2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

പതിമൂന്നുകാരന്റെ സർഗ വാസന

ബന്ധുവായ പതിമൂന്നുകാരൻ വിരുന്നുകാരനായി വീട്ടിൽ വന്നതു മുതൽ നേരം പോകുന്നില്ല എന്നായിരുന്നു പരാതി. എന്റെ പുസ്തക സാഗരത്തിലിറക്കിയിട്ട്ഞാൻ പറഞ്ഞു,
"നീ യഥേഷ്ടം ഇതിൽ നീന്തി തുടിച്ച് മുങ്ങാം കുഴിയിട്ട് തിരഞ്ഞു നടന്നോ. നേരം പോകുന്നതേ അറിയില്ല. പ്രമുഖരായ പല എഴുത്തുകാരും നിന്റെ പ്രായത്തിൽസ്വയം എടുത്താൽ പൊങ്ങാത്ത ബുക്കുകൾ വായിച്ചിരുന്നവരായിരുന്നുവത്രെ".
എന്റെ ഉപദേശം അവന്റെ മുഖത്ത് പരിഹാസം പുരട്ടിയ ചിരി വിടർത്തി. ലോകസാഹിത്യങ്ങൾ വരെ വിഹരിക്കുന്ന ഷെൽഫിൽ നിന്നും അവൻ തിരഞ്ഞെടുത്തപുസ്തകം ടിന്റുമോൻ ജോക്ക്സ്. കുഞ്ഞിണ്ണിമാഷിന്റെ നമ്പൂരി ഫലിതങ്ങൾ അടക്കം ബാലസാഹിത്യങ്ങളുടെ നീണ്ട നിര അവന്റെ കണ്ണിൽ പിടിക്കാഞ്ഞതെന്തേ?.


ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീണ്ടും മടുത്തു. പിന്നിടെപ്പോഴോ നിർജീവമായി കിടന്ന ലാപ്പ് ടോപ്പിലായി അവന്റെ കണ്ണ്. ഏറെ കാലത്തെവിശ്രമത്തിനു ശേഷം തിരികെ ജീവനെടുക്കണമെങ്കിൽ അതിനെ ഒരു മികച്ച ട്രീന്റ്മെന്റിന് വിധേയമാക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ അവൻ പിന്മാറി.
കമ്പ്യൂട്ടർ ഗെയിമിന്റെ അനന്തസാധ്യതകളെ കുറിച്ചും അതു കണ്ടുപിടിച്ചവന്റെ തലമണ്ടയെ കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ലോകത്ത് എന്തെന്ത് കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രഗൽഭ തലകൾ അനേകമുണ്ടായിരിക്കെ, ചിന്തകളേയും സ്വപ്നങ്ങളേയും സങ്കല്പങ്ങളേയും തളച്ചിടാൻ ഹേതുവായ ഈ മരത്തലകളെ എന്തിന് പ്രശംസിക്കണം? എന്റെ തത്ത്വശാസ്ത്രത്തെ അവൻ വീണ്ടും പുഛചിരിയിലൊതുക്കി. വെറുമൊരു ഏഴാം ക്ലാസുകാരനായ ഇവന്റെ മുഖത്തെങ്ങനെ ഇത്തരം രസങ്ങൾ വിരിയുന്നതെന്ന് ഞാൻ അൽഭുതപ്പെട്ടു.


താമസിയാതെ അനിയനുമായുള്ള കൂട്ടുകെട്ടിനൊടുവിൽ, അവന്റെ കമ്പ്യൂട്ടറിൽ ഗയിം കളിക്കാമെന്ന കരാറിൽ ഇരുവരും ഒപ്പുവെച്ചു. എന്താണിതിൽ ഇവൻ ആകൃഷ്ടനാവാൻ കാരണമെന്നറിയാൻ പുറകിൽ ഞാൻ കളി വീക്ഷിച്ചിരുന്നു. ഒരു ഹെലികോപ്റ്റർ മുന്നിൽ കാണുന്ന തടസങ്ങളെല്ലാം നീക്കി പറക്കുകയാണ്.അതിന്റെ മൂട്ടിലെന്തോ തൂങ്ങി കിടക്കുന്നു. ഊടു വഴികളിലൂടെല്ലാം പറന്ന ശേഷം പണിതീരാത്ത ഒരു കെട്ടിടത്തിലേക്കത് ഇടിച്ചു കയറി. അതിൽ പണിതുകെണ്ടിരുന്ന ജോലിക്കാരും പാറാവുകാരും പല വിധത്തിൽ അതിന്റെ തുടർ സഞ്ചാരം തടയാൻ ശ്രമിച്ചു. പക്ഷെ ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഉതിരുന്ന വെടിയുണ്ടകൾ എല്ലാവരേയും കൊന്നു വീഴ്ത്തി. ഓരോ നിലയിലേക്കും കുതിച്ചുയർന്ന കോപ്പ്റ്റർ ഏറ്റവും മുകളിൽ ഒരു അടയാളം കാണിച്ച സ്ഥലത്ത് മൂട്ടിലെ നിക്ഷേപം ഉപേക്ഷിച്ചു. ഉടനെ ബിൽഡിംങ്ങ് തകർന്നു തരിപ്പണമായി.


കാര്യം മനസ്സിലാകാത്ത ഞാൻ കണ്ണിൽ ക്യൊസ്റ്റൻ മാർക്ക് കൊളുത്തി അവനെ നോക്കി. അവൻ പറഞ്ഞ കഥ ഇങ്ങിനെ.
'ഈ പട്ടണത്തിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനം എന്റെ മുതലാളിയുടേതാണ്. ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ എന്റെ മുതലാളി രണ്ടാം സ്ഥാനത്തേക്കു് തള്ളപ്പെടും.അതുകൊണ്ട് തന്നെ ഇത് ബോംബ് വെച്ച് നശിപ്പിക്കാൻ അദ്ദേഹം എന്നേ ഏൽ‌പ്പിച്ചതായിരുന്നു'.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന അവനെ നോക്കി സായിപ്പിന്റെ ഭാഷ വേണ്ടുവോളം വശമില്ലാത്ത ഞാൻ ചോദിച്ചു,
'ഗെയിം തുടങ്ങുന്നതിന് മുമ്പ്‌ ഈ വിവരണം ഉണ്ടായിരുന്നുവോ?'.
"ഇല്ല", അവൻ പെട്ടെന്ന്‌ മറുപടി പറഞ്ഞു.
"പിന്നെ.. ഇപ്പോൾ നീ പറഞ്ഞത്?"
"ഇതു കണ്ടപ്പോൾ ഞാൻ ഊഹിച്ചതാ".


ഹോ എന്റെ ഭാവന എത്രച്ചുരുങ്ങിപ്പോയി. കമ്പ്യൂട്ടറിൽ തളച്ചിട്ട പുതു തലമുറയുടെ യന്ത്രത്തലകളിൽ നിന്നും വരും ലോകത്തിനായി ഇത്തരം സൃഷ്ടികളല്ലാതെ വേറെ എന്തു വരാൻ! തലപെരുത്തതോടെ ഒരു ആശ്ചര്യ ചിഹ്നമായി ഞാൻ കുന്തിച്ചിരുന്നു.