2011, ജനുവരി 20, വ്യാഴാഴ്‌ച

വൈവാഹികം
ഓഫീസിലെ തിരക്കുകളില്‍ നിന്നും വീട്ടിലെത്തിയ സേതുവിന്റെ അടുത്തു ഒരു കപ്പ് കട്ടന്‍ കാപ്പിയുടെ കൂടെ ഒരു കൊട്ട കത്തുകളുമായാണ് അമ്മ വന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി മുണ്ടും നേര്യതും ധരിച്ച് ഒരു കുലീനയുടെ പ്രൌഢിയോടെ തന്നെ വളര്‍ത്തിയ പഴയ അമ്മയുടെ രൂപമായിരുന്നു സേതുവിന്റെ മനസ്സില്‍. അവരാകെ മാറിയിരിക്കുന്നു.കടുത്ത നിറത്തിലുള്ള സില്‍ക്ക് സാരി .ചായം പൂശിയ  മുഖം. പെര്‍ഫ്യുമുകളുടെ കടുത്ത പരിമളം.വാര്‍ദ്ധക്യത്തെ തടവിലിടാനുള്ള ഈ ശ്രമം സേതുവില്‍ പരിഹാസ്യതയാണുണര്‍ത്തിയത്. നഗരജീവിതത്തെ പല വര്‍ണ്ണങ്ങളില്‍ പൊലിപ്പിച്ചു കാട്ടിയ ഗീതേച്ചിയാണോ പാടത്തിന്റെയും തോടിന്റെയും കരയിലുള്ള നാട്ടിലെ കൊച്ചുവീടുപേക്ഷിച്ച് നഗര ജീവിതത്തിലേക്ക് ചേക്കേറാന്‍ അമ്മയെ പ്രേരിപ്പിച്ചത്! തന്റെ അഭിപ്രായങ്ങള്‍  വിപരീതഫലം ചെയ്യുമെന്ന് സംശയിച്ചായിരിക്കും അച്ഛന്‍ എതിര്‍ക്കാതിരുന്നത്. കളിച്ചുവളര്‍ന്ന നാടും പൊന്നു വിളയിക്കുന്ന മണ്ണും ഉപേക്ഷിച്ച് വരാന്‍ അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് വന്നനാളുകളില്‍ അദ്ദേഹത്തിന്റെ മ്ലാനമായ മുഖം സൂചിപ്പിച്ചിരുന്നു.അമ്മയുടെ തിരുമാനങ്ങള്‍ക്ക് ന്യായമോ അന്യായമോ എന്ന്  നോക്കാതെ അച്ഛന്‍ വഴങ്ങിക്കൊടുത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് വഴിവച്ചത്. ആര്‍ഭാടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കുന്നത് അമ്മക്ക് ഹരമായിരുന്നു.
                                          വടക്ക് വശത്തുകൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീര്‍ച്ചോലയുടെ
മര്‍മ്മരവും ഉറക്കമുണരുമ്പോള്‍ തന്നെ ചെമ്പകപൂവിന്റെ നറുമണം തരുന്ന ചുറ്റുപാടും,തറവാട് ഒരു വേദനയായി സേതുവില്‍ നഷ്ടബോധം നിറച്ചു. കാപ്പി കുടിച്ചു തീര്‍ത്ത് അയാള്‍ കത്തുകള്‍ ശ്രദ്ധിച്ചു .തനിക്കായി പ്രമുഖപത്രത്തില്‍ വിവാഹ പരസ്യം കൊടുത്തിരിക്കുകയാണ് അമ്മ.അതിന്റെ മറുപടികളാണിവ.
                              പ്രതീക്ഷാപൂര്‍വ്വം ആര്‍ഭാടത്തോടെ ഒരു വിവാഹം നടന്നതാണ്.അമ്മയുമായുള്ള അഭിപ്രായവ്യത്യാസമാകാം  രണ്ടു മാസത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ട് താന്‍ നല്‍കിയ സ്നേഹത്തെ പുറംകാല് കൊണ്ട് തട്ടി ബന്ധം വേര്‍പ്പെടുത്തിപ്പോകാന്‍ ആ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. മൂന്നുമാസം തികയുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ സേതു മാനസികമായി തയ്യാറായിരുന്നില്ല.അമ്മയെടുക്കുന്ന തീരുമാനങ്ങള്‍ ശരിയോ തെറ്റോഎന്നു നോക്കാതെ അനുസരിച്ചാണ് ശീലം. സേതുവിന് ആത്മനിന്ദയും ഈര്‍ഷ്യയും തോന്നി.
                                  അമ്മയുടെ താല്പര്യത്തിനുവേണ്ടി മാത്രം സേതു കത്തുകള്‍ വായിച്ചു തുടങ്ങി. സ്ട്രൈറ്റ്നിഗ് ചെയ്ത മുടിയും കടുത്ത നിറത്തിലുള്ള ചുണ്ടുകളില്‍ ഒട്ടിച്ചുവച്ച റെഡിമേഡ് പുഞ്ചിരിയുമായി സ്വയം സുന്ദരിയാണെന്ന് പ്രഖ്യാപിക്കുന്ന ഫോട്ടോകള്‍ അടങ്ങിയ ഇംഗ്ലീഷിലുള്ള എഴുത്തുകളായിരുന്നു കൂടുതലും.ഇംഗ്ലീഷിലായിരിക്കാം അമ്മ പരസ്യം ചെയ്തത് ഒരു കത്തുമാത്രം വടിവൊത്ത അക്ഷരത്തില്‍ നല്ല മലയാളത്തില്‍.
 അമ്മ മുറിവിട്ട് പോയപ്പോള്‍ സേതു ആ കത്തു ചികഞ്ഞെടുത്ത് വായിക്കാന്‍  തുടങ്ങി.
       “വിവാഹമോചിതന് എന്നാണ് അഭിസംബോധന .തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ യുവാവ്, ഇരുപത്തിയെട്ട് വയസ്സ്, സാമാന്യ സൌന്ദര്യം, ഉയര്‍ന്ന ശംബളം പറ്റുന്ന ജോലി, സുന്ദരികളും, വിദ്യാസമ്പന്നരുമായ സാമ്പത്തിക ഭദ്രതയുള്ള അവിവാഹിതകളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു എന്ന് നിങ്ങള്‍ കൊടുത്ത ഇംഗ്ലീഷ് പരസ്യത്തിന്റെ വിവര്‍ത്തനമാണിത്. എന്റെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്ന് ആദ്യം തന്നെ അപേക്ഷിക്കട്ടെ.
           മനോഹരമായ ഒരു ഭാഷ നമ്മുടെ സ്വന്തമായി ഉള്ളപ്പോള്‍ സായിപ്പിന്റെ ഭാഷയെ എന്തിനാണാശ്രയിച്ചത്? ഇംഗ്ലീഷ് ഭാഷയെ തള്ളിപ്പറഞ്ഞതല്ല.കേരളത്തില്‍ ജനിച്ചുവളര്‍ന്ന് ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയ അങ്ങയെപ്പോലുള്ളവര്‍ പെറ്റമ്മയെപോലെ കാണേണ്ട മലയാളത്തെ മറന്നതെന്തേ?
                 തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്? സാമാന്യസൌന്ദര്യമുള്ള നിങ്ങള്‍ അതിസുന്ദരിയെ ആഗ്രഹിക്കുന്നുവെങ്കില്‍സുന്ദരിക്കും കാണില്ലേ അതിസുന്ദരനായ ഭര്‍ത്താവിനെ സ്വന്തമാക്കാണമെന്ന അഭിവാഞ്ച?
   ഉയര്‍ന്ന ശമ്പളം പറ്റുന്ന താങ്കളും സ്ത്രീധനമെന്ന വിനാശധനം ആഗ്രഹിക്കുന്നതുകൊണ്ടാണോ പരസ്യവാചകത്തില്‍ സാമ്പത്തികഭദ്രത എടുത്തുപറഞ്ഞത്?
തന്റെഭാര്യയെ മാന്യമായിപ്പോറ്റാനുള്ള ചുറ്റുപാട് ഉയര്‍ന്നശമ്പളം പറ്റുന്ന താങ്കള്‍ക്കില്ലേ?

                                               എന്റെ പേര് ഷൈനി.പത്രവായനക്കിടയില്‍ താങ്കള്‍ കൊടുത്ത പരസ്യം കാണാനിടയായി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ ഭുതകാലത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിശ്ചയം കഴിഞ്ഞ് ആറു മാസങ്ങള്‍ക്ക് ശേഷമാണെന്റെ വിവാഹം നടന്നത്.ഈ ഇടവേളയില്‍ വരനും ബന്ധുക്കളും സുഖ വിവരങ്ങളന്വേഷികാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. ദാമ്പത്യബന്ധത്തിലേക്ക് വലതുകാലെടുത്തുവെച്ച നാളുകളിലൊരുദിവസം ഒരു കുടുംബവീട്ടില്‍ വിരുന്നിനു പോയി.യോജിച്ച പങ്കാളിയല്ല തനിക്ക് വധുവായി കിട്ടിയത് എന്ന ബന്ധുവായ സ്നേഹിതന്റെ കമന്റിന്റെ പ്രത്യാഘാതമായി ദിവസങ്ങള്‍ക്കകം വിവാഹമോചനം നടന്നു.
            സ്വന്തമായ അഭിപ്രായങ്ങളും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ സാ‍ധിക്കാത്ത ആദ്യഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനം എന്നെ വേട്ടയാടുന്നില്ല. എങ്കിലും സ്വപ്ന സാമ്രാജ്യത്തിന്റെ ചില്ലുകൊട്ടാരം ദിവസങ്ങള്‍ക്കകം വീണുടഞ്ഞപ്പോള്‍ നിരാശ തോന്നിയിരുന്നു.താങ്കളുടെ പരസ്യം വായിച്ചപ്പോള്‍ പ്രകടമായ പൊരുത്തക്കേടുകളാണ്` എന്നെ ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. നിറുത്തട്ടേ..ഷൈനി..
                                      കത്തുവായിച്ചു തീര്‍ന്നപ്പോള്‍ സേതുവിന് വല്ലാത്ത ലജ്ജ അനുഭവപ്പെട്ടു. തന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന ഭാര്യ വേണമെന്ന് മാത്രം ആഗ്രഹിച്ച തനിക്ക് ഒരു പെണ്ണില്‍ നിന്ന് ഇത്രയും വിമര്‍ശനം കിട്ടാന്‍ അര്‍ഹതയുണ്ടോ എന്ന് സേതു ആലോചിച്ചു. എന്നിട്ട് ഇംഗ്ലീഷിലുള്ള എല്ലാ കത്തുകളുമെടുത്ത് അയാള്‍ തലങ്ങും വിലങ്ങും പിച്ചിച്ചീന്തി പിന്നീട് പുറത്തുവരാത്ത ഒരു പുഞ്ചിരിയോടെ, ഒരു നല്ല വെള്ള ഷീറ്റ് പേപ്പറെടുത്ത് പേന തുറന്ന് ഷൈനിക്ക് എഴുതിത്തുടങ്ങി......


2011, ജനുവരി 12, ബുധനാഴ്‌ച

ഇരകൾ

പൊതുവെ ഭക്ഷണത്തോട് വിരക്തിയുള്ള മകളെ വല്ലതും കഴിപ്പിക്കുക എന്നത് പ്രയാസകരമായ ജോലിയാണ്. അന്തിപ്പട്ടിണി മാറ്റാന്‍ ഒരു നുള്ള് അകത്തെത്തിക്കാന്‍ വേണ്ടി കലാവൈഭവങ്ങളെല്ലാം പ്രകടമാക്കി.കഥകളും മോണോആക്ടും ഡാന്‍സുമായി അവളുടെ മുന്നില്‍ തിമിര്‍ത്താടിയിട്ടും തുറക്കാത്ത വായയും തിരിക്കുന്ന മുഖവും കണ്ടപ്പോള്‍ നിരാശയാകേണ്ടി വന്നു.പുലരുവോളം ഒട്ടിയവയറുമായി ക്ഷീണിച്ചുറങ്ങുന്നത് കണ്ണില്‍ തെളിഞ്ഞപ്പോള്‍ പെറ്റ വയറിന്റെ നോവ്കൊണ്ടാവാം അവസാനത്തെ അടവും കൂടി പ്രയോഗിക്കാംഎന്നുവെച്ചത്
     എനിമല്‍ പ്ലാനറ്റ് ചാനലില്‍ അവള്‍
ഈയിടെയായി ആക്യ് ഷ്ടയായിരുന്നു.ടി.വി.ഓണ്‍ ചെയ്തു.നിറയെ സീബ്രക്കൂട്ടങ്ങള്‍ കാട്ടുചോലയുടെ മര്‍മ്മരമുള്ള പുല്‍ത്തകിടിയില്‍ മേഞ്ഞുനടക്കുന്നു.അവയുടെ ഓരോ ചലനവും സൂക്ഷ്മതയോടെ ഷൂട്ട് ചെയ്ത അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ തോന്നി.മോളൂടെ വായിലേക്ക് അവള്‍ അറിയാതെ പോയ മൂന്നുരുള ചോറിന്റെ നന്ദിയും മനസ്സിലുണ്ട്.സമാധാനത്തിന്റെ ആ അന്തരീക്ഷത്തിലേക്ക് ക്രൂരമുഖഭാവമുള്ള ഒരു സിംഹം എവിടെനിന്നോ ചാടിവീണു.ഭയത്തോടെ വരയന്‍ കുതിരകള്‍ നാലുപാടും ഓടി.ആര്‍ത്തിയോടെ തൊട്ടുപിന്നില്‍ സിംഹവും.പുറകിലായി ഓടിയ സീബ്രയുടെമേല്‍ സിംഹം ചാടിവീണു.പിന്‍ കാലുകള്‍ക്ക് മുകളിലായി മൂര്‍ച്ചയേറിയ പല്ലുകള്‍ ആഴത്തില്‍ അമര്‍ന്നു.മരണവെപ്രാളത്തില്‍ സര്‍വ്വശക്തിയുമെടുത്ത് പിടഞ്ഞ സീബ്ര സിംഹത്തിന്റെ വായില്‍നിന്നും കുതറിമാറി. ചോര വാര്‍ന്ന നിലയില്‍ ഓടുന്നസീബ്ര മിനുസമേറിയ മാംസഭാഗം രുചിയോടെ കടിച്ചുകൊണ്ട് പായുന്ന സിംഹം തൊട്ടുപിറകില്‍ .ആ കാഴ്ച കാണാനാകാതെ മാത്യഭാഷയില്‍ മോളെ പ്രലോഭിപ്പിക്കുന്ന മറ്റ് വല്ല ചാനലുകളുമുണ്ടോ എന്നറിയാന്‍ റിമോട്ട് കൈയിലെടുത്തു.
                    മാറ്റിയ ചാനലിലും മറ്റെന്നുമായിരുന്നില്ല.നഖശിഖാന്തം അഭിപ്രായം പറയുന്ന വിധികര്‍ത്താക്കള്‍. കരയുന്ന ഭാവത്തില്‍ എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുന്ന ഇരകള്‍.മനസ്സില്‍നിന്നു വാര്‍ന്നൊലിക്കുന്ന ചോരകണ്ട് ഞാന്‍ ടി.വി.ഓഫ് ചെയ്തു.
                           
                                  

2011, ജനുവരി 1, ശനിയാഴ്‌ച

നഷ്ടങ്ങൾ

ദീർഘയാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വീട് തുറന്ന് കിടക്കുന്നതാണ് കണ്ടത്.സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു.ഭാര്യയും കുട്ടികളും എന്തൊക്കെ നഷ്ടപ്പെട്ടു എന്നറിയാൻ പരിഭ്രമത്തോടെ ഓടിനടന്നു.
                      എന്റെ മാലയും വളകളും കാണാനില്ല.”ഭാര്യാ  അലമുറയിട്ടു.
മുപ്പത്തഞ്ചുപവനാണ് പോയത്.” അവൾക്ക് സങ്കടം അടക്കാൻ കഴിയുന്നില്ല.അമ്മുമ്മ സ്നേഹത്തോടെ കൊടുത്ത ഒന്നരപ്പവന്റെ കുണുക്കും അതിൽ‌പ്പെടും.
       എന്റെ ലാപ്ടോപ്പ് പോയി. ഷിറ്റ്” എന്നു് പറഞ്ഞ് മകൻ മേശയിലിടിച്ചു.
 അങ്കിൾതന്ന ഫോറിൻ ലാച്ച കാണാനില്ല മമ്മി.” മോളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
                അയാൾമാത്രം നിസ്സംഗ്ഗനായി ഇരുന്നു.മോഷ്ടാക്കളിലും കലാസ്വാദകരു
ണ്ടല്ലോ എന്നാണ് തമാശയോടെ ചിന്തിച്ചത്.എഴുതിപൂർത്തിയാകാത്ത ആ ഉത്തരാധുനിക കവിത വീണ്ടും ഓർത്തെടുക്കാൻ കഴിയുമോ എന്നാലോചിച്ച് വിമ്മിഷ്ടത്തോടെ അയാൾ എഴുത്തുമേശയിലേക്ക് നടന്നു.