2011, ജൂലൈ 9, ശനിയാഴ്‌ച

ഫ്രീഡം

ന്ന്  കാലത്ത് ഇരുപതുകാരി മകൾ എനിക്കു നേരെ തൊടുത്തുവിട്ട ഒരു അസ്ത്രമായിരുന്നു ഫ്രീഡം എന്ന വാക്ക്. മൂർച്ചയേറിയ മുനയുള്ള  ധാരാളം അമ്പുകൾ അവളുടെ  ആവനാഴിയിൽ നിന്നും ഇടയ്ക്കെ പ്പോഴൊക്കെയോ എന്റെ മനസ്സിൽ കുത്തിത്തറച്ച് രക്തം ചിന്താറുള്ളതാണ്.ഇന്ന് ഇത് പ്രയോഗിക്കാനുണ്ടായ കാരണമോ?... ചുരുക്കിപ്പറയാം.....


    നാലു ദിവസം മുമ്പ് ജലദോഷമായി വന്ന അസ്വസ്ഥത  എന്റെ മടക്കുകളെയെല്ലാം തുരുമ്പെടുത്ത വിജാഗിരി കണക്കെ മുറുക്കം വ യ്പ്പിച്ചിട്ടുണ്ടായിരുന്നു.

എന്നിട്ടും  മതിയാകാതെ മിനിഞ്ഞാന്ന് മുതൽ നല്ല പനിയും ചുമയും.അസുഖം വന്നെന്നു കരുതി  അടങ്ങി ഇരിക്കാനാകുമോ ? വീട്ട്  പണി എന്ന തീരാപ്പണി   നിലയില്ലാക്കയത്തിലെ ചുഴികള്‍ കണക്കെ തിരക്കുകളുടെആഴങ്ങളിലെത്തിക്കുമ്പോൾ വിശ്രമിക്കാന്‍ സാവകാശമെവിടെ ? .

എല്ലാം ഒതുക്കി വെച്ച് കിടക്കുമ്പോഴേ ഉറങ്ങിപ്പോകും  .വളരെ പെട്ടെന്ന് പുലർച്ചയുടെ കിളിശബ്ദം കേൾക്കാം.ഉറക്കച്ചടവ് മാറാതെ ചിമ്മിക്കൊണ്ടിരിക്കുന്ന  കണ്ണുകളുമായി  കിടന്നു കൊണ്ടു  തന്നെ
അന്നത്തെ ജോലികള്‍  മുന്‍ ഗണനാ  ക്രമത്തില്‍ ഓര്ത്തു വയ്ക്കും . .കണക്കുകൂട്ടലുകൾക്കൊടുവിൽ  പിടഞ്ഞെണീറ്റ്  പ്രഭാതക്യത്യങ്ങളിലുടെയൊരു ഓട്ട പ്രദിക്ഷിണം നടത്തി 

പണികളുടെ ലോകത്തേക്ക്  കയറിക്കഴിഞ്ഞാൽ പിന്നെ നിന്ന് തിരിയാന്‍ പറ്റാതാകും .എത്ര  മെരുക്കിയാലും മെരുങ്ങാത്ത ഒരു കാട്ടു മൃഗത്തെപ്പോലെ  ഒതുക്കമില്ലാത്ത അടുക്കള . .അചഛനും
മകൾക്കും എടുത്ത സാധനങ്ങൾ യഥാസ്ഥാനത്ത് വെക്കുന്ന സഭാവം ഇല്ലാത്തത് കൊണ്ട്
ജോലി ഭാരം ഇരട്ടിക്കും .

      മിനിഞ്ഞാന്ന് വന്ന പനിക്കുട്ടൻ എന്നെ മൂടിപ്പുതപ്പിച്ചിട്ടെ അടങ്ങിയുള്ളൂ .

 .പൊടിയരിക്കഞ്ഞി വെച്ചു കിടക്കക്കരികിൽ കൊണ്ടുവന്നു നൽകാനൊന്നും ആരുമില്ല . കല്ലു വിഴുങ്ങുന്ന കഷ്ടപ്പാടോടെ ചോറ് തിന്നാൻ പാടുപെടുന്ന എന്നെ നോക്കി സഹതാപത്തിന്റെ ചുളിവുകൾ തീർത്ത മുഖവുമായി ഭർത്താവ് ചോദിക്കുകയാണ് :-

"എന്തിനാ ഇത്ര കഷ്ടപ്പെട്ട് ചോറ് കഴിക്കുന്നത്‌ ?അൽ‌പ്പം കഞ്ഞി വെച്ച് കൂടായിരുന്നോ ?" എന്ന് !

പറഞ്ഞുവന്നത് പനിയുടെ ചൂട് അല്പമൊന്നു കുറഞ്ഞപ്പോൾ
ഇന്ന് വീണ്ടും 'ഡൂട്ടി'യിൽ കയറി.

ഉച്ചതിരിഞ്ഞ് കിട്ടിയ ഇടവേളയിൽ കുറച്ചു നാള്‍ മുമ്പ് വായിച്ചു പാതിയാക്കി വച്ച  മാധവിക്കുട്ടിയുടെ യുടെ  ആത്മ കഥ തുടര്‍ന്ന് വായിക്കാമെന്ന ചിന്തയോടെ പുസ്തക ഷെൽഫ് പരതി.

പൊടിയും മാറാലയും പിടിക്കാതെ കാത്തു സൂക്ഷിച്ചപുസ്തകങ്ങൾക്കിടയിലൂടെ ചിതലുകൾ നാലുവരി പാതയായി സഞ്ചാരം തുടങ്ങിയിക്കുന്നു!.

 വേവലാതിയോടെ പുസ്തകങ്ങൾ ഓരോന്നായി എടുത്തുനോക്കി.ചിലതിന്റെ അരികുകളെല്ലാം
കശ്മലന്മാർ തിന്നുതീര്‍ത്തിരിക്കുന്നു.

രണ്ടുദിവസം തന്റെ ശ്രദ്ധ പതിക്കാതിരുന്നപ്പോൾ ഇതാണ് അവസ്ഥ.പനിച്ചു കിടന്നിരുന്ന തന്റെ മേലിൽ ചിതല്‍  പിടിക്കാതിരുന്നത് തന്നെ വലിയ ഭാഗ്യം.

                      പുതുമണിവാട്ടിയായി തറവാട്ടിന്റെ പടിവാതിൽ കയറിവന്ന നാൾതൊട്ടേ നിറയെ ചിത്രപ്പണികൾ തീർത്ത ചില്ല് അലമാരി എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.
അന്ന് അടുക്കും ചിട്ടയുമില്ലാമില്ലാത്ത സാമഗ്രികൾ കുമിഞ്ഞുകൂടിയത് അലമാരയുടെ സൗന്ദര്യത്തിന്‌  മങ്ങലേല്‍പ്പിച്ചി രുന്നു.  

ജീവിതയാത്രയിൽ എന്നും   ആത്മ മിത്രങ്ങളെപ്പോലെ പോലെ കൊണ്ട് നടന്ന  പുസ്തകങ്ങള്‍  ഓരോന്നായി അതിലേക്ക് കടന്നു കയറാൻ തുടങ്ങി. ആൾത്താമസം കൂടിയപ്പോൾ സ്ഥലപരിമിതി മൂലം തിക്കിതിരക്കി കിടന്ന ഉപയോഗശൂന്യമായതിനെയെല്ലാം പുറത്താക്കി പടിയടച്ചു.അതോടെ എന്റെ ചങ്ങാതിമാർക്ക് സ്വസ്ഥമായി വിശ്രമിക്കാനുള്ള മനോഹരമായ ഒരു വീടായി ആ   ചില്ല് അലമാര .
 വർഷങ്ങൾക്കപ്പുറം സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും പരവതാനി വിരിച്ച് യഥേഷ്ടം സഞ്ചരിച്ചിരുന്ന കാലം ,അസ്തമയ സൂര്യനെയോ നിലാവുള്ള ആകാശത്തെ യോ നോക്കി ചിന്തകളേതുമില്ലാതെ ഭാരമില്ലാത്ത മനസ്സുമായി വെറുതെ ഇരിക്കാൻ ആഗ്രഹിച്ച കാലം.

വായിക്കാതിരിക്കുന്ന അവസ്ഥ  ആത്മാവില്‍ വല്ലാത്ത വിശപ്പ് ഉണ്ടാക്കിയിരുന്നു അന്നൊക്കെ .വാങ്ങാനാകാത്ത മികച്ച പുസ്തകങ്ങള്‍  എന്നെ നിരാശപ്പെടു ത്തി യിരുന്നു .കേൾക്കാനാളില്ലാത്ത എന്റെ കിന്നാരവും കാണാനാളില്ലാത്ത കവിൾ ശോഭയും ഞാൻ അവയുടെ താളുകളിൽ സമർപ്പിച്ചു.

                   സ്വകാര്യ ദുഃഖങ്ങൾ പങ്കുവെക്കാൻ ആത്മസുഹൃത്തിനായി കൊതിച്ച കാലം,നല്ല ചങ്ങാതിയായി സ്നേഹത്തിന്റെ വർണങ്ങളും ആശ്വാസത്തിന്റെ കരണങ്ങളും ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കരുത്തും അവ എനിക്കായി മലർക്കെ തുറക്കുക തന്നെ ചെയ്തു.

അങ്ങിനെ  എനിക്കെല്ലാമായിരുന്ന പുസ്തകങ്ങളാണിന്നു് ചിതൽ ആഹാരമാക്കിയത്.ഇതല്ലാം ഒന്ന് ശ്രദ്ധിച്ചിരുന്നരുന്നെങ്കിൽ എന്നു പറഞ്ഞ്  മകളെ നോക്കി നെടുവീർപ്പിട്ടപ്പോഴാണ് ,
"അമ്മഒരു ഫ്രീഡവും നൽകില്ല" എന്നവൾ പറഞ്ഞത്.

അമ്മ എന്നവൾ വല്ലപ്പോഴും മാത്രം വിളിക്കും.മമ്മി എന്ന അഭിസംബോധന എനിക്ക് വെറുപ്പാണന്ന കർശമായ നിർദേശത്തിൽ വേറെവഴിയില്ലാതാകുമ്പോൾ അവൾ വിമ്മിട്ടത്തോടെ അമ്മ എന്ന് വിളിച്ചു. നിർവികാരമായി...

              മകളുടെ വളർച്ച പെട്ടെന്നായിരുന്നു.ചില സമയത്ത് അവൾ എന്നേക്കാൾ ഉയരത്തിലെത്തി നിൽക്കുന്നു.ആദ്യ ഗർഭത്തിന്റെ ആലസ്യം മേനിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയ നാൾ മുതലേ ജനിക്കുന്നത് ആണാ  യാലും പെണ്ണായാലും തനിക്ക് ലഭിക്കാതെ പോയ സുഖസൗകര്യങ്ങൾ കൊടുക്കണമെന്നാഗ്രഹിച്ചു.

സുഖസൗകര്യങ്ങളെന്നുദ്ദേശിച്ചത്  കുമിഞ്ഞുകൂടിയപണവുംമികച്ചഭൗതികസൗകര്യങ്ങളുമായിരുന്നില്ല.
ചുറ്റുപാടുകളെ അറിഞ്ഞ് സഹജീവികളോട് സ്നേഹം നില നിർത്തി,മണ്ണിനെയും വയലിനെ യും പുഴയെയും കടലിനെയും കണ്ടും തൊട്ടും തലോടിയും അതിന്റെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് ഓരോന്നിന്റെയും ആഴവും പരപ്പും മനസ്സിലാക്കിക്കെക്കൊടുക്കണം.

ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും കവലറ കാണിച്ച് പ്രകൃതിയുടെ മായാജാലം കുഞ്ഞിന്റെ ഉള്ളിൽ അമൂല്യമായൊരു അനുഭവമായി നിറയ്ക്കണം  .  നന്മയും തിന്മയും നെല്ലും പതിരും പോലെ വേർതിരിച്ചു നല്‍കണം .   
ഇതിനെല്ലാമുപരി ശരീര വളർച്ചക്ക് പോഷക സമ്പുഷ്ടമായ ആഹാരവും മാനസിക വളർച്ചക്ക് പ്രായമനുസരിച്ച് വായനാ ശീലവും വളർത്തിയെടുക്കണം.

     എന്റെ മാറിടത്തിലമർന്ന് അമൃത് നുണയാൻ വെമ്പൽകൊള്ളുന്ന നവജാത ശിശുവിനെ നോക്കി ദൈവം ആയുസ്സ് നൽകുകയാണങ്കിൽ തന്റെ ആഗ്രഹങ്ങൾ ഏതു വിധത്തിൽ സഫലീകരിക്കണമെന്ന കണക്കു കൂട്ടലിലായിരുന്നു ഈ അമ്മ .

    ആറു മാസം വരെ ആഹാരമൊന്നും കൊടുത്തതേ ഇല്ല.മാറിടത്തിനു് ഇടിവ് പറ്റുമൊന്ന ആധിയേതുമില്ലാതെ മതിയാവോളംകൈകാലിട്ടിളക്കി മുഷ്ടി ചുരുട്ടി അവൾ ആവശ്യപ്പെട്ട പ്പോഴൊക്കെമുലപ്പാൽ നൽകി.ബേബി ഫുഡിന്റെ മായം ഇളം ശരിരത്തിൽ കലരരുതെന്ന് കരുതി .വെന്ത വെളിച്ചണ്ണ തേച്ചുകുളിപ്പിച്ചു,ബാല്യത്തിൽ തന്നെ പാടവും കുളവും കാണിച്ചു.

     സോപ്പിന്റെയും ഷാമ്പൂവിന്റെയും ഉപയോഗം കൊണ്ട് പരുപരുത്ത എന്റെ ശരീരവും ആനവാൽ പോലെ കടുത്ത മുടിയും മകൾക്കുണ്ടാകരുതന്ന ആശയിൽ കാച്ചണ്ണയും ചെറുപയർ പൊടിയും കടലപൊടിയും ചെമ്പരുത്തി താളിയും വരെ വീട്ടിൽ പകപ്പെടുത്തി.

      ഒരു കുഞ്ഞു തൈ ചെടി ആയിരുന്നപ്പോൾ വെള്ളവും വളവും എന്റെ ഇഷ്ടാനുസരണമായിരുന്നെങ്കിലും വളർന്ന് പന്തലിച്ച് തനിക്കാവശ്യമുള്ളതെല്ലാം സ്വയം വലിച്ചുച്ചെടുക്കാമെന്നായപ്പോൾ മനോഭാവം മാറി .

കാച്ചണ്ണയോടും ചെറുപയർ പൊടിയോടും പുച്ഛമായി.ഇതിന്റെ മണം പിടിച്ച് കൂട്ടുകാരികൾ അവളെ ആയൂർവേദ പ്രോഡക്ട് എന്ന് വിളിച്ച് പരിഹസിക്കുന്നുണ്ടുപോലും.എന്റെ വിയർപ്പിന്റെ മണമുണ്ടായിരുന്ന അവ യെല്ലാം അവൾ കുപ്പയിലെറിഞ്ഞു.

തിരഞ്ഞെടുത്ത് കൊടുത്തിരുന്ന നല്ല പുസ്തകങ്ങൾ മാറ്റിവെച്ച് സിനിമാ,മോഡലിങ് മാസികൾ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ എന്റെ കൗമാര കാലം അറിയായതെ ഉള്ളിൽ പീലിവിടർത്തി.വായനാ ലോകത്തെ കഥാപാത്രങ്ങളുമായി ആശയവിനിമയം നടത്തുകപോലും ചെയ്തിട്ടുണ്ട് അന്ന് .

  പുലർകാലത്തെ മഞ്ഞുമൂടിയ വയൽ വരമ്പിലൂടെ സന്ധ്യയുടെ സിന്ദൂര വര്‍ണമാസ്വദിച്ച്  നിത്യവും രണ്ട് നേരം നടക്കാമെന്ന് ഒരിക്കൽ ഞാന വളോട് പറഞ്ഞു.നടത്തം ആരോഗ്യത്തിന് നല്ലതു തന്നെ.പക്ഷേ,നാട്ടുകാരുടെ വായ് നോക്കി നടക്കാനൊന്നും എന്നെ കിട്ടില്ല.പൂര്‍ണമായും എന്നെ അവള്‍ അവഗണിച്ചില്ല പകരം അച്ഛനോട് പറഞ്ഞ് എറ്റവും പുതിയ ട്രെഡ്മില്ലർ ,വാങ്ങി ഹാളിന്റെ കോണിൽ സ്ഥാപി ച്ചു.

    തൊടിയുടെ പടിഞ്ഞാറ് വശത്തുള്ള ചുറ്റുപടവുകൾ തീർത്ത തറവാട്ടു സ്വത്തായി ലഭിച്ച കുളം ഇന്നും സംരക്ഷിച്ചു വരുന്നുണ്ട്.ചുറ്റുപാടുകളിലെ സ്ത്രീകൾക്ക് വേനൽ കാലത്തിന് ആശ്വാസമായി ഇന്നും സൗന്ദര്യവതിയായി  ആ കുളം നിലനിൽക്കുന്നു.മോൾ പുതുതായി ആവശ്യമുന്നയിച്ചിട്ടുള്ളത് വീടിനകത്ത്  ഒരു സ്വിമ്മിങ് പൂൾ നിർമ്മിക്കണമെന്നാണ്. കുളം കാലങ്ങളായി  പല ജാതി മനുഷ്യരുടെ ചളിയും വിയർപ്പും നിറഞ്ഞ മലിന ജലം പേറുന്നതാണ്  .അസുഖങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇടം.
അവൾ ന്യായങ്ങൾ നിരത്തുന്നത് കണ്ടപ്പോൾ  പിഴച്ച കണക്കുകൾ ഒരു വട്ടം  കൂടി കൂട്ടിയും കിഴിച്ചും  ശരിയാക്കാൻ പറ്റുമോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .

          മകൾക്കായി വർഷങ്ങളോളം കാത്തുവെച്ച പുസ്തകങ്ങളിൽ ചിതലുകളൂടെ കടന്നാക്രമണം.താൻ കണ്ട സ്വപ്നങ്ങൾ ,മകൾക്കായി കരുതി വെച്ചതൊക്കെയും മണലിൽ വരച്ച വരപോലെ കാല ക്കടല്‍ തിരകളില്‍ മാഞ്ഞു പോയില്ലേ !

  തനിക്ക് പിഴച്ചതെവിടെയാണ് ? ഓർമ്മകളിലേക്ക് പുറം തിരിഞ്ഞ് നോക്കി... ഭർത്താവിന്റെ താല്പര്യം കൊണ്ട് മാത്രം മകളുടെ പഠനം ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി.ആധുനികതയുടെ പളപളപ്പായിരിക്കാം അവൾ അവിടെ നിന്നും ഒപ്പിയെടുക്കാൻ ശ്രമിച്ചതു.തെളിച്ച വഴിയെ പോകുന്നില്ല എങ്കിൽ പോണ വഴിയെ തെളിക്കുകയോ?

      കാലം ദ്രുതഗതിയിൽ കടന്നുപോകുന്നു.എന്റെ സ്വപ്നങ്ങളിൽ അവളെ ഞാന്‍ മുക്കിക്കൊല്ലുന്നില്ല.സ്വന്തമായി അവൾ സ്വപ്നങ്ങൾ വിരിയിക്കട്ടെ .അവളുടെ മുഖത്തിനും, മേനിക്കും, മാർദവം ലഭിക്കാൻ മെയ്ക്ക്പ്പിനാകുമെങ്കിൽ കണ്ടീഷണറും ഹെന്നയും മുടി കൂടുതൽ തിളക്കമുറ്റുന്ന താകുന്നുവെങ്കിൽ  അവളുടെ വിചാരങ്ങൾക്ക് ആധുനികതയുടെ പകിട്ട്  ഉണ്ടാകുന്നുവെങ്കിൽ കാലത്തിനൊത്ത് കോലം കെട്ടുക തന്നെ.

അല്ലാത്ത പക്ഷം തന്റെ മകൾ അമ്മ മലയാളത്തെ വിക്കി വിക്കി മാത്രം പറയാൻ ശീലിച്ച ഇന്നത്തെ യുവതലമുറയിൽ നിന്നും ഒറ്റപ്പെട്ടുപോകില്ലേ?...
                           




.