന്റെ മകൾ പ്രസന്നച്ചേച്ചി പീടികയിലേക്ക് വന്നു.ചായ കപ്പ് തിണ്ണയിൽ വച്ച ശേഷം ഒലിച്ചുകെണ്ടിരുന്ന കുഞ്ഞിന്റെ മൂക്ക് തുടച്ച് സാരിയിൽ തുടച്ചു. അവരുടെ പല്ലുകൾക്ക്  ഒട്ടും അനുസരണ യുണ്ടായിരുന്നില്ല. ചുണ്ട് പൂട്ടുമ്പോൾ പല്ലുകളെക്കൂടി  അകത്താക്കാൻ  അവർ വിഫലശ്രമം നടത്തുന്നുണ്ട് പല്ലുകൾ മുഴുവൻ  വെളിയിൽ കാണിച്ചുള്ള ആചിരി കുട്ടിക്കാലം മുതലെ എനിക്കിഷ്ടമായിരുന്നു എവിടെയോ കണ്ട് മറന്നൊരു   മുഖഭാവം അവരുടെ മുഖത്ത് പ്രകടമായെങ്കിലും തമസിയാതെ എന്നെ മനസിലായി.
                    ഇരുപതുവർഷം മുമ്പുണ്ടായിരുന്ന നാടിനും നാട്ടുകർക്കും ഇന്ന് പുരോഗതി കൈവരിച്ചിട്ടും കുടുംബത്തിനും പഴയതിലും പരിതാപകരമായ അവസ്ഥ വന്നത് ഞാൻ പ്രസന്നച്ചേച്ചിയോട് ചോദിച്ചു.അവരുടെ കണ്ണുകൾ കുഴിഞ്ഞതായും കവിളെല്ലുകൾ പോന്തി നിൽക്കുന്നതും കണുമ്പോൾ  ആമുഖത്ത് ദാരിദ്രം വിളിച്ചോതുന്നുണ്ടായിരുന്നു.ദുഃഖം കനത്ത് അവർ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
                                                                                        വിവിധഡിസൈനുകളുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ അരങ്ങ് തകർക്കുമ്പോൾ നാട്ടുകാർ അച്ഛനെ തേടിവരുന്നത് കാതുകുത്തിനും മുസ്ല്ലീം കുട്ടികളുടെ സുന്നത്ത് കല്യാണത്തിന് അണിയിക്കാൻ മോതിരത്തിനും മാത്രമായി ഒതുങ്ങി.ജന്മ നാബുദ്ധിവൈകല്യമുള്ള സഹോദരന്മാരുടെ പരിചരണവും ചികിത്സാച്ചെലവും അദ്ദേഹത്തെ തളർത്തി.വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായ ഞാൻ ബാധ്യതയുടെ ഭാണ്ഡവും പേറി ഇടക്ക് വിരുന്ന് വരുന്നതു പോലും അച്ഛന് അസ്വസ്ഥയാകുന്നുണ്ടാകും.
                       അപ്പുവേട്ടൻ എഴുന്നേറ്റ് മോളുടെ കാത് പിടിച്ച് അവളോടൊന്നു ചിരിച്ചു. പക്ഷേ അവൾക്കത് ഒട്ടും രസിച്ചില്ലന്ന് തോന്നുന്നു. കമ്മൽ കൈയിലുണ്ടന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരന്നു. നീല കല്ലുവെച്ച കമ്മൽ തിരിച്ചും മറിച്ചും നൊക്കിട്ട് ഇത് ചങ്കിരി ഇല്ലാത്ത കമ്മലാണ് .ഇതുകൊണ്ട് തനിക്ക് കാതുകുത്താൻ പറ്റില്ലെന്ന് കാര്യകാരണസഹിതം അദ്ദേഹം പറഞ്ഞു.
              കമ്മൽ വാങ്ങിതന്ന ഭർത്താവിന്  നീരസമുണ്ടാകുമോ എന്ന് ഭയന്ന് അപ്പുവേട്ടന്റെ പക്കലുള്ള കമ്മൽ വാങ്ങി കാതുകുത്താൻ മെനക്കെട്ടില്ല.
                        കാതുകുത്താനായി കൈയിലെടുത്ത കാശ് അപ്പുവേട്ടന്റെ നേരെ നീട്ടി ഞാൻ പറഞ്ഞു. ഇത് വച്ചോളൂ. വേണ്ടാ മോളേ തെറ്റിദ്ധരിക്കരുത് .
                 പണിചെയ്യതെ കൂലി വാങ്ങി ശീലമില്ല .കുലത്തൊഴിലായ സ്വർണപ്പണിയിൽ നിന്നും ജീവിതം കരയ്ക്കടുപ്പിക്കാൻ കഴിയാതെയായപ്പോഴാകണം മറ്റ് തൊഴിൽ മർഗ്ഗങ്ങൾ തേടിയത്  പക്ഷേ ഇപ്പോഴും നടുക്കടലിൽ തന്നെ. കെട്ടടങ്ങിയ ഉമിത്തീ പ്രാരബ്ധങ്ങളുടെ നെരിപ്പോടായി നെഞ്ചിൽ ഒരായിരം സ്വർണവർണങ്ങളായി.ചുട്ടു പൊള്ളുന്ന കനലായി കത്തിക്കൊണ്ടിരിക്കുകയാണ്.നേരം സന്ധ്യയായതോടെ നിര പലകകൾ ഓരോന്നായി എടൂത്തുവക്കുന്ന അപ്പുവേട്ടനെ നോക്കി താങ്ങാനാവാത്ത മാനസികവ്യഥയോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു....
                                                                            

2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സൗഹ്യദം

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്  വഴിയിൽ കനലിൽ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോൾ  കൊതിമൂത്ത്  വിൽ‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാൻ. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും  എന്റെ കണ്ണുകളിൽ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയിൽ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാൽ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകൾ  ഉള്ളിൽ  നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവൻ കമ്പം കഴിക്കുകയായിരുന്നു.
                                       രണ്ടു ദിവസം കഴിഞ്ഞ് കാറ്റാടിമരങ്ങൾ ക്കിടയിൽ ആലോചനകളുടെ ഊഞ്ഞാലിലേറി  ആടിക്കൊണ്ടിരുന്ന മനസ്സുമായി വെറും നിലത്തിരിക്കുന്ന എന്റെ അരികിൽ തോളിൽ നിന്നും ഇറങ്ങി ഒക്കത്തിരിക്കുന്ന കനത്ത ബാഗുമായി  വീണ്ടും അവൻ നടന്നു പോയി. എന്തോ കാന്തിക ശക്തിയിലെന്നപോലെ ഞാനവനെ പിന്തുടർന്നു.
                      കണ്ണുകൾ കൂട്ടിമുട്ടിയപ്പോഴൊക്കെ ഞാൻ അവനായി പുഞ്ചിരിപൊഴിച്ചു. എന്നാലവൻ വേറെ ലോകത്താണെന്ന് തോന്നി.  വെറുതെ പേര് ചോദിച്ചു.
“അൻ വർ“
“നാട്“
“കണ്ണൂർ”
ഒറ്റ വാക്കിലൊതുക്കിയ മറുപടികൾ കൂടുതൽ ചോദിക്കുന്നതിൽ നിന്നെന്നെ വിലക്കി.
ഒരാഴ്ച അവിടെ തങ്ങിയ ഞാൻ പിന്നീടവനെ അവസാനമായി കണ്ടത് തിരികെ വരാനായി ഭാണ്ഡമൊരുക്കുന്ന തിരക്കിലായിരുന്നു. ഹോട്ടലിൽ നിന്നും ബാഗുമായി പുൽത്തകിടിയിലേക്കിറങ്ങിയപ്പോൾ ബെഞ്ചിൽ ഒരു സായിപ്പ് വറ്റാത്ത ഒരു ചിരിയോടെ മുന്നിലിരിക്കുന്നു. തൊട്ടുമുന്നിൽ അവനുണ്ട് .എന്തോ വരക്കുകയാണ്.പൂർത്തിയാക്കിയ ചിത്രം സായിപ്പിന് സമ്മാനിച്ച് അയാൾ സന്തോഷത്തോടെ കൊടുത്ത രൂപ വാങ്ങി പോക്കറ്റിലിട്ടു.ഒരു ചെറു പുഞ്ചിരിയോടെ ബാഗുമായി അവൻ നടന്നു. വീണ്ടും അവനെ കൂടുതലറിയാനൊരു മോഹം..
                                      ഇപ്പോൾ അവന്റെ മുഖത്ത് ഒരു സൗഹ്യദം ഒളിഞ്ഞു കിടപ്പുണ്ട് .ഒരു പക്ഷേ ഇതിനു മുമ്പു കണ്ടപ്പോഴൊക്കെ അവൻ എതെങ്കിലും ആകുലതകളിലായിക്കാം.
                            അവനോട് കൂടുതൽ സംസാരിച്ചപ്പോഴാണ് ഏകദേശം ഞങ്ങൾ രണ്ടു പേരും ഒരേ വഞ്ചിയിൽ യാത്രചെയ്യുന്നവരാണന്ന് മനസ്സിലായത് .
                                  ഈ ലോകത്തിന്റെ മുഴുവൻ സൗന്ദര്യവും കാണാൻ എനിക്കെന്നിട്ടും ആർത്തിയായിരുന്നു. ആമനോഹാരിത മുഴുവൻ ഓർമ്മയുടെ ചെപ്പിലാക്കി എന്റെ എഴുത്ത് മേശയിൽ കൊണ്ട് വയ്ക്കും പിന്നീട് അവക്ക് അക്ഷരങ്ങളാൽ ജീവൻ കൊടുക്കും യാത്രയിലെ ദുരനുഭവങ്ങൾ അണച്ചു . മൂർച്ചകകൂട്ടി എന്റെ തൂലികത്തുമ്പിൽ കൊണ്ട് വന്ന് ഞാൻ വാൾപയറ്റ് നടത്തും . ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുന്ന ഞാൻ ചിറകുകളരിയപ്പെട്ട് ഒരു സ്വർണ്ണക്കൂട്ടിൽ അടക്കപ്പെടുമെന്ന് ഭയം കൊണ്ടാണ് വിവാഹം പോലും വേണ്ടന്ന് വെച്ചത്
                                             എനിക്കും അവനും തമ്മിൽ ഒരു വ്യത്യാസം മാത്രം . ഞാൻ കാഴചകൾ എഴുത്തിലൂടെ പ്രകടമാക്കൂന്നുവെങ്കിൽ അവന്റെ സ്യഷ്ടി മനോഹരങ്ങളായ ചിത്രങ്ങളാണ്.
                               അന്നു ഞങ്ങൾ ഒരു പാട് നേരം സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ്സിനിടക്ക് ഖുർആനും ഭഗവത്ഗീതയും രാമായണവും ബൈബിളും ബുദ്ധസാരവും എന്നുവേണ്ട ഒട്ടുമിക്ക മതഗ്രന്ഥങ്ങളും അവൻ വായിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും തന്റെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകുമെന്ന് കരുതിയതുകൊണ്ടു കൂടിയാവണം മതത്തെ ഒരു പാഥേയമായവന്‍ തന്റെ ഭണ്ഡത്തിലെടുക്കാഞ്ഞത്.ഇക്കാര്യത്തില്‍ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പുരുഷനായ അവന് സഞ്ചാരത്തിന്‌ മതങ്ങള്‍ തടസ്സമാകില്ല എന്ന് ഞാന്‍ പറഞ്ഞു.ലോകത്തിന്റെ ഒട്ടുമിക്ക മൂലകളും അടുത്തറിഞ്ഞ അവനോട് പേര് കേട്ടപ്പോള്‍ ഇസ്ലാം മത വിശ്യാസിയാണെന്ന് കരുതി ഞാന്‍ പറഞ്ഞു:പരിശുദ്ധ മക്ക  സന്ദര്‍ശിച്ചുകൂടെ നിനക്ക്?  നീകണാത്ത അറിയാത്ത പല അനുഭവങ്ങളും സായൂജ്യവും അവിടന്ന് ലഭിച്ചേക്കും." അവനതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: പള്ളി, ക്ഷേത്രം  തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്."
          മതങ്ങള്‍ ഏറ്പ്പെടുത്തിയ കൂച്ചുവിലങ്ങുകളെക്കുറിച്ചവന്‍ വചാലനായി.
            താന്‍ സന്ദര്‍ശിച്ച ഹിമാലയത്തിന്റെ സൗന്ദര്യം അവന്റെ ഓരോ വാക്കുകളിലും മനോഹരമായചിത്രങ്ങളായി ഇതള്‍ വിരിഞ്ഞു.
                       യാത്രകള്‍ക്കും മറ്റു  മുളള പണം എങ്ങനെ സമ്പാദിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരിയിലൊക്കി അവന്‍ .ഹോട്ടല്‍ മുറ്റത്തുനിന്നും  ഞാന്‍ കണ്ട സായിപ്പിന്റെ ചിരിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ പ്രതിഫലമായിരുന്നു പലപ്പോഴും ഉപജീവനമാര്‍ഗ്ഗം. നീണ്ട യാത്രകളില്‍ സുഹ്യത്തുക്കള്‍ സഹായിക്കും. അതല്ലങ്കില്‍ ഇടക്ക് വച്ച് പുതിയ സുഹ്യത്തുക്കളെ കൂട്ടിന് കിട്ടും. സാമാന്യം അയഞ്ഞുതൂങ്ങിയ ബാഗായിരുന്നു പലപ്പോഴും അവന്റെ സന്തത സഹചാരി. വരക്കാനുള്ള സാമഗ്രികളും കനത്ത പുസ്തകങ്ങളും വസ്ത്രങ്ങളും മയിരുന്നു അതിന്റെ ഉള്ളടക്കം. അതു എന്തിനേക്കാളും പ്രിയപ്പെട്ടതായി അവനോട് സദാ ഒട്ടിക്കിടന്നു.
                           മനുഷ്യ ന്റെ ഉല്‍ഭവത്തെപ്പറ്റിയും പ്രപഞ്ച സത്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ബന്ധങ്ങള്‍ അവന്റെ യാത്രകളെ പിടിച്ചു കെട്ടിയിരുന്നില്ല.മാസങ്ങള്‍ നീണ്ട വേര്‍പ്പാടിലും വീട് അവനെ പിറകോട്ടു വലിച്ചതു മില്ല.പോക്കുവരവുകകള്‍ക്കിടയില്‍ താത്ക്കാലിക സത്രമായി ചിലപ്പോഴെങ്കിലും വീട് മാറിയെന്ന് മാത്രം
                                         രണ്ട്മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സൗഹ്യദം പുതുക്കാന്‍ അവന്‍ വീട്ടില്‍ വരുന്നുണ്ടെന്ന് വിളീച്ച് പറഞ്ഞപ്പോഴാണ് കാലപ്പഴക്കമുണ്ടായിട്ടും പൊടിയും മാറാലയും പിടിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് .ഉച്ചയോടെ അവനെത്തി. ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയ ശേഷം എല്ലാവരും കൂടീരുന്ന് ഭക്ഷണം കഴിച്ചു.ഉച്ചമയക്കത്തിന്റെ അലോസരമില്ലാതെ ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ വരന്തയില്‍ ഇരുന്നു.
                                                       സംസാരത്തിനിടയില്‍ ഞാന്‍ അവന്റെ ഭുതകാലം ചികയാന്‍ ശ്രമിച്ചു ഡിഗ്രിവരെ പഠിച്ചിട്ടുണ്ടെന്നതും പഠനത്തിനിടയിലെ തന്നെ യാത്രകള്‍ നടത്താറുണ്ടായിരുന്നു. എന്നും അവന്‍ പറഞ്ഞു.
                                              പുതിയപേരിനോട് പ്രത്യേക ഇഷ്ടം തോന്നിയപ്പോള്‍ അവന്‍ അഖിലില്‍ നിന്നു അന്‍വറിലേക്ക് വഴുതി മാറിതിയതാണ്‌.പക്ഷേ,റെക്കാര്‍ഡില്‍ നെയിം അഖില്‍ എന്നുതന്നെയാണ്‌ .സുഹ്യത്തുക്കള്‍ക്കിടയില്‍ അലാവുദ്ദീന്‍ എന്ന വിളിപ്പേരും ഉണ്ടായിരുന്നു.അന്‍വറിന് .
എനിക്കായി ഒരു കുഞ്ഞുപേര്‌ അവന്‍ സമ്മാനിച്ചു. അത് അവനു മാത്രം വിളിക്കായി
ഞാന്‍ അനുവാദം കൊടുത്തു.
                                     കൂട്ടംതെറ്റി മേയുന്ന ഈ ചെറുപ്പക്കാരന്റെ കഥ എഴുതിയാല്‍ കൊള്ളാമെന്ന ഒരു ആശയം എന്റെ മനസ്സില്‍ തെളിഞ്ഞു. അഭിപ്രായം ചോദിച്ചപ്പോള്‍ പക്ഷേ, അവന്‍ ക്ഷോഭിച്ചു.
                                  എഴുത്തുകാര്‍ ഇങ്ങിനെയാണ്‌.സ്വന്തം പ്രശസ്തിക്കുവേണ്ടി സൗഹ്യദം പോലും അവര്‍ ചൂഷണം ചെയ്യും.
                                 ഇരുപതു വയസ്സിന്റെ ഇളപ്പമുണ്ടായിരുന്നെങ്കിലും അവന്‍ എന്നെ നീ എന്നയിരുന്നു അഭിസംബോധന ചെയിതിരുന്നതു.പ്രായവ്യത്യാസം ഞങ്ങളുടെ അടുപ്പത്തെ ബാധിക്കുന്നവനിഷ്ടപ്പെട്ടില്ല.എന്റെ മനസ്സ് പിടിച്ചു ചുഷണം എന്ന ഒരു ലക്ഷ്യം അവന് ഉള്ളില്‍ ഉണ്ടായിരുന്നില്ലല്ലോ. അവന്റെ ജിവിത വഴികളിലെ പുതുമയാണെന്നെ പ്രലോഭിച്ചത് . എഴുതാന്‍ തല്പ്പര്യമുണ്ടെന്ന് പറയുമ്പോള്‍ അവന്‍ അഹ്ലാദിക്കുമെന്നാണ്‌ ഞാന്‍ വിജാരിച്ചത് .പക്ഷേ വലിയ ബാഗില്‍ കൊണ്ടു വന്ന ഒരു സമ്മാനം എനിക്കു നേരെ അവന്‍ നീട്ടി.വിറക്കുന്ന കൈകളോടെ അതു ഏറ്റു വാങ്ങുബോള്‍ നിലത്തു വിഴാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. അവന്‍ വരച്ച മനോഹരമായ ഒരു ചിത്രമായിരുന്നു അത് .കുറച്ചു മുമ്പു്‌ ക്ഷോഭത്താല്‍ ചുവന്നിരുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ഇപ്പോഴും ഭയപ്പെട്ടു. അവന്‍ പിന്നെ അവിടെ നിന്നില്ല. തിരിഞ്ഞു നോക്കതെ നടന്നകന്നു. ഈ സൗഹ്യദം ഉപേക്ഷിച്ചു പോകുകയാണവനെന്നെനിക്ക് തോന്നി. എന്നെസംബന്ധിച്ചും അതായിരിക്കൈല്ലേ നല്ലത്. അല്ലങ്കില്‍ എന്നും അവന്റെ മുമ്പില്‍ ഒരു ചൂഷകന്റെ വേശമായിരിക്കില്ലേ എനിക്ക്.