2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

കറികൂട്ട്

ഉച്ച വിശ്രമത്തിനായി അല്‍പ സമയം കിട്ടിയാല്‍ എന്റെ തലയണക്കടിയില്‍ പാതി മലര്‍ന്ന് കിടക്കുന്ന പ്രശസ്ത എഴുത്തുകാരന്റെ ആത്മ കഥയിലൂടെ ഒന്നു കണ്ണോടിക്കാമായിരുന്നു എന്ന ഉദ്ദേശത്തോടെയാണ് കാലത്ത് തന്നെ അടുക്കളയില്‍ കയറിയത്. നിത്യവും ഉറങ്ങും മുമ്പ് പത്ത് പേജെങ്കിലും വായിക്കണമെന്ന് കരുതിയാണ് തലണക്കടിയില്‍ ബുക്ക് വെക്കുന്നത് പക്ഷെ രണ്ട് പേജാകുമ്പോഴേക്കും കണ്ണുകള്‍ തുടര്‍ സഞ്ചാരം നിറുത്തി താനറിയാതെ കൂമ്പി പോകുകയാണ് പതിവ്.
പ്രഭാത ഭക്ഷണം തയ്യാറാക്കി വെച്ച് മുറ്റമടിക്ക ഒരുങ്ങുമ്പേഴാണ് പിറകില്‍ നിന്നും ആ വിളി കേട്ടത്.
ആയ്ച്ചുമ്മോ, എണീച്ചിട്ടില്ലേടീ?
ഏഷണി പാത്തുവിന്റെ ശബ്ദമാണ്. പുറത്താരെ കണ്ടാലും കണ്ട ഭാവം നടിക്കാതെ ഉമ്മാനെ നീട്ടിവിളിക്കും. അവരെ കാണുമ്പോള്‍ ഉമ്മ ഒച്ചയില്ലാതെ ഇങ്ങിനെ പിറുപിറുക്കും.
ഇന്റെള്ളാ, ഇന്നെന്റെ തോളത്തെ മലക്കുകള്‍ക്ക് പിടിപ്പതു പണിണ്ടാകും
ഓര്‍ക്കാപുറത്തിങ്ങനെ ഒരു വരവാണ് അവര്‍ക്ക്. ഈ നാട്ടിലെ എല്ലാ പുരയിലെ വര്‍ത്തമാനവും അവരുടെ പക്കലുണ്ടാവും. ഒരു നല്ല കേള്‍വിക്കാരിയെയാണു അവര്‍ക്കാവശ്യം.
ചായന്റെ ബെള്ളം ണ്ടാവോടീ?.. കടി മാണംന്നില്ല
എന്നെ നോക്കി ചോദിച്ചു. ചൂല് നിലത്തിട്ട് കൈ കഴുകി ഞാനകത്തേക്ക് കയറി ഭക്ഷണം വിളമ്പികൊടുത്തു.
ഇത്ര നേരത്തേ മീന്‍ കിട്ടിയോ ആയ്‌ച്ചോ…?
ഹസ്സന്റെ കൊട്ടേല്‍ നല്ല പെടക്കണ മത്തി കണ്ടപ്പോ വാങ്ങീതാ. ന്റെ മരോള് മത്തിക്കറി വെച്ചാല്‍ നല്ല രുചിയാ..
ഉമ്മ പറഞ്ഞു. കപ്പപുഴുക്കും മത്തിക്കറിയും അസ്വദിച്ച് കഴിക്കുന്നതു കണ്ടു. മത്തി ഒരു കേടും ല്ലാത്ത നല്ല മീനാണ് എന്നൊക്കെ വാ തോരാതെ സംസാരിക്കുന്നുമുണ്ടായിരുന്നു.
ഇനി വേണോ
ഞാന്‍ ചോദിച്ചു
മാണ്ട. ന്റെ കുട്ട്യോക്ക് ണ്ടാവൂല്ല
ഞാന്‍ വീണ്ടും കൊടുത്തു. അതു തിന്നാന്‍ തുടങ്ങും മുമ്പേ കറിയില്‍ കയിലിട്ടിളക്കി ഉമ്മാനോട് ഒരു ചോദ്യം.
മത്തി ജ്ജ് കൊര്‍ച്ചേ മാങ്ങീട്ട് ണ്ടാവൊള്ളൂ ല്ലേ ആയ്‌ച്ചോ
ഉമ്മ എന്നേ നോക്കി ആഗ്യം കാട്ടി. വീണ്ടും മീന്‍ കൊടുത്തു. കഴിച്ചു കഴിഞ്ഞു വിരല്‍ നക്കികൊണ്ട് മറ്റൊരു ചോദ്യം
ഈ ചാറ്റില് ജ്ജ് എന്തൊക്കെ ചേര്‍ത്തു?
ഞാന്‍ വളരെ ഉത്സാഹത്തോടെ പാചക വിധികള്‍ ഒന്നൊന്നായി പറഞ്ഞു കൊടുത്തു. എന്റെ പാചക വൈഭവം അവര്‍ക്കിഷ്ടമായതില്‍ സന്തോഷിക്കുക കൂടി ചെയ്തു. എന്റെ ഉമ്മ പഠിപ്പിച്ചത് പോലെ ഉപ്പും മുളകും തക്കാളിയും ഇഞ്ചിയും ഉലുവയും മസാലപൊടികളും മണ്‍ ചട്ടിയിലിട്ട് കൈകൊണ്ട് തിരുമ്മി പാകപ്പെടുത്തി കറി തിളച്ചിട്ട് മീന്‍ ചേര്‍ത്ത് കൊടുക്കുക.
പുളിം ഉലുവിം ഞ്ചിം, ഒക്കെ ഇട്ടിട്ടുണ്ടല്ലേ? ന്നിട്ട് കയ്യോണ്ട് നല്ലോണാം തിരുമ്മോം ചെയ്യാം. അങ്ങനല്ലെ ജ്ജ് പറഞ്ഞത്
അതെ എന്ന് ഞാന്‍ തലയാട്ടി
ആ, അതെന്നെ ഇതു ഒരു ചൊയീം പുളില്ലാത്ത ഒരു ചാറ്റിന്റെ ബെള്ളം കൂട്ട്ണ മാതിരി. ഞാന്‍ കൂട്ടീന്നൊള്ളൂ. ഞാനൊക്കെ ബെച്ചുണ്ടാക്കുന്നത് കൂട്ട്യാലും കൂട്ട്യാലും മത്യാവൂലേനു. ന്റെ ആയ്‌ച്ചോ ഇപ്പത്തേ കുട്ട്യ്യോള് കെട്ടിച്ചോലും പടിച്ചാന്‍ പോകല്ലേ. പിന്നെങ്ങന്യാ ചൊയീം പുളീള്ളതു ഈറ്റിങ്ങള്‍ക്കു ണ്ടാക്കാനറ്യോ. വീടു പണി പടിപ്പിച്ചാതെ വിട്ണ മ്മാരെ പറഞ്ഞാല്‍ മതീല്ലൊ
കണ്ണു നിറഞ്ഞ എന്നേ നോക്കി സാരമാക്കേണ്ട എന്ന് ഉമ്മ കണ്ണിറുക്കി.



24 അഭിപ്രായങ്ങൾ:

  1. "ആ, അതെന്നെ ഇതു ഒരു ചൊയീം പുളില്ലാത്ത ഒരു ചാറ്റിന്റെ ബെള്ളം കൂട്ട്ണ മാതിരി. ഞാൻ കൂട്ടീന്നൊള്ളൂ"

    ചിരിച്ച് വായിച്ചെങ്കിലും ശരിക്ക് ഇങ്ങിനെയൊന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ മുഖഭാവം ഒന്ന് സങ്കല്പിച്ച് നോക്കട്ടെ.

    (അതൊക്കെ പോട്ടെ, നമ്മടെ ഹൈനക്കുട്ടി സുഖായിട്ടിരിക്കുന്നോ)

    മറുപടിഇല്ലാതാക്കൂ
  2. ഹാ പോട്ടെന്നേ, പ്രായമായവരങ്ങിനെ പലതു പറേം.. :)

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ അന്നേ നിന്നോട് പറഞ്ഞു വെറുതെ ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്ന് .കൊടുത്താല്‍ കൊല്ലത്തും കിട്ടും ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ നാട്ടിലും കാണും ഇങ്ങിനെ സമാനസ്വഭാവമുള്ള ചിലര്‍.. നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ
  5. കറിക്കൂട്ട് നന്നായി , സംഭാഷണം എഴുതുമ്പോള്‍ പാരഗ്രാഫില്‍ നിന്നു വിട്ടു എഴുതാന്‍ ശ്രമിക്കുമല്ലോ ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  6. അയല്‍ പക്കക്കാരി മീങ്കറിയും കൂട്ടി ആറ്റം പണി തന്നോ

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ ....ഇതൊരു മാതിരി എട്ടിന്റെ പണി ആയിപ്പോയല്ലോ ..അടുത്ത പ്രാവശ്യം കുറച്ചു വിം ചേര്‍ത്ത് കൊടുത്താല്‍ മതി :-)

    മറുപടിഇല്ലാതാക്കൂ
  8. ഇങ്ങള് ബേജാരാവണ്ടട്ടോ ...ഒന്നും കൂടി രുചികൂട്ടാന്‍ വേണ്ടി പറഞ്ഞതാ ,,ഇങ്ങളെ ഒക്കെ പൊക്കി പ്പറഞ്ഞാല്‍ പിന്നെ കറിക്ക് ടേസ്റ്റ് കുറയും എന്ന് അവര്‍ക്കറിയാം ,,,അതുകൊണ്ടാ ...

    മറുപടിഇല്ലാതാക്കൂ
  9. കറി ചട്ടിയുടെ അകത്ത് ഫോട്ടോഷോപ്പില്‍ ഇട്ടു വരട്ടി എടുത്ത കപ്പപ്പുഴുക്കു വച്ച് ആളെ പറ്റിക്കുന്ന പാര്‍ട്ടി അല്ലെ ..? ഈ കള്ളത്തരം ഏഷണിക്കാരി എന്ന് വിളിച്ചു കളിയാക്കുന്ന പാത്തൂമ്മായ്ക്ക് നന്നായി അറിയാം .അതുകൊണ്ടാ അവര്‍ ഉള്ളത് ഉള്ളത് പോലെ പറഞ്ഞത് വേറൊന്നു നോക്കണേ ...ഉറങ്ങണം എങ്കില്‍ പ്രശസ്ത സാഹിത്യകാരന്റെ ആത്മകഥ തന്നെ വേണം പോലും! ന്റെ റബ്ബേ ..അയാള്‍ ചെയ്ത പാപമേ ...!!!

    മറുപടിഇല്ലാതാക്കൂ
  10. അപ്പോ പറയാൻ പറ്റിയ മറുപടി : അയ്യേ ഞാൻ അങ്ങനെയല്ല കറി വച്ചത്..പറ്റിച്ചതാണേ..(കിലുക്കത്തിൽ തിലമ്ന് പാത്രം കഴുകിയോ എന്ന് ചോദിച്ചതിന് ഇന്നച്ചന്റെ മറുപടി ഓർക്കുക..) ..

    കമന്റിൽ കുരുത്തവർ കറിയിൽ വാടരുത് !

    മറുപടിഇല്ലാതാക്കൂ
  11. ഹോ... ഇത് രു മാതിരി ബ്ലോഗും വായിപ്പിച്ചു, കമന്റും വാങ്ങിച്ചു, എന്നിട്ടും ബ്ലോഗര്‍ക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയല്ലോ

    മറുപടിഇല്ലാതാക്കൂ
  12. ഇന്നുള്ള പുതിയ കുട്ടികൾ ഇതൊക്കെ വായിക്കട്ടെ , നന്നായി എഴുതി

    ആശസകൾ

    മറുപടിഇല്ലാതാക്കൂ
  13. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഡബ്ള്‍ എം എ ഒക്കെയുണ്ടായിട്ടെന്താ..ഡബ്ള്‍ ഹാംലെറ്റ് ഉണ്ടാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്കറിയ്വോ? ആ ഉമ്മ പറഞ്ഞത് നേരായിക്കൂടെ? ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. വയറു നിറഞ്ഞു കഴിഞ്ഞാപ്പിന്നെ കുറ്റം പറഞ്ഞില്ലെങ്കില്‍ എങ്ങിനെയാ ...?? :)

    മറുപടിഇല്ലാതാക്കൂ
  15. ർസൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ ആഹ്.... എന്ത് രുചി. ഇപ്പം ഇച്ചിരി തിന്നാൻ തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  16. "ഇന്റെള്ളാ, ഇന്നെന്റെ തോളത്തെ മലക്കുകൾക്ക് പിടിപ്പതു പണിണ്ടാകും"

    ഹാ ഹ അഹാ ഹാ ഹാ . എന്താ അയലോക്കത്തൂള്ള ആയ്ച്ചാത്ത വീട്ടിൽ വന്ന് അമ്മോട് സംസാരിച്ചിരിക്കണ പോലെ. നന്നായിരിക്കുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  17. ഏഷണിക്ക് വേറെ വിഷയമൊന്നും കിട്ടിക്കാണില്ല...
    ഏതായാലും കിട്ടേണ്ടത് കിട്ടിയല്ലോ, ഇനിയെങ്കിലും കറി നന്നാക്കിക്കോ...

    സ്ത്രീകള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന വ്യത്യസ്തമായ പ്രമേയം...കറി പോലെയായില്ല, നന്നായി...:)

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ