2011, ഡിസംബർ 4, ഞായറാഴ്‌ച

അന്തരം

അത്താഴത്തിന് കുട്ടികൾക്ക് ഫ്രൈഡ്രൈസിനോടൊപ്പം ചിക്കൻ ചില്ലി വിളമ്പാൻ മറന്നതിനാണ് കൊച്ചമ്മ വേലക്കാരിയുടെ കരണകുറ്റിക്കടിച്ചത്. അന്നും അവൾക്കുറക്കം വന്നതേയില്ല. അന്തി പട്ടിണി കിടക്കുന്നതു കൊണ്ടോ കരണകുറ്റി പുകയുന്നത് കൊണ്ടോ അല്ല.


ഓലകൊണ്ട് മറച്ച കുടിലിൽ വയറൊട്ടി കിടക്കുന്ന തന്റെ മക്കളാണ് ഉറക്കത്തിന് പകരമായി കണ്ണുകളിൽ നിറയുന്നത്.

2011, നവംബർ 18, വെള്ളിയാഴ്‌ച

മരണത്തിന്റെ വഴി.


ആത്മ സുഹൃത്തിന്റെ ആകസ്മികമായ അന്ത്യത്തെ തുടർന്നാണ് ബോഡി ചെക്കപ്പ് നടത്താൻ അയാൾ തയ്യാറായത്. ഗുളികക്ക് പോലും രോഗമില്ലാത്ത റിസൾട്ടുമായി മനസ്സമാധാനത്തോടെ വീട്ടിലേക്ക് നടന്നു. തനിക്കുള്ള ടിക്കറ്റ് ദൈവം ഇതു വരെ എടുത്തുകാണില്ല. വീട്ടുപടിക്കൽ എത്തിയപ്പോഴാണ് അപകടം പറ്റി ഗുരുതരാവസ്ഥയിൽ ഒരു നായയെ കണ്ടത്. സഹതാപ മനസ്സുമായി അതിനെ പരിചരിക്കാൻ കുനിഞ്ഞതും പറന്നു വന്ന ഒരു ബെൻസ് കാർ റോഡിലെ സ്ഥലം തികയാതെ വന്നപ്പോൾ അവരിലൂടെ കയറി ഇറങ്ങി വീണ്ടും പറന്നു. മരണം വന്ന വഴിയറിയാതെ, വേർത്തിരിച്ചെടുക്കാനാവാതെ രണ്ട് ശരീരങ്ങൾ......

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

പതിമൂന്നുകാരന്റെ സർഗ വാസന

ബന്ധുവായ പതിമൂന്നുകാരൻ വിരുന്നുകാരനായി വീട്ടിൽ വന്നതു മുതൽ നേരം പോകുന്നില്ല എന്നായിരുന്നു പരാതി. എന്റെ പുസ്തക സാഗരത്തിലിറക്കിയിട്ട്ഞാൻ പറഞ്ഞു,
"നീ യഥേഷ്ടം ഇതിൽ നീന്തി തുടിച്ച് മുങ്ങാം കുഴിയിട്ട് തിരഞ്ഞു നടന്നോ. നേരം പോകുന്നതേ അറിയില്ല. പ്രമുഖരായ പല എഴുത്തുകാരും നിന്റെ പ്രായത്തിൽസ്വയം എടുത്താൽ പൊങ്ങാത്ത ബുക്കുകൾ വായിച്ചിരുന്നവരായിരുന്നുവത്രെ".
എന്റെ ഉപദേശം അവന്റെ മുഖത്ത് പരിഹാസം പുരട്ടിയ ചിരി വിടർത്തി. ലോകസാഹിത്യങ്ങൾ വരെ വിഹരിക്കുന്ന ഷെൽഫിൽ നിന്നും അവൻ തിരഞ്ഞെടുത്തപുസ്തകം ടിന്റുമോൻ ജോക്ക്സ്. കുഞ്ഞിണ്ണിമാഷിന്റെ നമ്പൂരി ഫലിതങ്ങൾ അടക്കം ബാലസാഹിത്യങ്ങളുടെ നീണ്ട നിര അവന്റെ കണ്ണിൽ പിടിക്കാഞ്ഞതെന്തേ?.


ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീണ്ടും മടുത്തു. പിന്നിടെപ്പോഴോ നിർജീവമായി കിടന്ന ലാപ്പ് ടോപ്പിലായി അവന്റെ കണ്ണ്. ഏറെ കാലത്തെവിശ്രമത്തിനു ശേഷം തിരികെ ജീവനെടുക്കണമെങ്കിൽ അതിനെ ഒരു മികച്ച ട്രീന്റ്മെന്റിന് വിധേയമാക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ അവൻ പിന്മാറി.
കമ്പ്യൂട്ടർ ഗെയിമിന്റെ അനന്തസാധ്യതകളെ കുറിച്ചും അതു കണ്ടുപിടിച്ചവന്റെ തലമണ്ടയെ കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ലോകത്ത് എന്തെന്ത് കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രഗൽഭ തലകൾ അനേകമുണ്ടായിരിക്കെ, ചിന്തകളേയും സ്വപ്നങ്ങളേയും സങ്കല്പങ്ങളേയും തളച്ചിടാൻ ഹേതുവായ ഈ മരത്തലകളെ എന്തിന് പ്രശംസിക്കണം? എന്റെ തത്ത്വശാസ്ത്രത്തെ അവൻ വീണ്ടും പുഛചിരിയിലൊതുക്കി. വെറുമൊരു ഏഴാം ക്ലാസുകാരനായ ഇവന്റെ മുഖത്തെങ്ങനെ ഇത്തരം രസങ്ങൾ വിരിയുന്നതെന്ന് ഞാൻ അൽഭുതപ്പെട്ടു.


താമസിയാതെ അനിയനുമായുള്ള കൂട്ടുകെട്ടിനൊടുവിൽ, അവന്റെ കമ്പ്യൂട്ടറിൽ ഗയിം കളിക്കാമെന്ന കരാറിൽ ഇരുവരും ഒപ്പുവെച്ചു. എന്താണിതിൽ ഇവൻ ആകൃഷ്ടനാവാൻ കാരണമെന്നറിയാൻ പുറകിൽ ഞാൻ കളി വീക്ഷിച്ചിരുന്നു. ഒരു ഹെലികോപ്റ്റർ മുന്നിൽ കാണുന്ന തടസങ്ങളെല്ലാം നീക്കി പറക്കുകയാണ്.അതിന്റെ മൂട്ടിലെന്തോ തൂങ്ങി കിടക്കുന്നു. ഊടു വഴികളിലൂടെല്ലാം പറന്ന ശേഷം പണിതീരാത്ത ഒരു കെട്ടിടത്തിലേക്കത് ഇടിച്ചു കയറി. അതിൽ പണിതുകെണ്ടിരുന്ന ജോലിക്കാരും പാറാവുകാരും പല വിധത്തിൽ അതിന്റെ തുടർ സഞ്ചാരം തടയാൻ ശ്രമിച്ചു. പക്ഷെ ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഉതിരുന്ന വെടിയുണ്ടകൾ എല്ലാവരേയും കൊന്നു വീഴ്ത്തി. ഓരോ നിലയിലേക്കും കുതിച്ചുയർന്ന കോപ്പ്റ്റർ ഏറ്റവും മുകളിൽ ഒരു അടയാളം കാണിച്ച സ്ഥലത്ത് മൂട്ടിലെ നിക്ഷേപം ഉപേക്ഷിച്ചു. ഉടനെ ബിൽഡിംങ്ങ് തകർന്നു തരിപ്പണമായി.


കാര്യം മനസ്സിലാകാത്ത ഞാൻ കണ്ണിൽ ക്യൊസ്റ്റൻ മാർക്ക് കൊളുത്തി അവനെ നോക്കി. അവൻ പറഞ്ഞ കഥ ഇങ്ങിനെ.
'ഈ പട്ടണത്തിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനം എന്റെ മുതലാളിയുടേതാണ്. ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ എന്റെ മുതലാളി രണ്ടാം സ്ഥാനത്തേക്കു് തള്ളപ്പെടും.അതുകൊണ്ട് തന്നെ ഇത് ബോംബ് വെച്ച് നശിപ്പിക്കാൻ അദ്ദേഹം എന്നേ ഏൽ‌പ്പിച്ചതായിരുന്നു'.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന അവനെ നോക്കി സായിപ്പിന്റെ ഭാഷ വേണ്ടുവോളം വശമില്ലാത്ത ഞാൻ ചോദിച്ചു,
'ഗെയിം തുടങ്ങുന്നതിന് മുമ്പ്‌ ഈ വിവരണം ഉണ്ടായിരുന്നുവോ?'.
"ഇല്ല", അവൻ പെട്ടെന്ന്‌ മറുപടി പറഞ്ഞു.
"പിന്നെ.. ഇപ്പോൾ നീ പറഞ്ഞത്?"
"ഇതു കണ്ടപ്പോൾ ഞാൻ ഊഹിച്ചതാ".


ഹോ എന്റെ ഭാവന എത്രച്ചുരുങ്ങിപ്പോയി. കമ്പ്യൂട്ടറിൽ തളച്ചിട്ട പുതു തലമുറയുടെ യന്ത്രത്തലകളിൽ നിന്നും വരും ലോകത്തിനായി ഇത്തരം സൃഷ്ടികളല്ലാതെ വേറെ എന്തു വരാൻ! തലപെരുത്തതോടെ ഒരു ആശ്ചര്യ ചിഹ്നമായി ഞാൻ കുന്തിച്ചിരുന്നു.

2011, ജൂലൈ 9, ശനിയാഴ്‌ച

ഫ്രീഡം

ന്ന്  കാലത്ത് ഇരുപതുകാരി മകൾ എനിക്കു നേരെ തൊടുത്തുവിട്ട ഒരു അസ്ത്രമായിരുന്നു ഫ്രീഡം എന്ന വാക്ക്. മൂർച്ചയേറിയ മുനയുള്ള  ധാരാളം അമ്പുകൾ അവളുടെ  ആവനാഴിയിൽ നിന്നും ഇടയ്ക്കെ പ്പോഴൊക്കെയോ എന്റെ മനസ്സിൽ കുത്തിത്തറച്ച് രക്തം ചിന്താറുള്ളതാണ്.ഇന്ന് ഇത് പ്രയോഗിക്കാനുണ്ടായ കാരണമോ?... ചുരുക്കിപ്പറയാം.....


    നാലു ദിവസം മുമ്പ് ജലദോഷമായി വന്ന അസ്വസ്ഥത  എന്റെ മടക്കുകളെയെല്ലാം തുരുമ്പെടുത്ത വിജാഗിരി കണക്കെ മുറുക്കം വ യ്പ്പിച്ചിട്ടുണ്ടായിരുന്നു.

എന്നിട്ടും  മതിയാകാതെ മിനിഞ്ഞാന്ന് മുതൽ നല്ല പനിയും ചുമയും.അസുഖം വന്നെന്നു കരുതി  അടങ്ങി ഇരിക്കാനാകുമോ ? വീട്ട്  പണി എന്ന തീരാപ്പണി   നിലയില്ലാക്കയത്തിലെ ചുഴികള്‍ കണക്കെ തിരക്കുകളുടെആഴങ്ങളിലെത്തിക്കുമ്പോൾ വിശ്രമിക്കാന്‍ സാവകാശമെവിടെ ? .

എല്ലാം ഒതുക്കി വെച്ച് കിടക്കുമ്പോഴേ ഉറങ്ങിപ്പോകും  .വളരെ പെട്ടെന്ന് പുലർച്ചയുടെ കിളിശബ്ദം കേൾക്കാം.ഉറക്കച്ചടവ് മാറാതെ ചിമ്മിക്കൊണ്ടിരിക്കുന്ന  കണ്ണുകളുമായി  കിടന്നു കൊണ്ടു  തന്നെ
അന്നത്തെ ജോലികള്‍  മുന്‍ ഗണനാ  ക്രമത്തില്‍ ഓര്ത്തു വയ്ക്കും . .കണക്കുകൂട്ടലുകൾക്കൊടുവിൽ  പിടഞ്ഞെണീറ്റ്  പ്രഭാതക്യത്യങ്ങളിലുടെയൊരു ഓട്ട പ്രദിക്ഷിണം നടത്തി 

പണികളുടെ ലോകത്തേക്ക്  കയറിക്കഴിഞ്ഞാൽ പിന്നെ നിന്ന് തിരിയാന്‍ പറ്റാതാകും .എത്ര  മെരുക്കിയാലും മെരുങ്ങാത്ത ഒരു കാട്ടു മൃഗത്തെപ്പോലെ  ഒതുക്കമില്ലാത്ത അടുക്കള . .അചഛനും
മകൾക്കും എടുത്ത സാധനങ്ങൾ യഥാസ്ഥാനത്ത് വെക്കുന്ന സഭാവം ഇല്ലാത്തത് കൊണ്ട്
ജോലി ഭാരം ഇരട്ടിക്കും .

      മിനിഞ്ഞാന്ന് വന്ന പനിക്കുട്ടൻ എന്നെ മൂടിപ്പുതപ്പിച്ചിട്ടെ അടങ്ങിയുള്ളൂ .

 .പൊടിയരിക്കഞ്ഞി വെച്ചു കിടക്കക്കരികിൽ കൊണ്ടുവന്നു നൽകാനൊന്നും ആരുമില്ല . കല്ലു വിഴുങ്ങുന്ന കഷ്ടപ്പാടോടെ ചോറ് തിന്നാൻ പാടുപെടുന്ന എന്നെ നോക്കി സഹതാപത്തിന്റെ ചുളിവുകൾ തീർത്ത മുഖവുമായി ഭർത്താവ് ചോദിക്കുകയാണ് :-

"എന്തിനാ ഇത്ര കഷ്ടപ്പെട്ട് ചോറ് കഴിക്കുന്നത്‌ ?അൽ‌പ്പം കഞ്ഞി വെച്ച് കൂടായിരുന്നോ ?" എന്ന് !

പറഞ്ഞുവന്നത് പനിയുടെ ചൂട് അല്പമൊന്നു കുറഞ്ഞപ്പോൾ
ഇന്ന് വീണ്ടും 'ഡൂട്ടി'യിൽ കയറി.

ഉച്ചതിരിഞ്ഞ് കിട്ടിയ ഇടവേളയിൽ കുറച്ചു നാള്‍ മുമ്പ് വായിച്ചു പാതിയാക്കി വച്ച  മാധവിക്കുട്ടിയുടെ യുടെ  ആത്മ കഥ തുടര്‍ന്ന് വായിക്കാമെന്ന ചിന്തയോടെ പുസ്തക ഷെൽഫ് പരതി.

പൊടിയും മാറാലയും പിടിക്കാതെ കാത്തു സൂക്ഷിച്ചപുസ്തകങ്ങൾക്കിടയിലൂടെ ചിതലുകൾ നാലുവരി പാതയായി സഞ്ചാരം തുടങ്ങിയിക്കുന്നു!.

 വേവലാതിയോടെ പുസ്തകങ്ങൾ ഓരോന്നായി എടുത്തുനോക്കി.ചിലതിന്റെ അരികുകളെല്ലാം
കശ്മലന്മാർ തിന്നുതീര്‍ത്തിരിക്കുന്നു.

രണ്ടുദിവസം തന്റെ ശ്രദ്ധ പതിക്കാതിരുന്നപ്പോൾ ഇതാണ് അവസ്ഥ.പനിച്ചു കിടന്നിരുന്ന തന്റെ മേലിൽ ചിതല്‍  പിടിക്കാതിരുന്നത് തന്നെ വലിയ ഭാഗ്യം.

                      പുതുമണിവാട്ടിയായി തറവാട്ടിന്റെ പടിവാതിൽ കയറിവന്ന നാൾതൊട്ടേ നിറയെ ചിത്രപ്പണികൾ തീർത്ത ചില്ല് അലമാരി എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.
അന്ന് അടുക്കും ചിട്ടയുമില്ലാമില്ലാത്ത സാമഗ്രികൾ കുമിഞ്ഞുകൂടിയത് അലമാരയുടെ സൗന്ദര്യത്തിന്‌  മങ്ങലേല്‍പ്പിച്ചി രുന്നു.  

ജീവിതയാത്രയിൽ എന്നും   ആത്മ മിത്രങ്ങളെപ്പോലെ പോലെ കൊണ്ട് നടന്ന  പുസ്തകങ്ങള്‍  ഓരോന്നായി അതിലേക്ക് കടന്നു കയറാൻ തുടങ്ങി. ആൾത്താമസം കൂടിയപ്പോൾ സ്ഥലപരിമിതി മൂലം തിക്കിതിരക്കി കിടന്ന ഉപയോഗശൂന്യമായതിനെയെല്ലാം പുറത്താക്കി പടിയടച്ചു.അതോടെ എന്റെ ചങ്ങാതിമാർക്ക് സ്വസ്ഥമായി വിശ്രമിക്കാനുള്ള മനോഹരമായ ഒരു വീടായി ആ   ചില്ല് അലമാര .
 വർഷങ്ങൾക്കപ്പുറം സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പരവതാനി വിരിച്ച് യഥേഷ്ടം സഞ്ചരിച്ചിരുന്ന കാലം ,അസ്തമയ സൂര്യനെയോ നിലാവുള്ള ആകാശത്തെ യോ നോക്കി ചിന്തകളേതുമില്ലാതെ ഭാരമില്ലാത്ത മനസ്സുമായി വെറുതെ ഇരിക്കാൻ ആഗ്രഹിച്ച കാലം.

വായിക്കാതിരിക്കുന്ന അവസ്ഥ  ആത്മാവില്‍ വല്ലാത്ത വിശപ്പ് ഉണ്ടാക്കിയിരുന്നു അന്നൊക്കെ .വാങ്ങാനാകാത്ത മികച്ച പുസ്തകങ്ങള്‍  എന്നെ നിരാശപ്പെടു ത്തി യിരുന്നു .കേൾക്കാനാളില്ലാത്ത എന്റെ കിന്നാരവും കാണാനാളില്ലാത്ത കവിൾ ശോഭയും ഞാൻ അവയുടെ താളുകളിൽ സമർപ്പിച്ചു.

                   സ്വകാര്യ ദുഃഖങ്ങൾ പങ്കുവെക്കാൻ ആത്മസുഹൃത്തിനായി കൊതിച്ച കാലം,നല്ല ചങ്ങാതിയായി സ്നേഹത്തിന്റെ വർണങ്ങളും ആശ്വാസത്തിന്റെ കരണങ്ങളും ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കരുത്തും അവ എനിക്കായി മലർക്കെ തുറക്കുക തന്നെ ചെയ്തു.

അങ്ങിനെ  എനിക്കെല്ലാമായിരുന്ന പുസ്തകങ്ങളാണിന്നു് ചിതൽ ആഹാരമാക്കിയത്.ഇതല്ലാം ഒന്ന് ശ്രദ്ധിച്ചിരുന്നരുന്നെങ്കിൽ എന്നു പറഞ്ഞ്  മകളെ നോക്കി നെടുവീർപ്പിട്ടപ്പോഴാണ് ,
"അമ്മഒരു ഫ്രീഡവും നൽകില്ല" എന്നവൾ പറഞ്ഞത്.

അമ്മ എന്നവൾ വല്ലപ്പോഴും മാത്രം വിളിക്കും.മമ്മി എന്ന അഭിസംബോധന എനിക്ക് വെറുപ്പാണന്ന കർശമായ നിർദേശത്തിൽ വേറെവഴിയില്ലാതാകുമ്പോൾ അവൾ വിമ്മിട്ടത്തോടെ അമ്മ എന്ന് വിളിച്ചു. നിർവികാരമായി...

              മകളുടെ വളർച്ച പെട്ടെന്നായിരുന്നു.ചില സമയത്ത് അവൾ എന്നേക്കാൾ ഉയരത്തിലെത്തി നിൽക്കുന്നു.ആദ്യ ഗർഭത്തിന്റെ ആലസ്യം മേനിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയ നാൾ മുതലേ ജനിക്കുന്നത് ആണാ  യാലും പെണ്ണായാലും തനിക്ക് ലഭിക്കാതെ പോയ സുഖസൗകര്യങ്ങൾ കൊടുക്കണമെന്നാഗ്രഹിച്ചു.

സുഖസൗകര്യങ്ങളെന്നുദ്ദേശിച്ചത്  കുമിഞ്ഞുകൂടിയപണവുംമികച്ചഭൗതികസൗകര്യങ്ങളുമായിരുന്നില്ല.
ചുറ്റുപാടുകളെ അറിഞ്ഞ് സഹജീവികളോട് സ്നേഹം നില നിർത്തി,മണ്ണിനെയും വയലിനെ യും പുഴയെയും കടലിനെയും കണ്ടും തൊട്ടും തലോടിയും അതിന്റെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് ഓരോന്നിന്റെയും ആഴവും പരപ്പും മനസ്സിലാക്കിക്കെക്കൊടുക്കണം.

ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും കവലറ കാണിച്ച് പ്രകൃതിയുടെ മായാജാലം കുഞ്ഞിന്റെ ഉള്ളിൽ അമൂല്യമായൊരു അനുഭവമായി നിറയ്ക്കണം  .  നന്മയും തിന്മയും നെല്ലും പതിരും പോലെ വേർതിരിച്ചു നല്‍കണം .   
ഇതിനെല്ലാമുപരി ശരീര വളർച്ചക്ക് പോഷക സമ്പുഷ്ടമായ ആഹാരവും മാനസിക വളർച്ചക്ക് പ്രായമനുസരിച്ച് വായനാ ശീലവും വളർത്തിയെടുക്കണം.

     എന്റെ മാറിടത്തിലമർന്ന് അമൃത് നുണയാൻ വെമ്പൽകൊള്ളുന്ന നവജാത ശിശുവിനെ നോക്കി ദൈവം ആയുസ്സ് നൽകുകയാണങ്കിൽ തന്റെ ആഗ്രഹങ്ങൾ ഏതു വിധത്തിൽ സഫലീകരിക്കണമെന്ന കണക്കു കൂട്ടലിലായിരുന്നു ഈ അമ്മ .

    ആറു മാസം വരെ ആഹാരമൊന്നും കൊടുത്തതേ ഇല്ല.മാറിടത്തിനു് ഇടിവ് പറ്റുമൊന്ന ആധിയേതുമില്ലാതെ മതിയാവോളംകൈകാലിട്ടിളക്കി മുഷ്ടി ചുരുട്ടി അവൾ ആവശ്യപ്പെട്ട പ്പോഴൊക്കെമുലപ്പാൽ നൽകി.ബേബി ഫുഡിന്റെ മായം ഇളം ശരിരത്തിൽ കലരരുതെന്ന് കരുതി .വെന്ത വെളിച്ചണ്ണ തേച്ചുകുളിപ്പിച്ചു,ബാല്യത്തിൽ തന്നെ പാടവും കുളവും കാണിച്ചു.

     സോപ്പിന്റെയും ഷാമ്പൂവിന്റെയും ഉപയോഗം കൊണ്ട് പരുപരുത്ത എന്റെ ശരീരവും ആനവാൽ പോലെ കടുത്ത മുടിയും മകൾക്കുണ്ടാകരുതന്ന ആശയിൽ കാച്ചണ്ണയും ചെറുപയർ പൊടിയും കടലപൊടിയും ചെമ്പരുത്തി താളിയും വരെ വീട്ടിൽ പകപ്പെടുത്തി.

      ഒരു കുഞ്ഞു തൈ ചെടി ആയിരുന്നപ്പോൾ വെള്ളവും വളവും എന്റെ ഇഷ്ടാനുസരണമായിരുന്നെങ്കിലും വളർന്ന് പന്തലിച്ച് തനിക്കാവശ്യമുള്ളതെല്ലാം സ്വയം വലിച്ചുച്ചെടുക്കാമെന്നായപ്പോൾ മനോഭാവം മാറി .

കാച്ചണ്ണയോടും ചെറുപയർ പൊടിയോടും പുച്ഛമായി.ഇതിന്റെ മണം പിടിച്ച് കൂട്ടുകാരികൾ അവളെ ആയൂർവേദ പ്രോഡക്ട് എന്ന് വിളിച്ച് പരിഹസിക്കുന്നുണ്ടുപോലും.എന്റെ വിയർപ്പിന്റെ മണമുണ്ടായിരുന്ന അവ യെല്ലാം അവൾ കുപ്പയിലെറിഞ്ഞു.

തിരഞ്ഞെടുത്ത് കൊടുത്തിരുന്ന നല്ല പുസ്തകങ്ങൾ മാറ്റിവെച്ച് സിനിമാ,മോഡലിങ് മാസികൾ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ എന്റെ കൗമാര കാലം അറിയായതെ ഉള്ളിൽ പീലിവിടർത്തി.വായനാ ലോകത്തെ കഥാപാത്രങ്ങളുമായി ആശയവിനിമയം നടത്തുകപോലും ചെയ്തിട്ടുണ്ട് അന്ന് .

  പുലർകാലത്തെ മഞ്ഞുമൂടിയ വയൽ വരമ്പിലൂടെ സന്ധ്യയുടെ സിന്ദൂര വര്‍ണമാസ്വദിച്ച്  നിത്യവും രണ്ട് നേരം നടക്കാമെന്ന് ഒരിക്കൽ ഞാന വളോട് പറഞ്ഞു.നടത്തം ആരോഗ്യത്തിന് നല്ലതു തന്നെ.പക്ഷേ,നാട്ടുകാരുടെ വായ് നോക്കി നടക്കാനൊന്നും എന്നെ കിട്ടില്ല.പൂര്‍ണമായും എന്നെ അവള്‍ അവഗണിച്ചില്ല പകരം അച്ഛനോട് പറഞ്ഞ് എറ്റവും പുതിയ ട്രെഡ്മില്ലർ ,വാങ്ങി ഹാളിന്റെ കോണിൽ സ്ഥാപി ച്ചു.

    തൊടിയുടെ പടിഞ്ഞാറ് വശത്തുള്ള ചുറ്റുപടവുകൾ തീർത്ത തറവാട്ടു സ്വത്തായി ലഭിച്ച കുളം ഇന്നും സംരക്ഷിച്ചു വരുന്നുണ്ട്.ചുറ്റുപാടുകളിലെ സ്ത്രീകൾക്ക് വേനൽ കാലത്തിന് ആശ്വാസമായി ഇന്നും സൗന്ദര്യവതിയായി  ആ കുളം നിലനിൽക്കുന്നു.മോൾ പുതുതായി ആവശ്യമുന്നയിച്ചിട്ടുള്ളത് വീടിനകത്ത്  ഒരു സ്വിമ്മിങ് പൂൾ നിർമ്മിക്കണമെന്നാണ്. കുളം കാലങ്ങളായി  പല ജാതി മനുഷ്യരുടെ ചളിയും വിയർപ്പും നിറഞ്ഞ മലിന ജലം പേറുന്നതാണ്  .അസുഖങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇടം.
അവൾ ന്യായങ്ങൾ നിരത്തുന്നത് കണ്ടപ്പോൾ  പിഴച്ച കണക്കുകൾ ഒരു വട്ടം  കൂടി കൂട്ടിയും കിഴിച്ചും  ശരിയാക്കാൻ പറ്റുമോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .

          മകൾക്കായി വർഷങ്ങളോളം കാത്തുവെച്ച പുസ്തകങ്ങളിൽ ചിതലുകളൂടെ കടന്നാക്രമണം.താൻ കണ്ട സ്വപ്നങ്ങൾ ,മകൾക്കായി കരുതി വെച്ചതൊക്കെയും മണലിൽ വരച്ച വരപോലെ കാല ക്കടല്‍ തിരകളില്‍ മാഞ്ഞു പോയില്ലേ !

  തനിക്ക് പിഴച്ചതെവിടെയാണ് ? ഓർമ്മകളിലേക്ക് പുറം തിരിഞ്ഞ് നോക്കി... ഭർത്താവിന്റെ താല്പര്യം കൊണ്ട് മാത്രം മകളുടെ പഠനം ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി.ആധുനികതയുടെ പളപളപ്പായിരിക്കാം അവൾ അവിടെ നിന്നും ഒപ്പിയെടുക്കാൻ ശ്രമിച്ചതു.തെളിച്ച വഴിയെ പോകുന്നില്ല എങ്കിൽ പോണ വഴിയെ തെളിക്കുകയോ?

      കാലം ദ്രുതഗതിയിൽ കടന്നുപോകുന്നു.എന്റെ സ്വപ്നങ്ങളിൽ അവളെ ഞാന്‍ മുക്കിക്കൊല്ലുന്നില്ല.സ്വന്തമായി അവൾ സ്വപ്നങ്ങൾ വിരിയിക്കട്ടെ .അവളുടെ മുഖത്തിനും, മേനിക്കും, മാർദവം ലഭിക്കാൻ മെയ്ക്ക്പ്പിനാകുമെങ്കിൽ കണ്ടീഷണറും ഹെന്നയും മുടി കൂടുതൽ തിളക്കമുറ്റുന്ന താകുന്നുവെങ്കിൽ  അവളുടെ വിചാരങ്ങൾക്ക് ആധുനികതയുടെ പകിട്ട്  ഉണ്ടാകുന്നുവെങ്കിൽ കാലത്തിനൊത്ത് കോലം കെട്ടുക തന്നെ.

അല്ലാത്ത പക്ഷം തന്റെ മകൾ അമ്മ മലയാളത്തെ വിക്കി വിക്കി മാത്രം പറയാൻ ശീലിച്ച ഇന്നത്തെ യുവതലമുറയിൽ നിന്നും ഒറ്റപ്പെട്ടുപോകില്ലേ?...
                           
.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ആസ്വാദനം.

'കവിത' എക്കാലവുമെനിക്ക് ലഹരി തന്നെയായിയിരുന്നു.
ദൈവം എന്നില്‍ സംഗീതം തോണ്ടി വെക്കാത്തതിനാലാവണം  ചൊല്ലുന്നതിനേക്കാള്‍ എനിക്കേറെ ഇഷ്ടം കവിത കേള്‍ക്കുന്നതിലായത്.
രാത്രിയുടെ നിശബ്ദതയില്‍ ചീവീടുകളുടെ വാദ്ദ്യോപകരണങ്ങള്‍ക്ക് അകമ്പടിയായി ഒരു പുരുഷ ശബ്ദം കവിത ആലപിക്കുകയാണ്.
വാക്കുകളുടെ തീവ്രത മനസ്സിന്‍റെ ആഴങ്ങളിലേക്ക്..... അക്ഷരങ്ങളുടെയും ശബ്ദത്തിന്‍റെയും മധുരം നുണഞ്ഞു കിടക്കവേ, പെട്ടെന്നോരാളല്‍..!
മനസ്സിന്‍റെ അകത്തളങ്ങളില്‍ നിന്നെവിടെയോ നിന്ന്.

ഇല്ല, കത്തേണ്ടതില്ല. അക്ഷരങ്ങളുടെയോ ശബ്ദത്തിന്‍റെയോ ഉടമയെ പ്രണയിച്ചില്ല ഞാന്‍. അല്ലെങ്കില്‍, അയാളില്‍ ആകൃഷ്ടയായില്ല ഞാന്‍.
ഇത് രണ്ടും കനിഞ്ഞു നല്‍കിയ മഹാ ശക്തിയോടാണെനിക്ക് പ്രണയവും ആരാധനയും.  ആളിയ തിരി താഴ്ത്തി വീണ്ടും കവിതയുടെ വശ്യതയിലേക്ക്......

2011, ജൂൺ 17, വെള്ളിയാഴ്‌ച

വിഷ മയം.
ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വിഫലമായ ഒരദ്ധ്വാനത്തിന്റെ ഓര്‍മയില്‍ ആയിരുന്നു ഞാന്‍ " .മകളുടെ പൊടി പ്രായത്തിൽ ടിൻഫുഡിന്റെ മായം ആഹാരത്തിൽ കലരരുതെന്ന് കരുതി റാഗിയുംമുത്തങ്ങയും,പൊടിക്കുന്നൻകായയും തേടി നാടാകെ അലഞ്ഞു.തെറ്റി പൂവ് ഉണക്കി പൊടിച്ചു ചേർക്കുന്നത് കൂടുതൽ നല്ലതാണന്ന നാട്ടറിവിൽ നിന്നും കാട് പിടിച്ച പറമ്പിലൂടെ നടക്കുമ്പോൾ ഒരു കരിമൂർഖൻ എന്നെ നോക്കി നാവ് നീട്ടുക കൂടി ചെയ്തു.അതു വരെ പരിചിതമില്ലാതിരുന്ന ഉരലും ഉലക്കയുമായി കൂട്ട് കൂടി പൊടിയാക്കി യഥാസമയം അവളുടെ വയറ്റിൽ എത്തിച്ചപ്പോൾ ഞാൻ നിർവൃതി കൊണ്ടു.

                                       ഇന്നു അവൾ തിന്നുന്നതുംകുടിക്കുന്നതും,ശ്വസിക്കുന്നതും വിഷം.അസുഖം വന്നാൽ കഴിക്കുവാനുള്ള മരുന്നുകളിലും മാരക വിഷമാണത്രെ.


2011, മേയ് 25, ബുധനാഴ്‌ച

നാവിലെ കറുത്ത പുള്ളി

കോളജിന് ഒരാഴ്ചത്തെ അവധി കിട്ടിയപ്പോഴാണ് സജ്‌ന വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത്. ഹോസ്റ്റലിലെ ഒരേ രുചിയുള്ള ആഹാരം വിരക്തിയുണ്ടാക്കുന്നതാണ്. സ്നേഹത്തിന്റെ ചേരുവയോടെ ഉമ്മ പാകം ചെയ്ത് തരുന്ന ഭക്ഷണത്തിന്റെ രുചിയും ഗൃഹാതുരതയും അവളെ വീട്ടിലേക്ക് എപ്പോഴും മടിവിളിച്ചു കെണ്ടിരിക്കും. രണ്ട് ബസ്സ് മാറിക്കയറി വേണം വീട്ടിലെത്താനെങ്കിലും വഴിയോരക്കാഴ്ചകൾ സമ്മാനിക്കുന്ന യാത്രകൾ അവൾക്ക് പ്രിയമായിരുന്നു. മഞ്ഞു മേഘങ്ങൾ നീലാകാശത്തെ ചുംമ്പിച്ച് അതിവേഗം കടന്നുപോകുന്നത് കാണാനെന്ത് ഭംഗിയാണെന്നവള്‍ ഓർക്കാറുണ്ട്.


ഗട്ടറിൽ ചാടി ആടിയുലഞ്ഞ ബസ് അതിവേഗം ഓടുകയാണ്. വേഗത കൂടുമ്പോൾ കാഴ്ചക്ക് വേണ്ടത്ര സുഖം ലഭിക്കുന്നില്ല. വഴി നീളെ തമിഴന്‍മാരായ നൊങ്കുവിൽപ്പനക്കാരെ കണ്ടു. പനയോല കുമ്പിൾ കുത്തി വച്ചിട്ടുണ്ട്. അരികെ നിറം മങ്ങിയ അലൂമിനിയം കലത്തിൽ നൊങ്കിന്റെ വെള്ളം നിറച്ച് പഴയ ഒരു ചാക്കുക്കൊണ്ട് വായ മൂടികെട്ടിയിട്ടുണ്ട്. ഒരു കുടുംബം പനനൊങ്കിന്റെ രുചിതേടി കച്ചവടക്കാരന്റെ അടുത്ത് വന്നത് കണ്ടു. അവരുടെ കൂടെയുള്ള മൂന്നു് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ഇലക്കുമ്പിളിൽനിന്നും ആസ്വദിച്ച് കുടിക്കുന്നതും കാണാനായി.


വീട്ടിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. മേൽ കഴുകി വന്നു. അടുക്കളയിരുന്ന് ഉമ്മയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി സജ്‌ന. സമയത്താണ് സൈനബതാത്ത പാലുമായി വന്നത്. സജ്‌നയെ കണ്ടപ്പോൾ അവർ വിശേഷം പറച്ചിൽ ഒന്ന് രണ്ട് വാക്കുകളിലൊതുക്കി. ഇരു നിറമായിരുന്ന അവരുടെ മുഖം കൂടുതൽ ഇരുണ്ടിരിക്കുന്നു. ആള് നന്നെ ക്ഷീണിച്ചിട്ടുണ്ട്. അവർ പോയപ്പോൾ ഉമ്മ പറഞ്ഞു. അവരുടെ പശുക്കളെല്ലാം ചത്തുപോയതിന്റെ വിഷമത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന അയ്യപ്പന്റെ പശുവിനെ കറക്കുന്നതും പരിചരിക്കുന്നതുമിപ്പോൾ സൈനബതാത്തയാണ്. അവിടന്നാണ് ഇപ്പോൾ നമ്മുക്ക് പാല് തരുന്നത്.

സജ്‌നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയിൽ മൂർച്ചയേറിയ അരിവാളും മറുകൈയിൽ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്‌നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു. രണ്ട് പെണ്മക്കളെ നൽകിയശേഷം ദാമ്പത്യബന്ധത്തിന് വിരാമമിട്ട് അജ്ഞാതവാസത്തിന് പോയ ഭർത്താവ്. അന്നുമുതലാണത്രെ
സൈനബതാത്ത പശുക്കളെ വളർത്തി ജീവിതചക്രം ഉരുട്ടാൻ തുടങ്ങിയത്.


സജ്‌ന കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിടുകയായിരുന്നു.
യു.പി.ക്ലാസിൽ പഠിക്കുന്ന കാലം. സൈനാബത്തയെ കാണാതെ തന്നെ ഭക്ഷണം കഴിക്കാൻ അന്ന് ഉമ്മ തന്നെ നിർബന്ധിക്കുമായിരുന്നു. അതു പോലെ നല്ല വസ്ത്രം ധരിച്ച് ചമഞ്ഞെരുങ്ങി അവരുടെ മുമ്പിൽ പ്പെടാതെ ശ്രദ്ധിക്കമെന്ന് പ്രത്യേകം താക്കീതും നൽകിയിരുന്നു.

തീയിട്ടാൽ തളിർക്കും, നാവിട്ടാൽ കരിയുംഎന്നത് ഉമ്മാന്റെ സ്ഥിരം പഴഞ്ചെല്ലായിരുന്നു. തന്റെ കുസൃതി ഇത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അവരുടെ നാവിൻ തുമ്പത്തെ കറുത്തപുള്ളി കാണാൻ ഞാൻ പതിനെട്ടടവും നോക്കി. അങ്ങിനെ ഒരുനാൾ ഉമ്മയോടുള്ള സംസാരം കൃഷിയിലേക്കും മറ്റ് കാലികവിഷയങ്ങളിക്കും കടന്നപ്പോൾ മുൻ നിരയിലെ പല്ലുകളില്ലാത്ത മോണയിലൂടെ നാവ് ചെറുതായൊന്ന് തല നീട്ടി നേരാണല്ലോ റബ്ബേ, നല്ല വലിയ കറുത്തപുള്ളി.


വൈകുന്നേരങ്ങളിൽ  ആറുമണിക്കുള്ള റേഡിയോ വാർത്തയാണ് സൈനബതാത്ത ഉമ്മാക്ക് നൽകാറുള്ളതെന്ന് ഉപ്പ പറയുമായിരുന്നു. അതിൽ കൃഷിദീപവും കൗതുകലോകവും നാട്ടുവർത്തമാനവുമെല്ലാം കടന്നുവരും. ഗവേഷണബുദ്ധിയോടെ ഞാൻ വീണ്ടും അവരെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കാലികളെ പരിചരിക്കുന്ന സമയത്തെ യൂണിഫോം ആണത്. കാലിയെ നോക്കണമെങ്കിൽ നോക്കുന്നവർ കാലിയെപ്പോലാകും എന്നത് ശരിതന്നെയായിരുന്നു. പുല്ലരിയുമ്പോൾ തൊട്ടാവാടിയുടെ മുള്ളുകൊണ്ട് കൈകളിൽ ചിത്രപ്പണികൾ കാണാമായിരുന്നു. കഴുത്തിലിട്ട മണിമാലയിൽ മൂന്ന് കെട്ടുകളുണ്ട്. അരിവാൾകൊണ്ട് പെട്ടിപൊയതാവാം.


രാത്രി പഠിക്കാനായി പുസ്തകം തുറന്നപ്പോഴും എന്റെ ചിന്ത കരിനാക്കിനെക്കുറിച്ച്  തന്നെയായിരുന്നു. ജ്യേഷ്ടത്തി ഹഫ്സക്ക് വണ്ണം കൂടിയത് കാരണമാണ് അവളുടെ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നതെന്നും വീട്ടിൽ വലിയ വിഷമത്തിലാണെന്നും കൂടെ പഠിക്കുന്ന ഹസീന പറയാറുണ്ടായിരുന്നു. ഏതായാലും സൈനബാത്ത ഹഫ്സയെ കണ്ടൊന്ന് പ്രാകിയാൽ മതി, ഹഫ്സക്ക് കല്യാണവുമാവും വണ്ണം പോയിക്കിട്ടുകയും ചെയ്യും.

ഒരുവർഷത്തിനുള്ളിൽ പഴയ തടിയുമായിത്തന്നെ ഹഫ്സ വിവാഹിതയാവുകയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു. നെട്ടോട്ടത്തിനു അപ്പോഴും ഒരു കുറവുമില്ലായിരുന്നതു കൊണ്ടാവണം ഈക്കിൽകണക്കെ അവൾ  മെലിഞ്ഞ് തുടങ്ങിയിരുന്നു.


കരിനാക്കുമറന്ന് അകന്നുമാറുന്നവരുടെടെ ഇടയിള്ള ആരുടെ കരിനാക്കാണാവോ സൈനബതാത്തയുടെ ജീവിതത്തിൽ ഇടിത്തീയായി വീണത്. ജീവിതത്തിൽ വസന്തകാലത്ത് ഇണയെ പിരിയേണ്ടിവന്നു. എല്ലാ ഭാരവും സ്വയം പേറി. ഇരക്കാതെത്തന്നെ മക്കളെ വളർത്തി. അവർക്കായി ജീവിതം കൊടുത്തു. ജീവിത സായഹ്നത്തിൽ അന്നം നൽകിയ കാലികളെ മക്കളായി വളർത്തവെ ആരുടെ ശാപത്തിനാണ് അവർ ഇരയായത്.? ആരുടെ പ്രാക്കലാണാവോ തീയിനേക്കാൾ കരുത്തിൽ അവരുടെ ജീവിത മോഹങ്ങളെ ചുട്ടു ചാമ്പലാക്കിയത്.!

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഒരു വയസ്സ്പ്രിയ സുഹൃത്തുക്കളേ! 
   ഞാനും ആദ്യ പിറന്നാളിന്റെ മധുരം നുണയട്ടെ കന്നി പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കും പായസവും നൽകി നിലവിലുള്ള ഷുഗറും പ്രഷറും കൂട്ടാതേയും ഇതു വരെ ആ മഹാന്മാർ എത്തി നോക്കാത്ത സാധുക്കൾ ക്ക് അതിനുള്ള വഴി ഞാനായിതുറാക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി മാത്രം ഇവിടെ മധുരം വിളമ്പണ്ട എന്നു തീരുമാനിച്ചു.പാവയ്ക്കാജുസ് കയ്പുരസം അൽ‌പ്പം കൂട്ടുമെങ്കിലും നേരത്തെ പറഞ്ഞവില്ലൻ മാരെ തുരത്താൻ കേമനാണെല്ലോ. അതുപോലെ ഒരു കയ്പ്പും ചവർപ്പുമുള്ള ഒരു പോസ്റ്റായിക്കോട്ടെ ഇത്തവണ.മറ്റു നല്ല ബ്ലോഗർ മാരുടെ പോസ്റ്റുകളിൽ നിന്നും കിട്ടുന്ന മധുരമേറിയവയിൽ നിന്നും അൽ‌പ്പം പാവക്കാ കയ്പ്പ്.
                             മാസങ്ങളായി തൂലികയുടെ(പേന)സുഖമെന്റെ കടലാസിൽ  പകർന്നിട്ട്.സമഹാരത്തിലെ കഥകൾ നൽകി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെങ്കിലും എന്റെ പ്രിയപേനയും ഡയറിയും പ്രണയിക്കാൻ മറന്നിട്ട് ആറ്മാസത്തോളമായി.ഇക്കായുടെ വരവും വീടുപണിയുടെ തിരക്കും ഒരു കാരണമാകാം.വായന ഒട്ടും തന്നെ ഇല്ല. പൂതിപെരുകുമ്പോൾ അടുക്കളപണിയുടെ നടുവിൽ കൂടിപുസ്തകവുമായി ഒരു ഓട്ടപ്രദക്ഷിണം നടത്തും  .അത് കൊണ്ടെന്റെ ശേഖരത്തിലെ ബുക്കുകളിൽ ചിലത് മുളക് പൊടിയും മഞ്ഞൾ പൊടിയും കൊണ്ട് ഫേഷ്യൽ വരെ നടത്തി സുന്ദരൻ മാരും സുന്ദരികളുമായിരിക്കുന്നു.കാര്യമായി ഉള്ളിലേക്കൊന്നും ചെല്ലാത്തത് കൊണ്ടാവാം 2010ൽ അമ്പത് കഥകൾ നൽകിയെങ്കിൽ 2011ന്റെ പാതിയും ഒരു കഥ പോലും എഴുതാതെ കവിത എന്നു ഞാൻ സ്വയം പ്രഖ്യാപിച്ച ഒന്ന് രണ്ട് പോയത്തങ്ങളെ മാത്രം നൽകിയത്. 
                                         പറന്നു പോണ ദിനങ്ങളിലെ പണിതിരക്കിനിടയിലും മനസ്സിനെ ലോകം കറങ്ങാൻ വിടുമ്പോൾ പലപ്പോഴും ചില കഥകളുടെ വിത്തുകൾ കിട്ടാറുണ്ട് .പക്ഷെ അതിന് കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവാം അത് ബാല്യത്തിലെ മുരടിച്ച് പോകുന്നത് .പക്ഷേ ഇന്നു സന്തോഷമുണ്ട് .മാസങ്ങളേ റെയായെങ്കിലും വാർഷികഘോഷത്തിൽ നിങ്ങളെല്ലാവരുമായി മനസ്സ് തുറക്കാനായല്ലോ.നിങ്ങളോടെന്തെങ്കിലും പറയണമല്ലോ  എന്ന് കരുതിയപ്പോൾ അതാ പൊയ്പ്പോയോ എന്ന് ഞാൻ സംശയിച്ച വാക്കുകൾ ഉതിർന്ന് വരുന്നു.നിലാവുള്ള രാത്രിയിൽ സർവാഭരണവിഭൂഷിതയെപ്പോലെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി തെങ്ങോലകളുടെ വെഞ്ചാമരം വീശലിന്റെ കാറ്ററിഞ്ഞ് ഉമ്മറത്ത് ഒരു ഓലത്തടുക്കിലിരുന്നിങ്ങനെ ചിന്തിക്കാനും കൊതിക്കുന്നു.
                                   നിങ്ങൾ ചിരിക്കുകയാണെല്ലേ. ചുണ്ടിന്റെ കോണിൽ ഒരു പരിഹാസ ചിരി തങ്ങിനിൽക്കുന്നല്ലോ.ഞാൻ കാര്യമായി പറഞ്ഞ എന്റെ കൊതിയാണത് .അത് പോലെ മറ്റെരു ഒടുക്കത്തെ പൂതികൂടിയുണ്ട്. ഞങ്ങൾ കന്വാകുമാരി എന്ന് പേരിട്ട പാതയിലൂടെ പുലരിയുടെ കിരണങ്ങൾ എറ്റുവാങ്ങുന്ന ഭൂമിയെ കണ്ട് മഞ്ഞിൻ മലകൾ പുതപ്പിച്ച പാടത്തിനെ ചിന്താഭാരമില്ലാതെ നോക്കിയിരിക്കാൻ.ഒതുക്കമുള്ള പെണ്ണിനെപോലെ വയലിന്റെ ഹൃദയ ഭാഗത്തുടെ ഒഴുകുന്ന തോട്ടിലേക്ക് കാൽ പാദം മുക്കിയങ്ങനെ അലസമായിരിക്കാൻ.
     കാര്യമായി പറയട്ടെ മികച്ച സാഹിത്യസൃഷ്ടിയുടെ ചൂടോ, ചൂരോ തൊട്ടു തീണ്ടാത്ത എന്റെ രചനയെ സ്വീകരിച്ച് നിർദേശങ്ങളും വിമർശനങ്ങളും  പാകത്തിന് തന്ന നിങ്ങൾ ഓരോരുത്തർക്കും എന്റെ നന്ദി. എന്നെ സന്ദർശിച്ച ചിലരേയെങ്കിലും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇനിയും ധാരാളം പേരെ ഉൾപ്പെടുത്താനുണ്ടന്ന് അറിയാമെങ്കിലും പരിമിതികൾ അനുവതിക്കുന്നില്ല.ഞാനിവിടെ പറഞ്ഞവർക്കും പറയാത്തവർക്കും ഒരിക്കൽ കൂടി നന്ദി.എന്നെപോലെ ഒരു ബ്ലോഗരുണ്ടോ എന്നു അറിയില്ല.സൃഷ്ടി എന്റെതാണെങ്കിലും Typingum,Postigum എല്ലാം കുത്തിവര ഹൈന(എന്റെ അനിയത്തി)യുടെ ജോലിയാണ്.അവൾക്കും,നിങ്ങളുടെ അഭിപ്രായങ്ങൾ വള്ളി പുള്ളി വിടാതെ ഫോണിന്റെ സഹായത്താൽ എന്നിൽ എത്തിക്കുന്നതിന് മതാപിതാക്കൾക്കും നന്ദി പറയുന്നു.ഇത് വരെയുള്ള എഴുത്തിൽ കൂടെ നിന്ന പ്രിയ ഭർത്താവിനും ഒരായിരം നന്ദി.മാധ്യമ സുഹൃത്തുക്കൾ നൽകിയ ഊന്നു വടിയിലാണല്ലോ വേച്ചുവേച്ചു എന്റെ നടപ്പ്.നിങ്ങളോടും എനിക്കേറെ കടപ്പാടുണ്ട്.