2010, ഡിസംബർ 22, ബുധനാഴ്‌ച

ക്ഷണ കത്ത്.

        പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ
                          ഇതാ നിങ്ങളോടായി ഒരു കാര്യം അങ്ങനെ ആറുമാസത്തെ കാത്തിരിപ്പിനു ശേഷം നാലുവർഷം മുമ്പ് ആദ്യ കുഞ്ഞിന് ജന്മം നൽകിയ അതേ അമ്മ മനസോടെ എന്റെ കന്നി കഥാസമാഹാരം പുറത്തിറക്കുകയാണ്. ഉള്ളിൽ കുരുക്കുന്ന അക്ഷരവിത്തുകളെ ഏതുവിധം വെള്ളവും വളവും കൊടുത്ത് തളിർപ്പിക്കും എന്ന് നിശ്ചയമില്ലങ്കിലും പാകമായ ഫലങ്ങളെ നിങ്ങൾക്ക് മുമ്പിൽ കാണിക്ക വെക്കാറുണ്ടല്ലോ.
                             അതിൽ ചിലത് സ്വരൂപിച്ച് ഇരുപത് കഥകൾ അടങ്ങുന്ന ഒരു കൊച്ചുപുസ്തകമാണിത്. ആദ്യ പിച്ചവെക്കലിൽ കാലിടറി വീഴുമോ എന്ന ഭയം ഇല്ലാതില്ല. എങ്കിലും ഇതുവരെ നിങ്ങൾ അടക്കമുള്ള ചങ്ങാതിമാരും വായനക്കാരും നൽകിയ സ്നേഹത്തിന്റേയും പിന്തുണയുടേയും ബലത്തിൽ ഞാൻ കാഴ്ചവെക്കട്ടെ. മിഡിൽഹിൽ (കോഴിക്കോട്) ആണ് പ്രസാദകർ. 27-12-2010ന് തിങ്കൾ) 4PMന് മലപ്പുറത്ത് നടക്കുന്ന ലൈബ്രറി കൌൺസിലിന്റെ പുസ്തകമേളയിൽ  (വെച്ച് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ആണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഈ കുറിപ്പ് ഒരു ക്ഷണകത്തായി സ്വീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
                         സ്നേഹത്തോടെ ജുവൈരിയ സലാം.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

സാമ്യം


കാലത്ത് പത്ര വാർത്തകൾ പല്ല് തേക്കാതെ തിന്നാൻ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകൾ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓർമ്മയുടെ താളുകളിൽ അയാൾ പരതി.
                                പുതുതലമുറക്ക് വല്ലപ്പോഴെങ്കിലും പണ്ട് സ്ഥിരം കാഴ്ചയായിരുന്ന കുരങ്ങ്കളിയാണ് അയാളുടെ മനസ്സിൽ തെളിഞ്ഞത്. യജമാനന്റെ നിർദേശങ്ങൾക്കൊത്ത് പലവേഷവും കെട്ടുന്ന പാവം. 
                            വിവാഹശേഷം തനിക്കും അതേ വേഷം തന്നെയാണല്ലോ എന്നചിന്തയിൽ ആദ്യമായി അയാൾ തന്നെ തന്നെ വെറുത്തു.....
    

  

2010, ഡിസംബർ 4, ശനിയാഴ്‌ച

വില

വീടിന്റെ പുതുക്കി പണിയലിനായി മണൽ ഇറക്കിയപ്പോൾ മാഫിയക്കാർ പറഞ്ഞു. ചാക്കുകൾ സൂക്ഷിക്കണം. കളവു പോകാൻ എളുപ്പമാണ്. 
                       വീട്ടുടമ്മക്ക് അമാന്തിച്ചിരിക്കാൻ കഴിഞ്ഞില്ല. രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി,മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി..