2010, നവംബർ 20, ശനിയാഴ്‌ച

രാജ്യദ്രോഹി

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉമ്മറവാതിലിൽ  ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവൾ ഉണർന്നത്. തന്റെ പാതിയുടെ വിരിമാറിലൊതുങ്ങിക്കിടക്കുന്ന അവൾ ആ സ്നേഹവലയത്തിൽ നിന്നും വഴുതി മാറാൻ മടിച്ച് മയക്കം വിട്ടു മാറാതെ ഒരു നിമിഷം കിടന്നു. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ സ്വപ്ന നിദ്രയിലായിരുന്ന ഭർത്താവിനെ വിളിച്ചു. പാതിയുറക്കത്തിന്റെ മുഷിവിൽ  പിറുപിറുക്കലോടെ പോയി കതകു തുറന്ന അയാൾ ഞെട്ടി. ഉമ്മറപ്പടിയിലെ കാഴ്ച കണ്ട അവളുടെ ഉറക്കച്ചടവിന്റെ ആലസ്യം എങ്ങോ പോയ്മറഞ്ഞു. ബൂട്ടിട്ട കാലുകൾ അകത്തേക്ക് ഇരച്ചു കയറി. അലങ്കോലമായ വീട്ടു സാമാനങ്ങൾക്കിടയിൽ നിന്നും അവർക്കു വേണ്ടതെല്ലാം ലഭിച്ചു.
 
          
 ശബ്ദ  കോലാഹലങ്ങൾ  കേട്ട് ഉണർന്ന മകൻ കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോൾ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ. കഥ അറിയാതെ ആട്ടം കാണേണ്ടിവന്ന ഭാര്യയുടേ കാതിലേക്ക് ഈയം ഉരുക്കിഒഴിക്കുന്ന നീറ്റലോടെ  നിയമപാലകർ കനത്ത ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ. പതിനായിരക്കണക്കിനു ആളുകളുടെ ജീവനെടുത്ത തീവ്രവാദിയാ ഇവൻ. മാതാവിന്റെ സ്ഥാനത്ത് കാണേണ്ട നാടിനെ ഒറ്റി കൊടൂത്ത രാജ്യദ്രോഹി..
                       ചെറുപ്പത്തിലേ വൈധവ്യം പേറേണ്ടി വന്ന മാതാവ് ജീവിത സായാഹ്നത്തിലെങ്കിലും മകൻ തുണയാകുമെന്ന ആശയ്‌ക്ക് വിലങ്ങായി വന്ന കാരണം കേട്ട് മരക്കഷ്ണത്തിനു തുല്യമായി മരവിച്ചു പോയ്. ഇരുമെയ്യും ഒരു മനസ്സുമായി ജീവിതം പങ്കുവെച്ച ഭർത്താവിന്റെ പ്രവർത്തന രഹസ്യം ദു:സ്വപ്നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാതെ ഭാര്യ. തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു.

27 അഭിപ്രായങ്ങൾ:

  1. ഭീതിതമായ ഒരന്തരീക്ഷ്ത്തെ തന്മയത്വത്തോടെ ആറ്റിക്കുറുക്കി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കാലികമായ ഒരന്തരീക്ഷത്തില്‍ ഈ വക സംഭവങ്ങളിലെ കുറ്റാരോപിതര്‍ പിന്നീട് നിരപരാധികളാണ് എന്ന് വിധിയെഴുതി തിരിച്ചു ജീവിതത്തിലേക്ക് വരാതെ കാലയവനികക്ക് പിന്നില്‍ മറഞ്ഞിട്ടുണ്ട്. ചിലര്‍ ജീവശവങ്ങളായി കഴിയുന്നു.അത് കൂടി ഇതില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ ഈ കഥ കൂടുതല്‍ നന്നാവുമായിരുന്നു.ഈ കഥയില്‍ ഒരു അപൂര്‍ണത നിഴലിക്കുന്ന പോലെ എനിക്ക് തോന്നി.
    രചനാപാടവം പ്രശംസ അര്‍ഹിക്കുന്നു.അതിലുപരി സന്ദേശത്തിലെ പ്രാധാന്യത്തിനും.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഈ കഥയിലെ നായകന്‍ തീവ്രവാദി എന്ന് തന്നെ ജുവൈരിയ പറഞ്ഞു വച്ചത് കൊണ്ട് ..നിരപരാധികളുടെ സഹനം വേറെ കഥയില്‍ മതി ..:)

    മറുപടിഇല്ലാതാക്കൂ
  3. ചുരുങ്ങിയ വാക്കുകളില്‍ എന്ത് ഭംഗിയായാണ് ഇത് പറഞ്ഞു തീര്‍ത്തത്. വിഷയത്തിലെ പ്രത്യേകത കൊണ്ടും രചനയിലെ കയ്യടക്കം കൊണ്ടും ഈ കഥ എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. കാലഘട്ടത്തിന്റെ കഥ
    ഈ വിഷയം മിനികഥയില്‍ ഒതുക്കെണ്ടിയിരുന്നില്ല എന്ന തോന്നല്‍
    എന്തായാലും അഭിനന്ദനങള്‍

    മറുപടിഇല്ലാതാക്കൂ
  5. ചുരുക്കം ചില വാക്കുകളില്‍ വളരെ കാലിക പ്രസക്തമായ ഒരു കഥ നന്നായി തന്നെ പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. സമകാലീന യാഥാര്‍ത്ഥ്യം..
    പക്ഷെ ആകെ കംപ്രസ്ട് ആയ പോലെ ..

    മറുപടിഇല്ലാതാക്കൂ
  7. ജുവൈരിയ്യ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം കണ്മുന്നില്‍ വരുമ്പോള്‍ എന്തായിരിക്കും അവസ്ഥ അല്ലേ...കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. കുഞ്ഞിക്കഥകളുടെ കാലം വരവായി ബ്ലോഗുകളില്‍ ..! സംശയം ഇല്ല.
    ഇതും എനിക്കിഷ്ട്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  9. കുഞ്ഞു കഥ വലിയ വിഷയം ആവിഷ്കാരം അതീവ സുന്തരം
    വേദനിപ്പിക്കുകയും ചെയ്തു.
    ച്ചുട്ടുപാടുകളിലേക്ക് എത്തിനോക്കിപ്പിക്കും ഈ കഥ

    മറുപടിഇല്ലാതാക്കൂ
  10. എന്നിട്ട് എന്തായി,,,, അയാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ :)

    മറുപടിഇല്ലാതാക്കൂ
  11. രമേശ് പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട് . കഥയിലെ നായകന്‍ തീവ്രവാദി എന്ന് പറയുന്ന സ്ഥിതിക്ക് നിരപാരാധികളെ കഥയില്‍ കൊണ്ട് വരണം എന്നില്ല.. അതുകൊണ്ട് കഥ പൂര്‍ണ്ണം തന്നെയാണ്.

    കുറഞ്ഞ വാക്കുകളിലാണെങ്കിലും വലിയ ഒരു ആശയമാണ് കഥയില്‍ പറഞ്ഞത് . അത് പറയുന്നിടത്ത് കഥാകാരി മികവ് പുലര്‍ത്തി എന്നും എടുത്ത് പറയണ്ട കാര്യം തന്നെ ..

    മറുപടിഇല്ലാതാക്കൂ
  12. നായകനെ നിരപരാധിയായല്ല കഥയിൽ കെണ്ട് വരാൻ ഉദ്ദേശിച്ചത്.വീട്ടുകാരുടെ സ്വന്തമായി കരുതുന്ന നായകന്റെ ഉള്ളീൽ ഒളിച്ചു വെച്ച പൊയ്മുഖങ്ങൾ പെട്ടെന്നുരുന്നാൾ പുറത്തു വന്നതാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.
    അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി..

    മറുപടിഇല്ലാതാക്കൂ
  13. കുറച്ച് വരികളിലൂടെ ഒരു വലിയ കഥ പറഞ്ഞു.അല്പം കൂടി വിപുലീകരിച്ചിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ എന്ന ഒരഭിപ്രായം എനിക്കുണ്ട്.
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  14. പെട്ടന്നുള്ള ഇടിച്ചുകയറ്റം ഉണ്ടാക്കിയ ഞെട്ടല്‍, ബൂട്ടുകള്‍ തലങ്ങും വിലങ്ങും പായുകയും വീട്ടു സാമാനങ്ങള്‍ അലങ്കോലപ്പെടുത്തുകയും ഉച്ചത്തില്‍ ചോദ്യം ചെയ്യുകയും ചെയ്യുമ്പോഴുള്ള ഭീകരാന്തരീക്ഷം, എല്ലാം കഴിഞ്ഞ് ആളൊഴിയുമ്പോളുല്ല അമ്പരപ്പും, കോപവും, ദു:ഖവും, അപമാനബോധവും - അങ്ങനെ പലയിടത്തും ആഖ്യാനത്തിന് വളരെയധികം സാധ്യതകളുണ്ടായിരുന്നു.
    എച്ച്മുവിന്റെ ബ്ലോഗ്‌ വായിച്ചു പഴകിയതു കൊണ്ടാകണം, നല്ലൊരു സബ്ജെക്റ്റില്‍ കൊണ്ടുവരാമായിരുന്ന തീവ്രത ഇതില്‍ ഉണ്ടായിരുന്നില്ലെന്നൊരു തോന്നല്‍. അതൊരു ന്യൂനതയൊന്നുമല്ല - പലരും പല രീതിയിലാണല്ലോ ജീവിതാനുഭവങ്ങളെ കാണുന്നത്. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. നിരപരാധികൾ തീവ്രവാദികളാവുകയും തീവ്രവാദികൾ യദേഷ്ട്ടം വിഹരിക്കുകയും ചെയ്യുന്ന വർത്തമാന കാല പരിസ്ഥിതിയിൽ എന്ത് കൊണ്ടും അനുയോജ്യം ഇത്തരം ചിന്ത. കഥ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ കഥാകാരിക്കു സ്നേഹപൂര്‍വം, ഒന്നുരണ്ട് സംശയങ്ങള്‍- കഥാപുരുഷന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്. തീവ്രവാദിയെന്നു കഥാകൃത്ത് പറയുന്നില്ല, പോലീസാണ് പറയുന്നത്. പോലീസ് പറയുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. അത്തരം അനുഭവങ്ങള്‍ വേണ്ടുവോളം നമുക്കു മുമ്പില്‍ ഉണ്ട്. ഒരു പുസ്തകമോ ലഘുലേഖയോ ഒക്കെയാവാം ശക്തമായ തെളിവുകള്‍. പേരുകളാണ് ഒരാള്‍ ദേശദ്രോഹിയാണോ ദേശസ്നേഹിയാണോ എന്നു തീരുമാനിക്കപ്പെടാനുള്ള ഉപാധി എന്ന അപകടകരമായ ഒരു കാലം. ദുഷ്കാലം തന്നെ. രമേഷിന്റെ അഭിപ്രായത്തോട് ഒരു വിയോജനക്കുറിപ്പെഴുതട്ടെ. ഇതിഹാസകാലത്ത് ഒരു അക്രമിയോട് അവന്റെ ഭാര്യയും മക്കളും പറഞ്ഞു, നീ ചെയ്യുന്ന തെറ്റില്‍ ഞങ്ങള്‍ക്ക് പങ്കില്ല, അതിനു നീ വാങ്ങിക്കൂട്ടുന്ന ശിക്ഷയിലും ഞങ്ങള്‍ക്കു പങ്കില്ല എന്ന്. ആ രീതിയിലൊരു നീതി ഇന്നു ആര്‍ഷഭാരതത്തിലില്ല. ഇന്നു ഭാര്യയും മക്കളും മാതാപിതാക്കളും അവരെല്ലാവരും വളരെ നിന്ദകള്‍ക്കും പുറംതള്ളലിനും പാത്രമാവുന്നുമുണ്ട്, അതുകൊണ്ട് നിസ്സഹായരുടെയും നിരപരാധികളുടെയും സഹനം ചേര്‍ത്ത് ചിന്തിക്കേണ്ടതല്ലെ ?

    മറുപടിഇല്ലാതാക്കൂ
  17. കുറച്ച് വാക്കുകളില്‍ വലിയ കാര്യങ്ങള്‍
    നന്നായിരിക്കുന്നു...

    പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ അയക്കൂ...
    mizhineerthully@gmail.com

    മറുപടിഇല്ലാതാക്കൂ
  18. പേടിപ്പിച്ചു......എന്ത് ചെയാം ഇങ്ങനെ ഒക്കെ നടക്കാന്‍ സാധ്യത ഉണ്ട് ഇന്നത്തെ കാലത്ത്

    മറുപടിഇല്ലാതാക്കൂ
  19. ജുവൈരിയാ,ചുരുങ്ങിയ വാക്കുകളിൽ വലിയൊരു കാര്യം വളരെ നന്നാക്കി എഴുതി... ഇനിയും വരട്ടെ ഇതുപോലെ നല്ല ആശയങ്ങൾ... എല്ലാവിധ ആശംസകളും നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  20. ചെറിയ കഥയിലെ വലിയ സംഭവങ്ങള്‍ വളരെ ഇഷ്ടപ്പെടുന്നു.... ഇത്തരം സംഭവങ്ങളില്‍ യതാര്‍ത്ഥ കുറ്റവാളി എന്ന നിലക്ക് തന്നെ സ്നേഹിക്കുന്നവരെയും ആശ്രയിക്കുന്നവരെയും അത് വേദനിപ്പിക്കുന്നു ഒരുഭാഗത്ത് എങ്കില്‍, നിരപരാധികളെ കല്‍തുറുങ്കിലടച്ച്. നിരാശ്രയത്വത്തിന്റെ നൊമ്പരം ഉള്ളിലൊതുക്കി കാലങ്ങള്‍ കഴിച്ച് കൂട്ടുന്ന നീധിക്ക് വേണ്ടി ദാഹിക്കുന്ന നിസ്സഹായര്‍ മറുഭാഗത്ത്...ഇതിനെതിരെ അധികാരവും അപ്പകഷ്ണവും നഷ്ടപ്പെടുമെന്ന അങ്കലാപ്പില്‍ ഉരിയാടാത്ത ജനനായകരും

    മറുപടിഇല്ലാതാക്കൂ
  21. "ശബ്ദ കോലാഹലങ്ങൾ കേട്ട് ഉണർന്ന മകൻ കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോൾ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ.'

    ഇവിടെ നായകന്‍ തീവവാദിയെന്നു കഥാകാരി ഉറച്ചു പറയുന്നു."കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ." എന്ന് പറയുമ്പോള്‍അയാള്‍ ഒരു മാതൃകാ പിതാവായിരുന്നില്ല എന്ന ധ്വനി വരുന്നു. സത്യത്തില്‍ അയാള്‍ തീവ്ര വാദിയയിരുന്നോ?
    നാം കണ്ടുവരുന്ന ചരിത്ര സത്യത്തിലേക്ക് കണ്ണോടിച്ചാല്‍, വര്‍ഷങ്ങളോളം തടവിലിട്ടു, പീഡിപ്പിച്ചു യുവത്വവും, ജീവിതവും ഹോമിക്കപ്പെട്ടു, അവസാനം നിരപരാധിയെന്ന്
    നീതിപീഠം വിധിയെഴുതി മോചിപ്പിച്ച സംഭവങ്ങള്‍ നാം കണ്ടതാണ്.
    മാതൃരാജ്യം ഒറ്റിക്കൊടുക്കുന്നവനെന്നു പോലീസുകാര്‍
    വിശേഷിപ്പിച്ച ഈ കഥയിലെ നായകനും, ഇനിയൊരിക്കലും
    ജീവിതം കാണില്ല എന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്ന സൂചന.
    "തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു."
    അതെ ഇനിയൊരിക്കലും അവള്‍ക്കു ഇരുട്ട് വെളുക്കില്ല.
    അതിനുള്ള വകയൊക്കെ പോലീസുകാര്‍ ഉണ്ടാക്കിക്കൊള്ളും

    ഭീകരാന്തരീക്ഷം സ്രിഷ്ടിച്ചുകൊണ്ടുള്ള പോലീസിന്റെ വരവ്,
    ശരിയായി ഉള്കൊള്ളും വിധം പറഞ്ഞു.വിപുലമായ ഒരാശയം കുറുകി മിനിയാക്കിയപ്പോള്‍ വായനക്കാരനെ ഒട്ടും സ്പര്‍ശിക്കാതെ പോയില്ലേ എന്ന തോന്നല്‍.
    ഭാവുകങ്ങള്‍
    ---ഫാരിസ്

    മറുപടിഇല്ലാതാക്കൂ
  22. ഗ്രേറ്റ്‌ സ്റ്റോറി ..താങ്ക്സ് ജുവൈരിയാ ...

    മറുപടിഇല്ലാതാക്കൂ
  23. ഗ്രേറ്റ്‌ സ്റ്റോറി ..താങ്ക്സ് ജുവൈരിയാ ...

    മറുപടിഇല്ലാതാക്കൂ
  24. ഒരുപാട് നല്ല വാക്കുകള്‍ ജുവൈരിയക്ക് അറിയാം പക്ഷെ അത് ഉപയോഗിക്കേണ്ട അവസരങ്ങലാണോ ജുവൈറിയ ഉപയോഗിച്ചത് .... ഇവിടെ
    "പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉമ്മറവാതിലിൽ... "
    ഇതിനു ഇത്രമാത്രം വര്‍ണന ആവിശ്യമുണ്ടോ ?
    എന്തോ ..എനിക്കിങ്ങനെ പറയാന്‍ തോനിയത് ..പിന്നെ ഈ വിഷയം ആദാരമാക്കി എഴുതുമ്പോള്‍ ശ്രദ്ദിക്കണം ..എന്താണ് അയാള്‍ ചെയ്ത തെറ്റു ..കൊച്ചു മകനുള്ള ..സ്വന്തം മാറിടത്തില്‍ പത്നിയെ കിടത്തി സ്വപ്നം കണ്ടു കിടക്കുന്ന ഒരാള്‍ എങ്ങിനെയാണ് terrorist ആകുന്നത്.. ,അഥവാ അയാള്‍ അങ്ങനെയാണെങ്കില്‍
    അയാളെ പരിജയ പെടുതിയത്തില്‍ പോരായ്മയുണ്ടോ എന്ന് ശ്രദ്ദിക്കുമല്ലോ,,കഥയുടെ പേരിലും മാറ്റം
    വരുത്താമായിരുന്നു ..നല്ലത് വരട്ടെ ....

    മറുപടിഇല്ലാതാക്കൂ
  25. തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു........

    മറുപടിഇല്ലാതാക്കൂ
  26. പൊയ്മുഖങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ അത് സഹിക്കുന്നവരോ..?
    നല്ല കഥ

    മറുപടിഇല്ലാതാക്കൂ