2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഒരു വയസ്സ്പ്രിയ സുഹൃത്തുക്കളേ! 
   ഞാനും ആദ്യ പിറന്നാളിന്റെ മധുരം നുണയട്ടെ കന്നി പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കും പായസവും നൽകി നിലവിലുള്ള ഷുഗറും പ്രഷറും കൂട്ടാതേയും ഇതു വരെ ആ മഹാന്മാർ എത്തി നോക്കാത്ത സാധുക്കൾ ക്ക് അതിനുള്ള വഴി ഞാനായിതുറാക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി മാത്രം ഇവിടെ മധുരം വിളമ്പണ്ട എന്നു തീരുമാനിച്ചു.പാവയ്ക്കാജുസ് കയ്പുരസം അൽ‌പ്പം കൂട്ടുമെങ്കിലും നേരത്തെ പറഞ്ഞവില്ലൻ മാരെ തുരത്താൻ കേമനാണെല്ലോ. അതുപോലെ ഒരു കയ്പ്പും ചവർപ്പുമുള്ള ഒരു പോസ്റ്റായിക്കോട്ടെ ഇത്തവണ.മറ്റു നല്ല ബ്ലോഗർ മാരുടെ പോസ്റ്റുകളിൽ നിന്നും കിട്ടുന്ന മധുരമേറിയവയിൽ നിന്നും അൽ‌പ്പം പാവക്കാ കയ്പ്പ്.
                             മാസങ്ങളായി തൂലികയുടെ(പേന)സുഖമെന്റെ കടലാസിൽ  പകർന്നിട്ട്.സമഹാരത്തിലെ കഥകൾ നൽകി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെങ്കിലും എന്റെ പ്രിയപേനയും ഡയറിയും പ്രണയിക്കാൻ മറന്നിട്ട് ആറ്മാസത്തോളമായി.ഇക്കായുടെ വരവും വീടുപണിയുടെ തിരക്കും ഒരു കാരണമാകാം.വായന ഒട്ടും തന്നെ ഇല്ല. പൂതിപെരുകുമ്പോൾ അടുക്കളപണിയുടെ നടുവിൽ കൂടിപുസ്തകവുമായി ഒരു ഓട്ടപ്രദക്ഷിണം നടത്തും  .അത് കൊണ്ടെന്റെ ശേഖരത്തിലെ ബുക്കുകളിൽ ചിലത് മുളക് പൊടിയും മഞ്ഞൾ പൊടിയും കൊണ്ട് ഫേഷ്യൽ വരെ നടത്തി സുന്ദരൻ മാരും സുന്ദരികളുമായിരിക്കുന്നു.കാര്യമായി ഉള്ളിലേക്കൊന്നും ചെല്ലാത്തത് കൊണ്ടാവാം 2010ൽ അമ്പത് കഥകൾ നൽകിയെങ്കിൽ 2011ന്റെ പാതിയും ഒരു കഥ പോലും എഴുതാതെ കവിത എന്നു ഞാൻ സ്വയം പ്രഖ്യാപിച്ച ഒന്ന് രണ്ട് പോയത്തങ്ങളെ മാത്രം നൽകിയത്. 
                                         പറന്നു പോണ ദിനങ്ങളിലെ പണിതിരക്കിനിടയിലും മനസ്സിനെ ലോകം കറങ്ങാൻ വിടുമ്പോൾ പലപ്പോഴും ചില കഥകളുടെ വിത്തുകൾ കിട്ടാറുണ്ട് .പക്ഷെ അതിന് കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവാം അത് ബാല്യത്തിലെ മുരടിച്ച് പോകുന്നത് .പക്ഷേ ഇന്നു സന്തോഷമുണ്ട് .മാസങ്ങളേ റെയായെങ്കിലും വാർഷികഘോഷത്തിൽ നിങ്ങളെല്ലാവരുമായി മനസ്സ് തുറക്കാനായല്ലോ.നിങ്ങളോടെന്തെങ്കിലും പറയണമല്ലോ  എന്ന് കരുതിയപ്പോൾ അതാ പൊയ്പ്പോയോ എന്ന് ഞാൻ സംശയിച്ച വാക്കുകൾ ഉതിർന്ന് വരുന്നു.നിലാവുള്ള രാത്രിയിൽ സർവാഭരണവിഭൂഷിതയെപ്പോലെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി തെങ്ങോലകളുടെ വെഞ്ചാമരം വീശലിന്റെ കാറ്ററിഞ്ഞ് ഉമ്മറത്ത് ഒരു ഓലത്തടുക്കിലിരുന്നിങ്ങനെ ചിന്തിക്കാനും കൊതിക്കുന്നു.
                                   നിങ്ങൾ ചിരിക്കുകയാണെല്ലേ. ചുണ്ടിന്റെ കോണിൽ ഒരു പരിഹാസ ചിരി തങ്ങിനിൽക്കുന്നല്ലോ.ഞാൻ കാര്യമായി പറഞ്ഞ എന്റെ കൊതിയാണത് .അത് പോലെ മറ്റെരു ഒടുക്കത്തെ പൂതികൂടിയുണ്ട്. ഞങ്ങൾ കന്വാകുമാരി എന്ന് പേരിട്ട പാതയിലൂടെ പുലരിയുടെ കിരണങ്ങൾ എറ്റുവാങ്ങുന്ന ഭൂമിയെ കണ്ട് മഞ്ഞിൻ മലകൾ പുതപ്പിച്ച പാടത്തിനെ ചിന്താഭാരമില്ലാതെ നോക്കിയിരിക്കാൻ.ഒതുക്കമുള്ള പെണ്ണിനെപോലെ വയലിന്റെ ഹൃദയ ഭാഗത്തുടെ ഒഴുകുന്ന തോട്ടിലേക്ക് കാൽ പാദം മുക്കിയങ്ങനെ അലസമായിരിക്കാൻ.
     കാര്യമായി പറയട്ടെ മികച്ച സാഹിത്യസൃഷ്ടിയുടെ ചൂടോ, ചൂരോ തൊട്ടു തീണ്ടാത്ത എന്റെ രചനയെ സ്വീകരിച്ച് നിർദേശങ്ങളും വിമർശനങ്ങളും  പാകത്തിന് തന്ന നിങ്ങൾ ഓരോരുത്തർക്കും എന്റെ നന്ദി. എന്നെ സന്ദർശിച്ച ചിലരേയെങ്കിലും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇനിയും ധാരാളം പേരെ ഉൾപ്പെടുത്താനുണ്ടന്ന് അറിയാമെങ്കിലും പരിമിതികൾ അനുവതിക്കുന്നില്ല.ഞാനിവിടെ പറഞ്ഞവർക്കും പറയാത്തവർക്കും ഒരിക്കൽ കൂടി നന്ദി.എന്നെപോലെ ഒരു ബ്ലോഗരുണ്ടോ എന്നു അറിയില്ല.സൃഷ്ടി എന്റെതാണെങ്കിലും Typingum,Postigum എല്ലാം കുത്തിവര ഹൈന(എന്റെ അനിയത്തി)യുടെ ജോലിയാണ്.അവൾക്കും,നിങ്ങളുടെ അഭിപ്രായങ്ങൾ വള്ളി പുള്ളി വിടാതെ ഫോണിന്റെ സഹായത്താൽ എന്നിൽ എത്തിക്കുന്നതിന് മതാപിതാക്കൾക്കും നന്ദി പറയുന്നു.ഇത് വരെയുള്ള എഴുത്തിൽ കൂടെ നിന്ന പ്രിയ ഭർത്താവിനും ഒരായിരം നന്ദി.മാധ്യമ സുഹൃത്തുക്കൾ നൽകിയ ഊന്നു വടിയിലാണല്ലോ വേച്ചുവേച്ചു എന്റെ നടപ്പ്.നിങ്ങളോടും എനിക്കേറെ കടപ്പാടുണ്ട്.