2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

പതിമൂന്നുകാരന്റെ സർഗ വാസന

ബന്ധുവായ പതിമൂന്നുകാരൻ വിരുന്നുകാരനായി വീട്ടിൽ വന്നതു മുതൽ നേരം പോകുന്നില്ല എന്നായിരുന്നു പരാതി. എന്റെ പുസ്തക സാഗരത്തിലിറക്കിയിട്ട്ഞാൻ പറഞ്ഞു,
"നീ യഥേഷ്ടം ഇതിൽ നീന്തി തുടിച്ച് മുങ്ങാം കുഴിയിട്ട് തിരഞ്ഞു നടന്നോ. നേരം പോകുന്നതേ അറിയില്ല. പ്രമുഖരായ പല എഴുത്തുകാരും നിന്റെ പ്രായത്തിൽസ്വയം എടുത്താൽ പൊങ്ങാത്ത ബുക്കുകൾ വായിച്ചിരുന്നവരായിരുന്നുവത്രെ".
എന്റെ ഉപദേശം അവന്റെ മുഖത്ത് പരിഹാസം പുരട്ടിയ ചിരി വിടർത്തി. ലോകസാഹിത്യങ്ങൾ വരെ വിഹരിക്കുന്ന ഷെൽഫിൽ നിന്നും അവൻ തിരഞ്ഞെടുത്തപുസ്തകം ടിന്റുമോൻ ജോക്ക്സ്. കുഞ്ഞിണ്ണിമാഷിന്റെ നമ്പൂരി ഫലിതങ്ങൾ അടക്കം ബാലസാഹിത്യങ്ങളുടെ നീണ്ട നിര അവന്റെ കണ്ണിൽ പിടിക്കാഞ്ഞതെന്തേ?.


ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീണ്ടും മടുത്തു. പിന്നിടെപ്പോഴോ നിർജീവമായി കിടന്ന ലാപ്പ് ടോപ്പിലായി അവന്റെ കണ്ണ്. ഏറെ കാലത്തെവിശ്രമത്തിനു ശേഷം തിരികെ ജീവനെടുക്കണമെങ്കിൽ അതിനെ ഒരു മികച്ച ട്രീന്റ്മെന്റിന് വിധേയമാക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ അവൻ പിന്മാറി.
കമ്പ്യൂട്ടർ ഗെയിമിന്റെ അനന്തസാധ്യതകളെ കുറിച്ചും അതു കണ്ടുപിടിച്ചവന്റെ തലമണ്ടയെ കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ലോകത്ത് എന്തെന്ത് കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രഗൽഭ തലകൾ അനേകമുണ്ടായിരിക്കെ, ചിന്തകളേയും സ്വപ്നങ്ങളേയും സങ്കല്പങ്ങളേയും തളച്ചിടാൻ ഹേതുവായ ഈ മരത്തലകളെ എന്തിന് പ്രശംസിക്കണം? എന്റെ തത്ത്വശാസ്ത്രത്തെ അവൻ വീണ്ടും പുഛചിരിയിലൊതുക്കി. വെറുമൊരു ഏഴാം ക്ലാസുകാരനായ ഇവന്റെ മുഖത്തെങ്ങനെ ഇത്തരം രസങ്ങൾ വിരിയുന്നതെന്ന് ഞാൻ അൽഭുതപ്പെട്ടു.


താമസിയാതെ അനിയനുമായുള്ള കൂട്ടുകെട്ടിനൊടുവിൽ, അവന്റെ കമ്പ്യൂട്ടറിൽ ഗയിം കളിക്കാമെന്ന കരാറിൽ ഇരുവരും ഒപ്പുവെച്ചു. എന്താണിതിൽ ഇവൻ ആകൃഷ്ടനാവാൻ കാരണമെന്നറിയാൻ പുറകിൽ ഞാൻ കളി വീക്ഷിച്ചിരുന്നു. ഒരു ഹെലികോപ്റ്റർ മുന്നിൽ കാണുന്ന തടസങ്ങളെല്ലാം നീക്കി പറക്കുകയാണ്.അതിന്റെ മൂട്ടിലെന്തോ തൂങ്ങി കിടക്കുന്നു. ഊടു വഴികളിലൂടെല്ലാം പറന്ന ശേഷം പണിതീരാത്ത ഒരു കെട്ടിടത്തിലേക്കത് ഇടിച്ചു കയറി. അതിൽ പണിതുകെണ്ടിരുന്ന ജോലിക്കാരും പാറാവുകാരും പല വിധത്തിൽ അതിന്റെ തുടർ സഞ്ചാരം തടയാൻ ശ്രമിച്ചു. പക്ഷെ ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഉതിരുന്ന വെടിയുണ്ടകൾ എല്ലാവരേയും കൊന്നു വീഴ്ത്തി. ഓരോ നിലയിലേക്കും കുതിച്ചുയർന്ന കോപ്പ്റ്റർ ഏറ്റവും മുകളിൽ ഒരു അടയാളം കാണിച്ച സ്ഥലത്ത് മൂട്ടിലെ നിക്ഷേപം ഉപേക്ഷിച്ചു. ഉടനെ ബിൽഡിംങ്ങ് തകർന്നു തരിപ്പണമായി.


കാര്യം മനസ്സിലാകാത്ത ഞാൻ കണ്ണിൽ ക്യൊസ്റ്റൻ മാർക്ക് കൊളുത്തി അവനെ നോക്കി. അവൻ പറഞ്ഞ കഥ ഇങ്ങിനെ.
'ഈ പട്ടണത്തിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനം എന്റെ മുതലാളിയുടേതാണ്. ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ എന്റെ മുതലാളി രണ്ടാം സ്ഥാനത്തേക്കു് തള്ളപ്പെടും.അതുകൊണ്ട് തന്നെ ഇത് ബോംബ് വെച്ച് നശിപ്പിക്കാൻ അദ്ദേഹം എന്നേ ഏൽ‌പ്പിച്ചതായിരുന്നു'.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന അവനെ നോക്കി സായിപ്പിന്റെ ഭാഷ വേണ്ടുവോളം വശമില്ലാത്ത ഞാൻ ചോദിച്ചു,
'ഗെയിം തുടങ്ങുന്നതിന് മുമ്പ്‌ ഈ വിവരണം ഉണ്ടായിരുന്നുവോ?'.
"ഇല്ല", അവൻ പെട്ടെന്ന്‌ മറുപടി പറഞ്ഞു.
"പിന്നെ.. ഇപ്പോൾ നീ പറഞ്ഞത്?"
"ഇതു കണ്ടപ്പോൾ ഞാൻ ഊഹിച്ചതാ".


ഹോ എന്റെ ഭാവന എത്രച്ചുരുങ്ങിപ്പോയി. കമ്പ്യൂട്ടറിൽ തളച്ചിട്ട പുതു തലമുറയുടെ യന്ത്രത്തലകളിൽ നിന്നും വരും ലോകത്തിനായി ഇത്തരം സൃഷ്ടികളല്ലാതെ വേറെ എന്തു വരാൻ! തലപെരുത്തതോടെ ഒരു ആശ്ചര്യ ചിഹ്നമായി ഞാൻ കുന്തിച്ചിരുന്നു.

46 അഭിപ്രായങ്ങൾ:

 1. ഹി ഹി ഹി ന്താ ഭാവന...അടിപൊളി

  ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 2. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇപ്പോഴത്തെ മിക്ക കുട്ടികളും തെരെഞ്ഞെടുക്കുന്നത് കമ്പ്യൂട്ടര്‍ ഗെയിമുകളാണ്. പണ്ടു കാലങ്ങളിലെപ്പോലെ, നാട്ടിന്‍ പുറത്തെ പുല്‍മൈതാനത്തില്‍ തൊട്ടുകളിച്ചും, കള്ളനും പോലീസും കളിച്ചും, മാങ്ങയണ്ടിക്കൊപ്പം തുണ പോകാന്‍ പറഞ്ഞും, കൂട്ടുകാരുമായി കളിച്ചാര്‍ത്തുല്ലസിച്ച് നടന്നിരുന്ന കാലവും, ഇന്ന് ഏകാന്തതയ്ക്കും, ശീതീകരിച്ച മുറിയില്‍ കുട്ടികള്‍ മണിക്കൂറുകളോളം ചടഞ്ഞു കൂടിയിരിക്കുന്ന കമ്പ്യൂട്ടറുകള്‍ പിടിച്ചടക്കിയിരിക്കുന്നു.
  കമ്പ്യൂട്ടര്‍ ഗെയിമുകളെ ഇങ്ങനെ വിമര്‍ശിക്കുന്നതോടൊപ്പം അതിന്‍റെ നല്ല വശങ്ങള്‍ കൂടി നമ്മള്‍ അറിഞ്ഞിരിക്കണം.നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, ബുദ്ധിപരമായി പ്രവര്‍ത്തിക്കാനും,കണ്ണും കയ്യും കൂടുതല്‍ പൊരുത്തപ്പെടാനും, ഗെയിമുകള്‍ വളരെയധികം സഹായിക്കുന്നുണ്ട്. പക്ഷേ ടീം വര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇവയ്ക്ക് അത്രയധികം കഴിഞ്ഞിട്ടില്ല എന്നാണെന്‍റെ വിശ്വാസം. പക്ഷേ ഗെയിം തെരഞ്ഞെടുക്കുമ്പോള്‍ പ്രായ പരിധി കണക്കിലെടുക്കണം. അത് പോലെ സമയ ദൈര്‍ഘ്യവും. ശരിയായ രീതിയില്‍ ശ്രദ്ധിച്ചാല്‍ ഗെയിം ഒരിക്കലും ഒരു വില്ലനാവില്ല.

  മറുപടിഇല്ലാതാക്കൂ
 3. ഇരുപതുകാരന്‍റെ ഭാവന..

  (തിരിച്ച് വന്നുതിന്‍ ഞാനൊരു കാരണമായതില്‍ സന്തോഷിക്കുന്നു)

  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 4. നമ്മുടെ സാമൂഹ്യ ഘടനയില്‍ ഏറിയേറി കൊണ്ടിരിക്കുന്ന നിരാര്‍ദ്രമായ,ഊഷര മനസ്സുകളെ ഒരു വേള ഈ എഴുത്ത് ഭയാശങ്കയോടെ ഓര്‍മ്മപ്പെടുത്തുന്നു.

  നശിപ്പിക്കുക. അല്ലാതെ കണ്ടു ഒന്നിനെയും സ്ഥാപിക്കാന്‍ ഒരുക്കമല്ല. നശിപ്പിക്കപ്പെടുന്നിടത്തു മിച്ചമാകുന്നതും പൈശാചികത മാത്രം. കുഞ്ഞു മനസ്സിനെ നയിക്കുന്ന കാരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു.

  നാട്ടുകാരിക്ക് സ്നേഹാന്വേഷണങ്ങള്‍..!!!

  മറുപടിഇല്ലാതാക്കൂ
 5. jafar,mufeed,fouzan,നാമൂസ് എല്ലാവർക്കും നന്ദി.......

  മറുപടിഇല്ലാതാക്കൂ
 6. എന്റെ ഫോണ്‍ കണ്ടപ്പോള്‍ മക്കളെല്ലാരുംകൂടെ ആവേശത്തോടെ എടുത്ത്നോക്കിയത് അതിലെ ഗെയിംസ് ആയിരുന്നു. ഒരൊറ്റ ഗെയിംപോലും ഇല്ല എന്ന് മനസ്സിലായപ്പോള്‍ അവരുടെ മുഖം മാറുന്നത് ഞാന്‍ ശ്രദ്ദിച്ചു.
  നന്നായിട്ടോ.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. കഥ ഒരു തമാശ ആണെങ്കിലും ഇതിലൂടെ ഇന്ന് ബാല്യത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു വല്യ കാര്യത്തെ ആണ് നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. ഇന്നലെ കമ്പ്യൂട്ടര്‍ ഗെയിം കളിയ്ക്കാന്‍ സമ്മതിക്കാതത്തിന്റെ പേരില്‍ എന്റെ അനിയന്‍ കീ ബോര്‍ഡ് കൊണ്ട് എന്റെ തലയ്ക്കു അടിച്ച കാര്യമാണ് എനിക്ക് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് .....................

  മറുപടിഇല്ലാതാക്കൂ
 9. വളരെ വലിയ ഒരു കാര്യമാണ് ഇത്രയും കുറച്ചു വരികളിലോതുക്കി ഇവിടെ വിളമ്പിയത് .... ബാല്യത്തില്‍ കുഞ്ഞു മനസ്സുകളില്‍ വിഷം നിറക്കാന്‍ ഇത് പോലുള്ള സംഗതികള്‍ നിമിത്തം ആകാറുണ്ട് . നല്ലതിനെ മാത്രം ഉള്‍കൊള്ളാന്‍ കൊച്ചു കൂട്ടുകാര്‍ ശ്രദ്ധിക്കുക... വേണ്ടാത്തത് വര്‍ജിക്കാനും.... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. ലോകത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വലിയൊരു ദുരന്തത്തെയാണ് ഈ കുഞ്ഞു കഥ പ്രതിനിധാനം ചെയ്യുന്നത് ,കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ സമയം തളച്ചിടുന്ന ബാല്യം പിന്നീട് നാശകാരകങ്ങളായ ചിന്തകള്‍ പേറുന്ന വരായി മാറുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ് , എന്ത് കണ്ടാലും അത് നശിച്ചാല്‍ എങ്ങനെയായിരിക്കും എന്ന ഒരു ഭാവനകൂടി എത്ര നന്മ നിറഞ്ഞവന്റെ മനസിലും വിരിയും ..ആരോടും മമതയില്ലാതെ ആക്രമണ സ്വഭാവ ത്തോടെ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ ഭീതിതമായ ഭാവിയുടെ പ്രതിനിധികളാണ്,അമ്പലപ്പറമ്പില്‍ ,പെരുന്നാള്‍ തിരക്കില്‍ ഇവര്‍ കളിപ്പട്ടങ്ങള്‍ക്കിടയില്‍ തിരയുന്നത് തോക്കും ,പീരങ്കിയും ,യുദ്ധ വിമാനവും ആകുന്നതു തമാശയായി തള്ളിക്കളയാന്‍ ആവില്ല ..എല്ലാത്തിലും ഒരു ജാഗ്രത വേണ്ടിയിരിക്കുന്നു ..

  മറുപടിഇല്ലാതാക്കൂ
 11. മാറിയ കാലഘട്ടത്തിലെ ബാല്യങ്ങള്‍ക്ക് നശികരണ പ്രവര്‍ത്തനങ്ങളിലാണ് ആഭിമുഖ്യമെങ്കില്‍ ലോകം എവിടേക്കാണ് പോകുന്നത്. കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 12. നല്ല വിഷയം , നല്ല അവതരണം
  കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിലും മറ്റും വരുന്ന സംഭവങ്ങളുടെ കഥ കുട്ടികള്‍ പറഞ്ഞുതരും.

  മറുപടിഇല്ലാതാക്കൂ
 13. വെറുമൊരു ഏഴാം ക്ലാസുകാരനായ ഇവന്റെ മുഖത്തെങ്ങനെ ഇത്തരം രസങ്ങൾ വിരിയുന്നതെന്ന് ഞാൻ അൽഭുതപ്പെട്ടു."
  ഈ വരികൾ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു... തുടരുക.

  മറുപടിഇല്ലാതാക്കൂ
 14. കഥ കൊള്ളാം.നെഗറ്റീവായി മാത്രം ചിന്തിക്കുന്ന ഒരു തലമുറയുടെ കാര്യം പറയുന്നുണ്ട് കഥയില്‍

  മറുപടിഇല്ലാതാക്കൂ
 15. ഒരു ചെറിയ കഥയിലൂടെ വെളിവായത് വര്‍ത്തമാനകാല സത്യം...എഴുത്തും വായനയും ഒക്കെ പഴഞ്ചനായി കരുതുന്ന ഒരു ബാല്യം ഇവിടെ വളരുന്നു...ഇതില്‍ കുറെ നല്ല വശങ്ങളും ഇല്ലാതില്ല..പക്ഷെ ചീത്ത വശങ്ങളാണ് കൂടുതല്‍..ഒരു സാമൂഹ്യ വിപത്തിനു നേരെ പിടിച്ച കണ്ണാടി പോലെയുള്ള ഈ കഥയ്ക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 16. ഇപ്പൊ ഒരു സൈക്കിളും കൊണ്ട് തലകീഴായും ചാഞ്ഞും ചരിഞ്ഞും പോണ കളിയാണ്. ഏത് നേരം നോക്കിയാലും കൈ കീബോർഡിലും കണ്ണു സൈക്കിളിലും. നമ്മൾ പറയണതോ വിളിക്കണതോ കേൾക്കില്ല, ചെലപ്പോ എനിക്ക് പ്രാന്താകും ...
  എന്താ ചെയ്യാ...

  മറുപടിഇല്ലാതാക്കൂ
 17. ഹോളിവുഡ് സിനിമകള്‍ പോലെയാണ്` ഗെയ്‌മുകളും, സംഹാരതാണ്ഢവാടുകയല്ലേ..!
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 18. ഒരു വലിയ സാമൂഹിക പ്രശ്നത്തെ വളരെ തന്മയത്വത്തോടെ പ്രതിപാദിച്ചു എന്നതില്‍ സന്തോഷിക്കാം.
  ഇന്ന് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഒരു ഉല്പന്നമാണ് കംബ്യൂട്ടര്‍ ഗെയിമുകള്‍. കുട്ടികളുടെ സര്‍ഗവാസനയെ ഉണര്തുന്നതിനു പകരം, ഉള്ളില്‍ അക്രമവാസന പെരുപ്പിക്കുന്നതാണ് തൊണ്ണൂറു ശതമാനവും. പണ്ടത്തെ ഓലകൊണ്ടുള്ള പീപ്പിക്ക് പകരം ആധുനിക യന്ത്രതോക്കിനെ വെല്ലുന്ന കളിപ്പാട്ടത്തിലേക്കുള്ള ദൂരം അധികമില്ല..
  മാത്രമല്ല; ഓടിക്കളിക്കേണ്ട പ്രായത്തില്‍ ചടഞ്ഞിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന ശാരീരിക പ്രശനം, കണ്ണിന്റെ കാഴ്ചക്കുറവ് എന്നിവയും ഇതിന്റെ 'പ്രയോജന'ങ്ങളാണ്

  മറുപടിഇല്ലാതാക്കൂ
 19. മുതിര്‍ന്നവര്‍ക്ക് മനസ്സിലാവാത്ത പലതും (ടെക്നികാല്‍)
  കുട്ടികള്‍ എളുപ്പം പഠിക്കുന്നത് കാണാറുണ്ട്.
  ഇനി അവരുടെ യുഗം അല്ലെ

  മറുപടിഇല്ലാതാക്കൂ
 20. ഒരുപാടായി ഈ വഴിക്ക് വന്നിട്ട്.

  ഇന്നിന്‍റെ ബാല്യം അടച്ചിട്ട റൂമിനുള്ളില്‍ കമ്പ്യുട്ടറിന്റെ മുന്നിലിരുന്നു സമയം കളയുന്നതോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. (എന്‍റെ മോളും അങ്ങിനെ തന്നെ)
  പക്ഷെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
  ഫ്ലാടിനുള്ളില്‍ കഴിയുന്ന അവര്‍ക്ക് പുറത്തിറങ്ങി കളിക്കാന്‍ ഏതെങ്കിലും പാര്‍ക്കിലോ ബീച്ചിലോ പോവണം. പിന്നെന്തു ചെയ്യാന്‍.

  പക്ഷെ കൌമാരം കടക്കുമ്പോഴേക്കും സോഡാ കുപ്പിയുടെ കനമുള്ള കണ്ണടയും ഫിറ്റ്‌ ചെയ്തു നടക്കേണ്ടി വരുമെന്ന് മാത്രം.

  മറുപടിഇല്ലാതാക്കൂ
 21. ജുവരിയ ..കുറെ ആയല്ലോ കണ്ടിട്ട്..സ്വാഗതം..


  നല്ല ആശയങ്ങള്‍ ചിന്തിക്കാനും പഠിക്കാനും

  അവസരങ്ങള്‍ കുറഞ്ഞിട്ടല്ല.പലപ്പോഴും ഇതൊക്കെ

  ആണ്‌ എളുപ്പം എന്നാവും അവരുടെ ധാരണ..അതിനും
  നല്ല സ്കില്‍ വേണമല്ലോ എന്നാണ് അവര് പറയുന്നത്..

  നമുക്ക് അതൊന്നും മനസ്സിലാവില്ല അത്രേ..!!!

  മറുപടിഇല്ലാതാക്കൂ
 22. അന്യായ ഭാവനയായി പോയല്ലോ കൊച്ചന്തേതു.. :)

  മനുഷ്യന്‍ എത്ര മാറി.. കൊള്ളുന്ന കളികളാണ് കുട്ടികള്‍ക്കിഷ്ട്ടം.. വെറുതെ നടന്നു പോകുന്ന മനുഷ്യന്റെ നെഞ്ചത്തേക്ക് ഓടിക്കേറി അലമ്പുണ്ടാക്കുന്ന ഒരു വീഡിയോ ഗെയിമുണ്ട്.. എന്താ ചെയ്യുക.. മനുഷ്യന്‍ പുരോഗമിക്കുകയല്ലേ.. പുരോഗമിച്ചു പുരോഗമിച്ചു മനുഷ്യന്‍ മനുഷ്യനല്ലാണ്ടാവാണ്ടായി..

  മറുപടിഇല്ലാതാക്കൂ
 23. എന്തെന്നറിയാത്ത വികലാസ്വാദനത്തിന്റെ മേച്ചിൽ പുറങ്ങളാണ്‌ ഇന്നത്തെ ഓരോ വിനോദങ്ങളും.എവിടുന്നൊക്കെയോ പണം വരുന്നു എന്തൊക്കെയോ തിന്നുന്നു കുടിക്കുന്നു സമയം കളയുന്നു ഉറങ്ങുന്നു.സ്വാഹ..

  മറുപടിഇല്ലാതാക്കൂ
 24. മാറുന്ന കാലത്തിന്റെ നേര്‍ചിത്രം; അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

  മറുപടിഇല്ലാതാക്കൂ
 25. കുട്ടികളെ ഈ വികലാമായ ആസ്വാദന തലത്തിലേക്ക് നടത്തിയവരും.. അവരെ അതില്‍ തളച്ചിടുന്നവരും ചിന്തിക്കട്ടെ.. അവര്‍ക്കതില്‍ നിന്നൊരു മോചനത്തെകുറിച്ച്..
  ചെറിയ കഥയിലൂടെ ഇന്നിന്റെ വലിയ ഒരു ദുരന്ത സത്യം വരച്ചു.. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 26. കൊന്നും തകർത്തും മുന്നേറാൻ പഠിപ്പിക്കുന്ന ഗെയിമുകൾ...

  മറുപടിഇല്ലാതാക്കൂ
 27. എന്റെ ഈ ചെറിയ കഥ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും,നന്ദി..

  മറുപടിഇല്ലാതാക്കൂ
 28. വൈകി ,,എന്നാലും പറയാം ..ഇനിയുള്ള കാലം ഇങ്ങിനെയൊക്കയെ പുതിയ തലമുറ ചിന്തിക്കൂ എന്ന ഒരു സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്ന നല്ല പോസ്റ്റു !!

  മറുപടിഇല്ലാതാക്കൂ
 29. ഓരോ വെടി പൊട്ടി ആളുകള്‍ മരിച്ചു വീഴുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഒരു ആനന്ദം.. മനസ്സില്‍ പതിഞ്ഞു പോകുന്ന ഇത്തരം കാര്യങ്ങള്‍ വലുപ്പത്തില്‍ അവരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുമെന്ന് കേട്ടിരിക്കുന്നു. നല്ല വിഷയം..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 30. മാറുന്ന ലോകത്തിന്റെ പച്ചയായ മുഖം ചുരുങ്ങിയ വരികളിലൂടെ അവതരിപ്പിച്ച എഴുത്തുകാരിക്ക് ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 31. എല്ലായിടത്തും ഇതൊക്കെ തന്നെയാണല്ലേ ?
  ഏതായാലും ഒരു വലിയ ചിന്താ വിഷയമാകേണ്ട വിഷയം
  തന്നെ ഇത് ........

  മറുപടിഇല്ലാതാക്കൂ
 32. വളരെ നന്നായിരിക്കുന്നു,
  നന്നായിരിക്കുന്നു എഴുത്ത്.
  നന്മകള്‍.

  മറുപടിഇല്ലാതാക്കൂ
 33. ഹഹ കൊള്ളാം...കുട്ടികള്‍ മാത്രമല്ല പുതിയ ഗെയിമുകളുടെ ചില സ്റ്റെജുകള്‍ സാഹസികമായി കടന്ന കഥപറയുന്ന ചില മുതിര്‍ന്നവരും ഉണ്ട്

  മറുപടിഇല്ലാതാക്കൂ
 34. കുട്ടികള്‍ ഭാവിക്കട്ടെ,, അത് ഇതു തരം ഭാവന ആയാലും തെറ്റില്ല , നമ്മള്‍ പണ്ട് സങ്കല്‍പ്പത്തില്‍ കള്ളനെയും കൊള്ളക്കാരനെയും ഇടിച്ചിടുകയും ചൂരല്‍ കഷായം തരുന്ന സാറിനെ പതിയിരുന്നു ആക്രമിച്ചു തല പോട്ടിക്കുന്നതയും ഒക്കെ ഭാവനയില്‍ കണ്ടിരുന്നു ,പുതു തലമുറ പുതുഭാവന കൊള്ളുന്നു ,തലച്ചോര വികസിക്കുമ്പോള്‍ സ്വയം തിരുത്താന്‍ അവനു കഴിയും പതിമൂന്നുകാരന് തലച്ചോര്‍ വികാസം കൊള്ളാന്‍ ഇനിയും പത്തു കൊല്ലം ബാക്കി ഉണ്ട് ,സാരമില്ല ,

  മറുപടിഇല്ലാതാക്കൂ
 35. എന്റെയൊരു ബന്ധുവിന്‍റെ കുഞ്ഞുമോന്‍ ഇത്തരം ഗെയില്‍ കളിച്ച്‌ കളിച്ച്‌ അവസാനം റോഡില്‍ ബ്ലോക്ക്‌ കണ്ടപ്പോള്‍ പറയുകയാണത്രെ,"എല്ലാത്തിനേം കുത്ത്..കുത്ത്.."

  മറുപടിഇല്ലാതാക്കൂ
 36. ലോകം ചുരുങ്ങി ചുരുങ്ങി സ്ക്രീനിന്റെ ഇത്തിരി ചതുരത്തില്‍ എത്തുമ്പോള്‍ , കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും ചുരുങ്ങി തന്നിലേക്ക് മാത്രം ഒതുങ്ങുന്നു. എല്ലാത്തിനെയും നശിപ്പിച്ച്, താന്‍ മാത്രം എന്ന ചിന്തയിലേക്ക്....

  ഇന്നിന്റെ നേര്‍ചിത്രം നന്നായി എഴുതി ജുവൈരിയാ ...

  മറുപടിഇല്ലാതാക്കൂ
 37. പുതു തലമുറ കുട്ടികള്‍ വീടിന്റെ വെളിയില്‍ ഇറങ്ങാത്തവര്‍ ആണ്. വീഡിയോ ഗെയിം ഉം ഓണ്‍ലൈന്‍ ഗെയിം ഉം ആണ് അവര്‍ക്ക് അറിയുന്ന കളികള്‍... ചോറും കറിയും വച്ച് കളിക്കാനൊന്നും അവരെ കിട്ടില്ല... . വെളിച്ചങ്ങ എന്താണെന്നോ ... കണ്ണ് പൊത്തി കളി എന്താണെന്നോ അവര്‍ക്കറിയില്ല... ''...


  നല്ലൊരു വിഷയം... അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 38. 2012 ലേയ്ക്കുള്ള വിലവിവരങ്ങള്‍ അടങ്ങിയ ലഘു ലേഖ ഇന്നലെ കിട്ടി, ലാപ്പ് റ്റോപ്പിനെക്കാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ എല്ലാ ഗെയ്‌സും അതില്‍ കളിക്കാം
  ഇന്റെര്‍നെറ്റ് തുടങ്ങി എല്ലാമുണ്ട്. :)
  ഇപ്പോള്‍ ചാറ്റിങ്ങ് മാത്രമേയുള്ളു അപ്പോള്‍ എത്ര നര്‍മ്മ ബോധത്തോടെ എത്ര നേരം വേണമെങ്കിലും "ചാറ്റ്" ചെയ്യാം.
  എന്നാല്‍ നേര്‍ക്കു നേര്‍ സംസാരിക്കാന്‍ പുതുതലമുറ മറക്കുന്നു.
  ഒരിക്കലും മുഖം പോലും കണ്ടിട്ടില്ലാത്തവര്‍ അടുത്ത സുഹൃത്ത്!!
  കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നത് നല്ലത് പക്ഷെ അതിന് ഒരു സമയപരിധിയുണ്ടാവണം, അക്രമവാസന ഉണ്ടാക്കുന്ന കളികളില്‍ നിന്ന് പിന്മാറണം.

  "പതിമൂന്നുകാരന്റെ സർഗ വാസന" ഒരു നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ