2011, ഫെബ്രുവരി 26, ശനിയാഴ്‌ച

വൃദ്ധസദനം

അമ്മയെ അഭയയില്‍ കൊണ്ടു വിട്ട് താങ്ങാനാവാത്തഹൃദയ ഭാരത്തോടെ ആ പടി ഇറങ്ങിയിട്ട് ഒരാഴ്ചയായി.വീട്ടിലെ മറ്റ് അംഗങ്ങള്‍കാര്‍ക്കും അങ്ങനെയൊരു സംഭവം നടന്നതിന്റെ ഭാവഭേദമൊന്നും  കണ്ടില്ലെങ്കിലും ഒരാഴ്ച താന്‍ അനുഭവിച്ച കുറ്റബോധവും മാനസികസംഘര്‍ഷവും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.ഈ വീട്ടില്‍ നേരിടുന്ന അവഗണനയും നിസ്സഹായതയും കണ്ടിട്ടാണ് അമ്മയെ വൃദ്ധസദനത്തില്‍  താമസിപ്പിക്കാന്‍ കനത്ത വേദനയോടെയാണെങ്കിലും തീരുമാനിച്ചത് .
                   അമ്മയുടെ മടിയില്‍ തലവച്ച് കിടക്കുന്നതായിരുന്നു ഇന്നത്തെപുലര്‍ക്കാലസ്വപ്നംഅവരുടെ ശോഷിച്ച
വിരലുകള്‍,നരച്ചു തുടങ്ങിയ തന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നപ്പോള്‍ കത്തി ജ്വലിച്ചുകൊണ്ടിരുന്നതീക്കുണ്ഡത്തില്‍ ജലം കോരിയൊഴിച്ചതു പോലെ തണുപ്പനുഭവപ്പെട്ടു.അത് വെറൂമൊരുസ്വപ്നംമാണെന്നറിഞ്ഞ നിമിഷം അമ്മയുടെ അസാന്നിദ്ധ്യം അയാളില്‍ വല്ലാത്ത നൊമ്പരംപടര്‍ത്തി.ഇന്ന് അമ്മയെ കാണാന്‍ പോകുക തന്നെ വേണം.വീട്ടില്‍ പറയാതെയാണ് അയാള്‍ ഇറങ്ങിയത്. പറഞ്ഞാല്‍ എങ്ങുമെത്താത്ത വഴക്കും തര്‍ക്കവുമായിരിക്കും ഫലം.താന്‍ എന്തു തീരുമാനമെടുത്താലും അതിന് എതിര് നില്‍ക്കുക എന്നത് ഇപ്പോഴിപ്പോഴായി അവള്‍ക്ക് ഹരമാണ്. മൗനമവലംബിച്ചാല്‍ അല്‍‌പ്പംസമയം തുടര്‍ച്ചയായി നാക്കിട്ടടിച്ച് അവള്‍ നിര്‍ത്തും.പക്ഷേ, താന്‍ പറഞ്ഞതൊക്കെ ശരിയായതിനാലാണ് എതിര്‍ക്കാന്‍ വരാഞ്ഞത് എന്ന ഒരു വിജയ ഭാവം മുഖത്ത് കാണാം.സ്ഥിരം കാഴ്ചയായി കുട്ടികള്‍ ഇതിനെ അവഗണിച്ചപ്പോഴാണ് താന്‍ മിണ്ടാതിരിക്കാന്‍ ശീലിച്ചതെന്ന് അയാളോര്‍ത്തു.
                                                  വല്ലാത്തൊരു ലജ്ജ ഉള്ളില്‍ കുടിയേറിയതിനാലാണ് അമ്മയെ കാണാന്‍  ഇതുവരെ പോകാതിരുന്നത്.യാത്രയിലുടനീളം പഴയകാല ഓര്‍മ്മകള്‍ പിന്തുടര്‍ന്നു.വിവാഹശേഷമുള്ള ആദ്യത്തെ രണ്ടു വര്‍ഷം പൂമുഖ വാതില്‍ക്കല്‍ സ്നേഹം തുളുമ്പുന്ന മുഖവുമായി നില്‍ക്കുന്നവള്‍ തന്നെയായിരുന്നു ഭാര്യ. അതിര്‍ത്തിയില്‍ നാടിനുവേണ്ടി പോരാടുമ്പോള്‍ തന്റെ ധൈര്യവും ആശ്വാസവും സ്നേഹനിധിയായ ഭാര്യയുടെ ഓര്‍മ്മയായിരുന്നു.പിന്നിട് നഗരത്തിലെ പ്രശസ്തമായ കമ്പനിയില്‍ അവള്‍ക്ക് ജോലി തരപ്പെട്ടപ്പോള്‍ വ്യക്തിപരമായ സ്വാതന്ത്രങ്ങളില്‍ കൈകടത്താന്‍ താല്പര്യമില്ലാതിരുന്നതിനാല്‍ എതിര് നിന്നില്ല. കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് മുടക്കം വരരുതന്നത് മാത്രമായിരുന്നു നിര്‍ബന്ധം.താന്‍ വെടിയുണ്ടകള്‍ക്ക് നടുവില്‍ ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ ഭാര്യ നഗര ജീവിതത്തെ അപ്പടി അനുകരിക്കുകയായിരുന്നു.ലീവിന് വന്നപ്പോള്‍ കുടുംബ സ്ഥിതികണ്ട് ആശങ്കപ്പെടാനും ഉപദേശിക്കാനും മാത്രമേ കഴിഞ്ഞുള്ളൂ. മടങ്ങിപ്പോയി മാസങ്ങള്‍ക്ക് ശേഷം തനിക്ക് പിറന്ന മകനെ കാണാനുള്ള വെമ്പലില്‍ ദിവസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നുള്ള ആക്രമണത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് നടുക്കടലില്‍ ആര്‍ത്തിരമ്പുന്ന തിരകളോട് മല്ലിട്ട് ഒരു കച്ചിത്തുരുമ്പുപോലുമില്ലാതെ ആഴത്തിലേക്ക് മുങ്ങിത്താഴുന്ന അവസ്ഥയായിരുന്നു. കറവ നഷ്ടപ്പെട്ട പശുവിനോട് കറവക്കാരന് തോന്നുന്ന അമര്‍ഷമായിരുന്നു പിന്നീട് ഭാര്യക്ക് തന്നോട്.
                                                                   ജോലിയും ടൂറും ക്ലബ്ബ് മീറ്റിങ്ങുകളുമായി തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഭാര്യയുടെ മുഖത്ത് നിന്ന് സ്നേഹപൂര്‍ണ്ണമായ ഒരു നോട്ടമോ വാക്കോ ഉണ്ടാകാറില്ല.ചാണകം പൂശിമിനുക്കിയ തറയില്‍ പെരുമാറിയ അമ്മക്ക് മിനുസമേറിയ മാര്‍ബിള്‍ പതിച്ച ബംഗ്ലാവ് പരിപാലിക്കുന്ന രീതികള്‍ അറിയില്ലായിരുന്നു.കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനു പകരം സ്ഥാനംതെറ്റിയ വീട്ടുപകരണങ്ങള്‍ കണ്ടാല്‍ വാക്പയറ്റായിരുന്നു.വനിതാ സംഘടനയുടെ സാരഥിയായ ഭാര്യ സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ വേണ്ടപ്പെട്ടവര്‍ക്കിത്തിരി സ്നേഹം കൊടുക്കാനോ ശ്രമിച്ചില്ല.സൗന്ദര്യപ്പിണക്കം മാത്രമുള്ള ദമ്പതികള്‍ക്കിടയില്‍ കൗണ്‍സിലിങ്ങ് എന്ന പേരില്‍ വിഷം കുത്തിവച്ച് വിവാഹമോചനത്തിലെത്തിക്കാന്‍ ,മേനിനടിച്ച് നടക്കുന്ന ഈ സംഘടന മുന്‍പന്തിയിലാണ്.
                                      ഒരു പ്രശസ്ത മോഡലാവാന്‍ വേണ്ടി ശരീരവും മനസ്സും സജ്ജമാക്കാനുള്ള തത്രപ്പാടിലാണ് മകള്‍ .ശരീരവടിവ് നിലനിര്‍ത്താന്‍ ഭക്ഷണത്തിന്റെ മുന്നില്‍ നോമ്പ് നോല്‍ക്കുന്നവള്‍ .കമ്പ്യുട്ടര്‍ പഠിക്കാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ടി മാത്രം ജനിച്ചമകന്‍.വല്ലപ്പോഴും മാത്രമേ അവന്‍ സംസാരിക്കൂ.അതും കമ്പ്യുട്ടര്‍ ഭാഷയില്‍.
                വീടിന്റെ ഏതെങ്കിലും ഒരു മൂലയില്‍ വെക്കാവുന്ന പുരാവസ്തു മാത്രമായി തീര്‍ന്നിരുന്നു.
കൃത്രിമക്കാലുനോക്കി നെടുവീര്‍പ്പിടാന്‍ മാത്രം ധൈര്യം കാണിച്ച തനിക്ക് അമ്മക്ക് വേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലുമാകുന്നില്ലല്ലോ എന്ന നിസ്സഹായത അസഹ്യമായിരുന്നു.
                                     സ്നേഹം അളന്നു തിട്ടപ്പെടുത്തി ഓരോരുത്തരുടെയും സ്ഥാനമാനങ്ങള്‍ ക്കനുസരിച്ച് വിതരണം ചെയ്യുന്ന ഇവര്‍ക്കിടയില്‍ നിന്നു വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ അമ്മയ്ക്ക് കിട്ടേണ്ടതൊക്കെ എങ്ങനെ കിട്ടാനാണ്! എന്തിനധികം പറയുന്നു വേലക്കാരിക്കു പോലും സമയമില്ല.ധൃതിയില്‍ വരുന്ന അവര്‍ ഒരു യന്ത്രത്തെപ്പോലെ ജോലിചെയ്ത് നഗരത്തിന്റെ തിരക്കുകളിലേക്ക് ഊളീയിടുന്നത് കാണാം.
                                                                   എന്താമോനേ ഇവള്‍ക്കിത്ര ധൃതി” എന്ന് അമ്മ പലപ്പോഴും ചോദിക്കാറുണ്ട്.നമ്മുടെ നാണിയമ്മേപ്പോലെ സ്ഥിരായിട്ട് ഇവിടെ നിന്നൂടെ?.
                   നാണിയമ്മയെപ്പോലെ പഠിപ്പും പത്രാസുമില്ലാത്ത നാട്ടിന്‍പുറത്തുകാരിയല്ല.ഇവരെന്നും നഗര ജീവിതത്തിന്റെ ആര്‍ഭാടത്തോടെ ജീവിതം നയിക്കാന്‍ അവര്‍ പല തസ്തികളില്‍ ജോലി നോക്കുന്നുണ്ടെന്നും പറഞ്ഞാല്‍ അതിന്റെ വിശദീകരണം കൂടി നല്‍കേണ്ടി വരുമെന്ന് ഭയന്ന് ഞാന്‍ മിണ്ടാതിരിക്കും.
                                 അമ്മയ്ക്ക് വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ആളില്ലാതെ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാവാം ഇടയ്ക്കിടെയുള്ള ചില പരിഭവങ്ങള്‍! നാട്ടിലാണെങ്കില്‍ നാണിയമ്മ മാത്രമല്ല കൂട്ടിനുണ്ടാവുക.മീന്‍ങ്കാരന്‍ പോക്കര്‍ക്ക, അലക്കുകാരി നങ്ങേലി,പാല്‍ക്കാരി ഫാത്തിമ അങ്ങിനെ ഒരു പാടുപേര്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കാനെന്നുമെത്തും.ആരെങ്കിലുമൊരാള്‍ ഒരു ദിവസം വരാതിരുന്നാല്‍ ദിനചര്യകളിലൊന്ന് മുടങ്ങിയ വിഷമമാണ് അമ്മയ്ക്ക്.
                                     അച്ഛന്റെ മരണശേഷം ആ നാടിനോട് യാത്രപറയാന്‍ അമ്മക്ക് നന്നേ വിഷമിച്ചിരുന്നു,പടിയിറങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി നാണിയമ്മയോടും ഫാത്തിമത്താത്തയോടും വിടപറഞ്ഞത് ഓര്‍മ്മയുണ്ട്.അച്ഛനുറങ്ങുന്ന ആ മണ്ണ് നഷ്ടപ്പെടുമെന്ന് അമ്മ ഒരിക്കലും ചിന്തിച്ചിരിക്കില്ല.ഏക മകനായ എനിക്ക് അവകാശമായികിട്ടിയ ഭുമി നോക്കാന്‍ ആളില്ലാതെ നശിച്ചു പോകുമെന്ന കാരണം പറഞ്ഞ് വില്‍ക്കാന്‍ പ്രേരിപ്പിച്ചത് ഭാര്യയായിരുന്നു.ബാല്യ കാലത്തെ മധുരമായ ഓര്‍മ്മകള്‍ മയക്കുന്ന ആ മണ്ണിന്റെ വിലയും ,കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളില്‍ ഇഴുകിച്ചേര്‍ന്ന് കിടക്കുന്ന മനസ്സിന്റെ നൊമ്പരവും കാണാന്‍ കാഴ്ചയില്ലാതിരുന്ന ഭാര്യയ്ക്ക്  അനുകൂലമായാണ് അമ്മ നിന്നത് .മകന്റെ മനസ്സമാധാനം  കാംക്ഷിച്ചാവാം .അതോ മക്കളും പേരക്കുട്ടികളുമൊത്തുള്ള ഒരു ജീവിതം കൊതിച്ചിതിനാലോ?. അല്ലെങ്കിലും തന്റെ ഇഷ്ടങ്ങളും തീരുമാനങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി പണ്ടു മുതലേ അവര്‍ക്കു ണ്ടായിരുന്നില്ലല്ലോ.കുട്ടിക്കാലത്തെ  
ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സിലെന്നും വിരുന്നെത്തുന്നു.പ്ലാവില കുമ്പിള്‍ക്കുത്തി കഞ്ഞി നല്‍കിയതും വേനല്‍ ക്കാല രാത്രിയില്‍ ഉഷ്ണം ചെറുക്കാന്‍ കുടുംബങ്ങളോന്നിച്ച് മെടഞ്ഞ ഓല ചാണകം മെഴുകിയ മുറ്റത്തിട്ട് നക്ഷത്രങ്ങളാല്‍ സര്‍വ്വാഭരണവിഭൂഷിതയായി പ്രസന്നമായ ആകാശത്തെ നോക്കി കവിതച്ചൊല്ലി കിടന്നതുമെല്ലാം.മക്കള്‍ അമ്മയോട് കാണിക്കുന്ന അവഗണന കാണുമ്പോള്‍ തന്റെ അച്ഛമ്മയെ ഓര്‍ക്കും.നീണ്ട് ഇടതൂര്‍ന്ന് നരച്ച മുടിയും നിരയൊത്ത പല്ലുകളും പ്രസാദം നിറഞ്ഞ മുഖവുമായി എനിക്ക് കഥകള്‍ പറഞ്ഞ് തന്നിരുന്ന അച്ഛമ്മ വീടിന്റെ ഐശ്വര്യമായിരുന്നു.ലഹളക്കാലത്ത് ചാക്കുക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചതും നിറവയറായിരുന്ന ജ്യേഷ്ടത്തി കുളക്കടവില്‍ വച്ച് എന്തോ കണ്ട് പേടിച്ചതും താമസിയാതെ മരിച്ചതും അച്ഛമ്മയുടെ കഥകളിലെ കണ്ണുനീരിന്റെ ഉപ്പു രസം കലര്‍ന്ന അദ്ധ്യായങ്ങളായിരുന്നു.പറഞ്ഞതുതന്നെ വീണ്ടും പറയാറുണ്ടായിരുന്നെങ്കിലും തികച്ചും അപരിചിതമായ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയിരുന്ന ആ കഥകള്‍ക്ക് മുന്നില്‍ എന്നും ആദ്യം കേള്‍ക്കുന്ന കൗതുകത്തോടെ തന്നെ ഞാന്‍ കാതുകൂര്‍പ്പിച്ചിരിക്കും തിമിരം ബാധിച്ച അച്ഛമ്മക്ക് തന്റെ കണ്ണും കാതും കൊടുത്ത് അമ്മ പരിചരിക്കാറുള്ളത് ഒരു പക്ഷേ,പുതിയകുട്ടികള്‍ക്ക് സങ്കല്‍‌പ്പിക്കാന്‍ ക്കൂടി കഴിയാത്ത വിധമായിരുന്നു.
                                                       വീടിന്റെ ഐശ്വര്യവും കെടാവിളക്കുമായി ഉമ്മറത്തിരിക്കേണ്ട അമ്മ സൊസൈറ്റി ഫാമിലികള്‍ പുറം തള്ളിയ അനേകം വൃദ്ധരുടെ കൂടെയാണിപ്പോള്‍ .വീടിന്റെ പുറത്ത് വിശാലമായ ലോകമുണ്ടെന്നും കാണാന്‍ കാഴ്ചകള്‍ വളരെയുണ്ടെന്നും അമ്മയ്ക്കറിയാം.പക്ഷേ,മനുഷ്യബന്ധങ്ങള്‍ക്ക് വിലകല്‍‌പ്പിക്കാത്തവരിലും തിരക്ക്പിടിച്ച് നഗരജീവിതത്തിലും അമ്മക്ക് താല്‍‌പ്പര്യമില്ല.ഇവിടത്തെ വായുവിന്പോലും സ്വാര്‍ത്ഥതയുടെയും അത്യാര്‍ത്ഥിയുടെയും അഹങ്കാരത്തിന്റെ ഗന്ധമാണെന്നാണ് അമ്മയുടെ ഭാഷ്യം.
                                                തലകുനിച്ചാണ് അഭയയുടെ പടി കയറിയത്.വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സമ്പന്നന്റെ സ്ഥാപനമാണ് അഭയ.അമ്മയെ അന്വേഷിച്ചപ്പോള്‍ പരിചാരകന്റെ മുഖത്ത് പരിഹാസച്ചിരിയുണ്ടെന്ന് തനിക്ക് തോന്നിയാവാം.
                                                       പ്രസന്നമായ മുഖഭാവത്തോടെയാണ് അമ്മ തനിക്കരികില്‍ വന്നത്.അവര്‍ തന്റെ മുഖം തടവി ക്കൊണ്ട് ചോദിച്ചു:“എന്റെ മോന് സുഖം തന്നെയല്ലേ?’‘ഉറക്കമില്ലാതെ കരുവാളിച്ച കണ്‍തടങ്ങളും മുഖത്തെ ക്ഷീണവും അവരുടെ മനപ്രയാസം വിളിച്ചോതുന്നുണ്ടായിരുന്നു.
                                                   അവകാശങ്ങളെ ചോദ്യം ചെയ്യാത്ത സ്വന്തം ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ അന്തരീക്ഷത്തില്‍ താന്‍ സംതൃപ്തയാണെന്ന്
 അമ്മ പറഞ്ഞു.അവരവരുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാം.ആര്‍ക്കും അതൊരു ശല്യമാകുന്നില്ല.വിവിധ മതസ്ഥരും ഭാഷക്കാരും നാട്ടുകാരും  ഇവിടെ ഒരു കുടക്കീഴില്‍ ഒരുമയോടെ കഴിയുന്നു. മതവര്‍ഗ്ഗവിദ്വേഷമില്ല. കൈവിട്ട ജീവിതം തിരികെ പിടിക്കാനുള്ള നെട്ടോട്ടമില്ല. പണംമാത്രം സ്വപ്നം കാണാനും അതിനുവേണ്ടി എന്ത് നീച പ്രവൃത്തി ചെയ്യാനും ആരും മുതിരുന്നില്ല. ഇവിടെ കടല്‍ പോലെ കവിഞ്ഞൊഴുകുന്ന സ്നേഹം മാത്രം.ജീവിത സായാഹ്നത്തില്‍ നഷ്ടപ്പെട്ട സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞ ഒരു പറ്റം മനുഷ്യര്‍ രോഗാവസ്ഥയില്‍ മടുപ്പില്ലാതെ പരിചരിക്കാന്‍ ദൈവത്തിന്റെ മാലാഖമാര്‍.അമ്മ രണ്ട് സ്ത്രീകളെ അടുത്തേക്ക് വിളിച്ച് പരിചയപ്പെടുത്തി.
                                      ഇത് ആയിശുമ്മ .മക്കളില്ല ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇവിടെ വന്നതാണ്.പിന്നീട് നാട്ടില്‍ പോയിട്ടില്ല.അവിടെ ബന്ധുക്കളെന്ന് പറയാന്‍ ആരുമില്ല”.
                            അമ്മ അടുത്ത സ്ത്രീയുടെ കൈപിടിച്ചു പറഞ്ഞു”ഇത് മറിയ വര്‍ഷങ്ങളായി ഈ നഗത്തില്‍ താമസമാക്കിട്ട്.ഇവരെയും ഭര്‍ത്താവിനെയും മക്കള്‍ ഇവിടെ കൊണ്ടുവന്നു വിട്ടിട്ട് രണ്ട് വര്‍ഷമായത്രേ”
                                           യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നൊമ്പരത്തിന് അല്പം ആശ്വാസം കിട്ടി.നിഷ്കളങ്കരായ നേഴ്സറി കുഞ്ഞുങ്ങള്‍ കൂട്ടുകാരിയെ എന്നപോലെ സന്തോഷത്തോടെയാണ് അമ്മ അവരെ പരിചയപ്പെടുത്തിയത്.
ഈ ആഹ്ലാദപ്രകടനമൊന്നും തന്റെ സംതൃപ്തിക്കുവേണ്ടി അമ്മ അഭിനയിച്ചതല്ലെന്ന് വിശ്വസിക്കാനയാള്‍ തന്റെ മനസ്സിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു..
                                                

                                                  


2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ആത്മബന്ധങ്ങൾഅവളുടെ ചുവന്നുതുടുത്ത കവിളുകളിലൂടെ ചുടുകണ്ണീര്‍ ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു.ഇടറുന്ന കാല്‍ വെപ്പോടെയാണ്‌ അവളെ ഞാന്‍ യാത്രയാക്കിത്. വീട്ടിലേക്ക് പോകുകയാണവള്‍ . മരണവീടിന്റെ ശോകമൂകതയുണ്ട് അന്തരീക്ഷത്തില്‍ .ഒന്നാശ്ലോഷിച്ച് പൊട്ടിക്കരയാന്‍ പോലും അവള്‍ സമ്മതിച്ചില്ലല്ലോ.ഈ വേര്‍പാടിന്റെ വേദന കരഞ്ഞു തീര്‍ക്കാന്‍ നുള്ളതല്ലഎന്നവള്‍ കരുതിക്കാണും.ശരിയാണ്‌.ഈ നഷ്ടബോധത്തിന്റെ ഓര്‍മ്മ നൊമ്പരമായി മനസ്സിനെ പിടിച്ചു കുലുക്കുമ്പോള്‍ അതിന്‌ സ്നേഹത്തിന്റെ നനുത്തസ്പര്‍ശമുണ്ട്.
                                മനസ്സിന്റെ തളര്‍ച്ച ശരീരത്തിനെ ബാധിക്കുമോ എന്ന് ‌തോന്നിയതിനാലാവാം പടി ഇറങ്ങുമ്പോള്‍ അമ്മയുടെ കൈപിടിച്ചാണവള്‍ നടന്നത്. യാത്രയാക്കി തിരിച്ചുനടക്കുമ്പോള്‍ ഞാനും അവശയായിരുന്നല്ലോ.
                                               ഒരു ഭര്‍ത്താവ്‌ ഭാര്യ യെയോ അതല്ലങ്കില്‍ കാമുകന്‍ കാമുകിയെയോ പിരിയുന്ന നൊമ്പരമാണ്‌ ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
                                          സുനിത  എനിക്കൊരു വേലക്കാരി മാത്രമായിരുന്നില്ല. സ്വന്തം സഹോദരി തന്നെയായിരുന്നു.അവളുടെ കവിളുകള്‍ വിടര്‍ത്തിയുള്ള നിഷ്കളങ്കമായ ചിരിയും കൊച്ചു കൊച്ചു തമാശകളും എന്റെ മനസ്സിലെ മായാത്ത ഓര്‍മ്മകളായി നിലനില്‍ക്കുന്നു.ചിരിക്കുമ്പോള്‍ ഇറുകെ അടയുന്ന കണ്ണുകള്‍ പ്രസവിച്ചു വീണ പൂച്ചക്കുട്ടിയുടെ കണ്ണുകളെ അനുസ്മരിപ്പിക്കും.
     എന്റെ എല്ലാസന്തോഷാവസരങ്ങളും പ്രതിസന്ധിഘട്ടങ്ങളും അവളുമായി പങ്കുവെയ്ക്കുമായിരുന്നു.ഉപദേശമോ ആശ്വാസ വാക്കോ പ്രതീക്ഷിച്ചായിരുന്നില്ല ഇത് . ഉള്ളുതുറന്നു അവളുമായി സംസാരിച്ചാല്‍ എനിക്ക് വല്ലാത്ത സുഖമാണ്‌ .എഴാം ക്ലാസു കാരിയായ അവള്‍ ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ നേരിയ ഭയം നിയലിച്ച കണ്ണുകളോടെ ഞങ്ങളോരേരുത്തരെയും അപരിചിതരെപ്പോലെ മാറിമാറി നോക്കുമായിരുന്നു.തുടുത്ത കവിളുകളും ഉരുണ്ട കൈകാലു കളുമായിരുന്നു അന്ന് അവൾക്ക് ബാല്യത്തിന്റെ കുസ്യതിയിൽ നിന്നു കൌമാരചാപല്യങ്ങളിലേക്ക് വഴുതിവീഴുന്ന പ്രായം പിന്നീടെപ്പോഴോ അവൾ അന്യ മതസ്ഥനായ യുവാവുമായി പ്രണയത്തിലായി. അത് വെറും വിഡ്ഡിത്ത മായിരുന്നുവെന്ന് മനസ്സിലാക്കിയ അവൾ ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തിലൊന്നും പെടാതെ രക്ഷപ്പെട്ട കഥ പക്വമതിയായ യുവതി യായശേഷം എന്നോട് പറഞ്ഞിട്ടുണ്ട്. 
                                 മുറമെന്ത്, കലമെന്ത് എന്നറിയാത്ത ആ പതിന്നാലുകാരി അമ്മയുടെ ശിക്ഷണത്തിൽ അടുക്കിലും ചിട്ടയിലും വീട്ടുജോലികൾ ചെയ്യാൻ പഠിച്ചു. ഇന്ന് അവൾക്ക് ഇരുപത്തിയെട്ടു വയസ്സായി.മിനുമുനുപ്പാർന്ന ശരീരം ഇന്ന് വവ്വാൽ ഈമ്പിയ കശുമാങ്ങക്ക് തുല്യമായി.അവളുടെ സ്വാതന്ത്രത്തിന് വീട്ടുജോലി തടസ്സ മാകാതിരിക്കാൻ അമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആ സ്വാതന്ത്ര്യത്തെ അവൾ ഒരിക്കൽ പോലും ദുരുപയോഗം ചെയ്തിരുന്നില്ല.
            അവളുടെ ചെറിയ കുസ്ര് തികൾക്ക് അമ്മ വഴക്ക് പറയും. അത്കേൾക്കുമ്പോൾ മുഖം കനപ്പിച്ച് ഒരു നിറുത്തമുണ്ട് .ആ സമയത്ത് ആരോടും മിണ്ടില്ല. പിണക്കങ്ങൾ ചിലപ്പോൾ രണ്ട്ദിവസമൊക്കെ തുടരും.മൂടിക്കെട്ടിയ ആകാശം കണക്കെ അവളുടെ മുഖം ഇരുണ്ടിരിക്കും.
                അമ്മയും അച്ഛനും നാല് അനിയത്തിമാരും ഒരു അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം.അനിയത്തിമാർ രണ്ടുപേർ വിവാഹപ്രായമെത്തിയിരിക്കുന്നു.അമ്മയുടെ അസുഖം അച്ഛന്റെ നിരുത്തരവാദപരമായ ജീവിതവും അവളുടെ സങ്കടങ്ങളുടെ ആഴം വർദ്ധിപ്പിച്ചിരുന്നു.മംഗല്യഭാഗ്യം ഇല്ലാതാകാനുള്ള കാരണം കനത്ത സ്ത്രീധനം തന്നെ അറവുമാടുകൾക്ക് ചന്തയിൽ വന്ന് വിലപേശുന്നതിന് തുല്യം .ബ്രോക്കർമാർ വരന്റെ കാരണവന്മാരുമായി വന്ന് വിലപേശൽ തക്ര് തിയായി നടത്താറുണ്ട്. അച്ഛന്റെ പ്രായത്തിലുള്ള വരനും വേണം കനത്ത സ്ത്രീധനത്തുക.ചോർന്നെലിക്കുന്ന വീടും മാറിയുടുക്കാൻ വസ്ത്രങ്ങളുമില്ലാത്ത തന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥയ്ക്ക് മുന്നിൽ സുനിത ഇരന്നു വാങ്ങുന്ന ഒരു വിവാഹം തനിക്ക് വേണ്ടന്ന് ശഠിക്കാറുണ്ട്.അന്യവീട്ടിൽ പണിക്ക് പോകുന്ന പെണ്ണന്ന കാരണത്താൽ തരക്കേടില്ലാത്ത രണ്ട് ആലോചനകൾ മുടങ്ങിയപ്പോഴാണ് അമ്മ വീട്ടുവേലക്ക് വരുന്നതിൽനിന്നു വിലക്കിയത് .ആരോഗ്യവാനായ ഒരാൾ തന്റെ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി മറ്റുള്ളവരോട് ഇരക്കേണ്ടി വരുമ്പോഴല്ലെ ലജ്ജിക്കേണ്ടത്! നമ്മുടെ ജീവിതത്തിനന്തസ്സുണ്ടാവാൻ ഇസ്തിരി ചുളിയാത്ത ജോലിവേണമെന്ന്  ശഠിക്കുന്നത് പ്രാവർത്തികമല്ല.മാന്യമായ ഏതു ജോലിക്കും അന്തസ്സില്ലെ? എന്റെ മനസ്സ് നുരഞ്ഞുപൊന്തിയ ഒരു പിടി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.  അവളെ പറഞ്ഞു വിടുമ്പോൾ തേങ്ങയും അരിയുമെല്ലാം കൊടുത്തയച്ചിരുന്നു അമ്മ.അവളുടെ അമ്മ അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാടുനേരം നിന്നു.
                               രാത്രി വളരെ വൈകി. എന്റെ കണ്ണുകളെ ഉറക്കം തഴുകിയതേയില്ല.നിർബന്ധത്തിനു വഴങ്ങി ശ്രുതി തെറ്റിച്ച് ഞാൻ പാടിയതുകേട്ട് ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരി തന്റെ അമ്മയാണെന്ന ധാരണയിൽ എന്റെ കുറുമ്പി മോൾ ഉറങ്ങി .ഞാനും ഉറങ്ങാനായി അവസാത്തെ ശ്രമമെന്ന നിലയ്ക്ക് കണ്ണുകളടച്ച് കൈ നെറ്റിക്കുമീതെ വച്ചു കിടന്നു.വിതുമ്പുന്ന സുനിതയുടെ മുഖമായിരുന്നു മനസ്സിൽ .ഫോണെടുത്ത് അവളുടെ നമ്പറിൽ വിളിച്ചു.മറുതലയ്ക്കൽ അവളുടെ അനിയന്റെ കനത്ത ശബ്ദം. ഞാനവളെ ചോദിച്ചു.ഞാനാണെന്നറിഞ്ഞപ്പോൾ ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
                           പൊന്നുമോൾ ഉറങ്ങിയോ? അവളെന്നെ ചോദിക്കുന്നുണ്ടോ?..