2016, മാർച്ച് 14, തിങ്കളാഴ്‌ച

കത്ത്‌,

     എന്നുമുതലാണു  കത്തിനോട്‌ എനിക്ക്‌ ഇത്ര  പ്രിയം  തുടങ്ങിയതെന്നറിഞ്ഞൂട.എന്നായാലും  അന്നു മുതൽ ഇന്നു വരെ  വല്ലാത്തൊരു കൊതിമൂത്ത  പ്രിയമാണതിനോട്‌.അതു കൊണ്ടു തന്നെയാവാം  അതുമായി  ബന്ധപ്പെട്ട  എന്തിനേയും  എനിക്കിഷ്ടമാണു.
         പണ്ട്‌  ഞാൻ  കുഞ്ഞായിരുന്നപ്പോൾ  ഉമ്മാക്ക്‌  എല്ലാ  ആഴ്ച്ചയും  അത്തർ മണമുള്ള  കത്ത്‌ വരുമായിരുന്നു.കാക്കി  കുപ്പായമിട്ട  പോസ്റ്റ്മാന്റെ  പുറത്തു കാലൻ  കുടയും  കയ്യിൽ  കത്തുകളടുക്കിവെച്ച  ബാഗും  കാണുമായിരുന്നു. ഉമ്മാക്ക്‌  കത്ത്‌  കൊടുക്കുന്ന   അൽപ്പം  പ്രായ കൂടുതൽ ഉള്ള  ആ  മീശക്കാരൻ  പോസ്റ്റുമാനേയും എനിക്കിഷ്ടമായിരുന്നു.
      പിന്നീട്‌  അക്ഷരം  പഠിച്ച  ശേഷം  ഉമ്മാന്റെ  കത്തിൽ  എനിക്കായിട്ട്‌  ഒരു കുഞ്ഞു  കത്ത്‌  മടങ്ങി  കിടന്നിരുന്നു.അപ്പോഴാണു  എനിക്കു  മനസ്സിലായത്‌  പോസ്റ്റുമാനല്ല    ഉമ്മാക്ക്‌  കത്തെഴുതിയിരുന്നതെന്ന്.
         അൽപ്പം  കൂടി  മുതിർന്നപ്പോഴും  കത്തിനോട്‌  വല്ലാത്ത  പ്രിയം  തോന്നി.എനിക്ക്‌  സ്വന്തമായി  ആരും  കത്തെഴുതുന്നില്ലല്ലോ.എന്റെ  പേരു  വിളിച്ചു  പോസ്റ്റുമാൻ  കത്ത്‌  തരുന്നില്ലല്ലൊ. ഉമ്മാന്റെ വിശേഷങ്ങൾ  നിറഞ്ഞ  കത്തിൽ  അധിക പറ്റായി  കിടക്കുന്ന  ആ  ചെറിയ  കത്തെന്റെ  കണ്ണിൽ  പിടിക്കാതെയായി .
          അങ്ങനെ ആറാം  ക്ലാസിൽ പഠിക്കുമ്പോൾ  വേനൽകാല അവധി   അരികത്തു  വന്നപ്പോൾ  ഒരു  കൂട്ടുകാരിയോടു  പറഞ്ഞുറപ്പിച്ചു. നമുക്ക്‌  ഇടക്ക്‌  കത്തുകൾ അയക്കം. അഡ്രസ്‌ കൈമാറി.സന്തോഷത്തോടെ  മടങ്ങി. അവധി  തുടങ്ങി  ഒരാഴ്ച ആയപ്പോഴേക്കും ഇൻലന്റ്‌  വാങ്ങി  തരണമെന്നു  പറഞ്ഞു.കര്യകാരണങ്ങൾ  വിശദീകരിച്ചപ്പോൾ  മുതിർന്നവർക്കെല്ലാം  പരമപുഛം.ഒരു  കാര്യം  വിചാരിച്ചാൽ  ഞമ്മളു  പിന്മാറോ.ജഗപൊക  ബഹളമായി.  
      ഏ  ഓളെ  ചെങ്ങായ്ച്ചി  പത്തും  തെയ്ഞ്ഞ്‌  നിക്കു ല്ലെ, വിവരറ്യാഞ്ഞിട്ട്‌  ഓക്ക്‌ ഒറക്കം വെരാണ്ടിരിക്കാൻ.വലിയുപ്പ  ചൂടിലാണു.   മറ്റൊരു  മാർഗ്ഗവും  മുന്നിൽ  കാണാഞ്ഞപ്പോൾ  വാ പൊളിച്ചു  കരഞ്ഞു.ഒച്ച  പോയതിനു  മെച്ചം കിട്ടി.ഒരു  സുന്ദര  സുമുഖൻ  ഇൻലന്റുമായാണു  അന്നു വൈകുന്നേരം  വലിയുപ്പ  വന്നത്‌.പിന്നെ  ഒട്ടും  താമസിച്ചില്ല.  നല്ല  വടിവില്ലാത്ത  കയ്യക്ഷരത്തിൽ  എഴുത്തു തുടങ്ങി.                                      പ്രിയപ്പെട്ട  കൂട്ടുകാരിക്ക്‌
       അനക്ക്‌  സുഖം    തന്നെയല്ലേ
               എനിക്ക്‌ സുഖമാണു
പിന്നെ  എന്തൊക്കെയുണ്ട്‌  നിന്റെ  വിശേഷങ്ങൾ.വീട്ടിലെല്ലാവർക്കും  സുഖമല്ലേ. എന്റേ  വീട്ടിൽ  എല്ലാവർക്കും  സുഖമാണു.
പടച്ചോനേ  ഇഞ്ഞിപ്പെന്താ എയ്താ.ആകെ  അൽകുൽത്തിന്റെ  അവ്‌ ലും കഞ്ഞി ആയല്ലോ.ഒന്നും കിട്ടുന്നില്ല.
പ്രത്യാകിച്ചൊന്നും  വർത്താനമില്ല.കത്ത്‌  കിട്ടിയാൽ  ഉടനെ  മറുപടി  അയക്കുക.ഞാൻ  കാത്തിരിക്കും.എന്നു എഴുതി  തൽക്കാലം  എഴുത്തു നിർത്തി.  നാളെ യാകട്ടേ  .    വറ്റ്‌ കൊണ്ട്‌ ഒട്ടിച്ചു  മദ്രസയിൽ  പോകുമ്പോൾ  പെട്ടിയിലിടാം.
      അനക്കും  ഓൾക്കും  പെരുത്ത  സൊകാണെങ്കിൽ  പിന്നെന്തിനാടി  മെനെക്കെട്ട്‌  കത്തെയ്തുണു.ഏതോ   കശ്മല  എന്റെ  കത്ത്‌  കട്ടെടുത്തു  വായിച്ചതാണു. ഞാൻ  അലറി  കരഞ്ഞു  കത്ത്‌  തിരികെ  വാങ്ങി.വേറ്റ്ടുത്തു ഒട്ടിച്ചു വെച്ചു  .  പക്ഷേ  പിറ്റേന്നു  മദ്രസയിൽ  പോകുമ്പോൾ  ഇൻലന്റ്‌ എടുക്കാൻ  മറന്നു.അടുത്ത  ദിവസം ആകട്ടെ.
     അന്നു  ഉച്ച  തിരിഞ്ഞു അതാ വരുന്നു  കൂട്ടുകാരിയും   ഉമ്മയും.ഈ വഴി  പോയപ്പോ  ഒന്നു  കേറിയതാണു.അകത്തമ്മമാരിൽ  ചിലർ  മുഖം  പൊത്തിചിരിച്ചത്‌   ഞാൻ  കാണായ്കയല്ല, കണ്ട  ഭാവം  നടിക്കാത്തതാണു.അവർക്കിഞ്ഞി  അതു  മത്യാകും.
     അല്ലെങ്കിപ്പോ  ഇന്നെന്നെ  വരണോ  ഇവർ ക്ക്‌. ഹും     ഏതായാലും  നനഞ്ഞു, ഇനി  കുളിച്ചു  കയറാം.  രണ്ടും  കൽപ്പിച്ചു  കത്തു  നേരിട്ടു കൊടുത്തു.അകത്തമ്മമാർ  പുറത്തിറങ്ങി  വന്നു   പൊട്ടി ചിരിച്ചു.  ആയ്ക്കോട്ടെ  .മറുപടി  വരുമ്പോൾ  എല്ലാരുടെയും  മുഖത്തേക്കൊന്നു  സൂക്ഷിച്ചു നോക്കണം  , ഗമയോടെ തന്നെ.
    പക്ഷേ  ആ കത്തി നു    അവൾ മറുപടി  അയച്ചില്ല. മീശക്കാരൻ  പോസ്റ്റുമാനെ നോക്കി  നിന്നതു  മിച്ചം.നാലാം  ക്ലാസിൽ  നിന്നു  കണ്ണിമാങ്ങയും  ജാതിക്കയും  എത്ര  കൊടുത്തതാണു .മതി  നിർത്തി  .ഇനി അത്തരം അബദ്ധങ്ങളൊന്നും തനിക്ക്‌ സംഭവിക്കില്ല.ഇനി   അവളുടെ  മറുപടി  പ്രതീക്ഷിക്കാനില്ലാഞ്ഞിട്ടും  മദ്രസയിൽ  പോകുമ്പോൾ എന്നും  കരുതുമായിരുന്നു.   ആ  പെട്ടിയിലൊന്നു  കയ്യിട്ട്‌  നോക്കിയാലോ  ഒരുപക്ഷേ  എനിക്കുള്ള  കത്തു അതിലുണ്ടാകും  .  
          ഇന്നും  പോസ്റ്റുമാനെ  കാണുമ്പോൾ  ഞാൻ  വെറുതെ  പ്രതീക്ഷിക്കും. ആരെങ്കിലും  വിശേഷങ്ങൾ  കുത്തി  നിറച്ചെഴുതിയ  ഒരു  കത്ത്‌  അദ്ദേഹത്തിന്റെ  കയ്യിൽ   എനിക്കായിട്ടുണ്ടാകാം.
       എവ്വടെ